Saturday, July 27, 2024

HomeMain Storyഇ-റുപ്പിയുടെ പ്രവര്‍ത്തനം എങ്ങനെ; ഉപഭോക്താവിനുള്ള നേട്ടം എന്ത്...അറിയാം

ഇ-റുപ്പിയുടെ പ്രവര്‍ത്തനം എങ്ങനെ; ഉപഭോക്താവിനുള്ള നേട്ടം എന്ത്…അറിയാം

spot_img
spot_img

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പേയ്‌മെന്റിനായുള്ള പണരഹിത സമ്പര്‍ക്കരഹിത ഉപാധിയായ ഇ-റുപ്പിയ്ക്ക് ഓഗസ്റ്റ് 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു കഴിഞ്ഞു. നേരിട്ടുള്ള പണ കൈമാറ്റം (ഡയറക്റ്റ് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ D.B.T ) കൂടുതല്‍ ഫലപ്രദമാക്കി മാറ്റുന്നതില്‍ ഇ-റുപ്പി വൗച്ചര്‍ വലിയ പങ്ക് വഹിക്കുമെന്നാണ് സേവനം ലോഞ്ച് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത്.

ഇന്ത്യയിലെ ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയ്ക്കും ഇ-റുപ്പി പുതിയ മാനം നല്‍കും. ജനങ്ങളുടെ ജീവിതം സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് ഇന്ത്യ എങ്ങനെ സുഗമമായി പുരോഗമിക്കുന്നു എന്നതിന്റെ പ്രതീകമാണ് ഇ-റുപ്പി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ-റുപ്പി അടിസ്ഥാനപരമായി ഒരു ഡിജിറ്റല്‍ വൗച്ചറാണ്. അത് ഒരു SMS അല്ലെങ്കില്‍ QR കോഡ് രൂപത്തില്‍ ഗുണഭോക്താവിന്റെ ഫോണില്‍ ലഭിക്കും. ഇത് ഒരു പ്രീപെയ്ഡ് വൗച്ചറാണ്. ഇ-റുപ്പി സ്വീകരിക്കുന്ന ഏത് കേന്ദ്രത്തിലും സമര്‍പ്പിച്ച് കൈവശക്കാര്‍ക്ക് അത് പ്രയോജനപ്പെടുത്താവുന്നതാണ്.

ഉദാഹരണത്തിന്, ഒരു നിര്‍ദ്ദിഷ്ട ആശുപത്രിയില്‍, ഒരു ജീവനക്കാരന് ഏതെങ്കിലും പ്രത്യേക ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പങ്കാളിയായ ബാങ്ക് വഴി നിശ്ചയിച്ച തുകയ്ക്ക് ഒരു ഇ-റുപ്പി വൗച്ചര്‍ നല്‍കാന്‍ കഴിയും. ജീവനക്കാരന് അവന്റെ ഫീച്ചര്‍ ഫോണ്‍/സ്മാര്‍ട്ട് ഫോണില്‍ ഒരു SMS അല്ലെങ്കില്‍ ഒരു QR കോഡ് ലഭിക്കും. നിര്‍ദ്ദിഷ്ട ആശുപത്രിയില്‍ പോയി സേവനങ്ങള്‍ പ്രയോജനപ്പെടുത്താനും ഫോണില്‍ ലഭിക്കുന്ന ഇ-റുപ്പി വൗച്ചര്‍ വഴി പണമടയ്ക്കാനും കഴിയും.

കാര്‍ഡ്, ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവയില്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് വൗച്ചര്‍ വഴി സേവനം ലഭ്യമാക്കാന്‍ സഹായിക്കുന്ന ഒറ്റത്തവണ സമ്പര്‍ക്കരഹിത, പണരഹിത വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള പണമടവ് രീതിയാണ് ഇ-റുപ്പി.

സിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കൊണ്ടുവരാന്‍ ആലോചിക്കുന്ന ഡിജിറ്റല്‍ കറന്‍സിയും ഇ-റുപ്പിയും ഒന്നല്ല. ഇത് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാകേണ്ടതില്ല. നിര്‍ദ്ദിഷ്ട വ്യക്തിയ്ക്ക് ഉദ്ദേശിക്കുന്ന സേവനം ലഭ്യമാക്കാനുതകുന്ന വൗച്ചര്‍ ആണ് ഇ-റുപ്പി.

മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇ-റുപ്പി പ്രയോജനപ്പെടുത്താന്‍ ഗുണഭോക്താവിന് ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണമെന്നില്ല. വ്യക്തിഗത വിശദാംശങ്ങള്‍ പങ്കിടാതെ രണ്ട്ഘട്ടത്തില്‍ (ടു സ്‌റ്റെപ്) നിര്‍ദ്ദിഷ്ട സേവനം ലഭ്യമാകും. മറ്റൊരു നേട്ടം, ഇറുപ്പി സാധാരണ ഫോണുകളിലും പ്രവര്‍ത്തിക്കുന്നു എന്നതാണ്. സ്മാര്‍ട്ട് ഫോണുകള്‍ ഇല്ലാത്തവര്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത സ്ഥലങ്ങളിലും ഇത് ഉപയോഗിക്കാന്‍ കഴിയും.

നേരിട്ടുള്ള പണ കൈമാറ്റ നടപടികളെ ശാക്തീകരിക്കുന്നതിനും ഇടപാടുകള്‍ കൂടുതല്‍ സുതാര്യമാക്കാനും ഇ-റുപ്പി ഒരു വലിയ പങ്ക് വഹിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. വൗച്ചറുകള്‍ വിതരണം ചെയ്യേണ്ട ആവശ്യകത ഇല്ലാത്തതിനാല്‍, ആ രീതിയിലും കുറച്ച് ലാഭം ഇതിലൂടെ ഉണ്ടാകും.

പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ ഡിജിറ്റല്‍ പണം ഇടപാടുകളുടെ മേല്‍നോട്ടം വഹിക്കുന്ന നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (N.P.C.I), ആണ് ഒരു വൗച്ചര്‍ അധിഷ്ഠിത ഇടപാട് സംവിധാനമായ ഇ-റുപ്പിയ്ക്ക് തുടക്കമിട്ടത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, സാമ്പത്തിക സേവന വകുപ്പ്, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇത് വികസിപ്പിച്ചത്.

ഇ-റുപ്പി ഇടപാടുകള്‍ക്കായി രാജ്യത്തെ 11 ബാങ്കുകളുമായി N.P.C.I ധാരണയിലെത്തി കഴിഞ്ഞു. ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, കൊടക് മഹിന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് അവ.

ഭാരത് പേ, BHIM ബറോഡാ മെര്‍ച്ചന്റ് പേ, പൈന്‍ ലാബ്‌സ്, PNB മെര്‍ച്ചന്റ് പേ, YoNo SBI മെര്‍ച്ചന്റ് പേ എന്നീ ആപ്ലിക്കേഷനുകളിലും ഇത് ലഭ്യമാണ്. കൂടാതെ, കൂടുതല്‍ ബാങ്കുകള്‍ ഇ-റുപ്പി സംവിധാനത്തില്‍ ഉടന്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രാരംഭ ഘട്ടം എന്ന നിലയില്‍ രാജ്യത്തെ 1600 ലേറെ ആശുപത്രികളില്‍ ഇ-റുപ്പി ഉപയോഗിക്കുന്നതിന് N.P.C.I ധാരണയില്‍ എത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്കുള്ള പ്രയോജനങ്ങള്‍ വിതരണം ചെയ്യുന്നതിന് സ്വകാര്യമേഖലയും, B2B ഇടപാടുകള്‍ക്കായി MSMEകളും ഇ-റുപ്പി ഉപയോഗിക്കുന്നതിലൂടെ വരും ദിവസങ്ങളില്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments