പി.പി.ചെറിയാന്‍
ചിക്കാഗോ: ചിക്കാഗോ സൗത്ത് സൈഡില്‍ ശനിയാഴ്ച രാത്രി വാഹന പരിശോധനക്കിടയില്‍ വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ വെടിയുതിര്‍ത്തതിനെ തുടര്‍ന്നു 29 വയസ്സുള്ള വനിതാ ഓഫീസര്‍ എല്ലാ ഫ്രഞ്ച് (ELLA FRENCH) കൊല്ലപ്പെടുകയും, മറ്റൊരു ഓഫീസര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചിക്കാഗൊ പോലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗണ്‍ അറിയിച്ചു.
പോലീസ് തിരിച്ചു വെടിവെച്ചതിനെ തുടര്‍ന്നു കാറിലുണ്ടായിരുന്ന മൂന്നുപേരില്‍ ഒരാള്‍ക്കു പരിക്കേറ്റു. അയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്നുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഈഗിള്‍ വുഡില്‍ ശനിയാഴ്ച രാത്രി 9 മണിക്കാണ് സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട വനിതാ ഓഫീസര്‍ മൂന്നരവര്‍ഷം മുമ്പാണ് ചിക്കാഗൊ പോലീസില്‍ ചേര്‍ന്നത്.
1988 നു ശേഷം ഡ്യൂട്ടിക്കിടയില്‍ ചിക്കാഗോയില്‍ കൊല്ലപ്പെടുന്ന ആദ്യ വനിത ഓഫീസറാണ് എല്ല. ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന 39 വയസ്സുള്ള ഓഫീസര്‍ കഴിഞ്ഞ ആറുവര്‍ഷമായി സര്‍വ്വീസിലുണ്ടെന്ന് പോലീസ് ചീഫ് അറിയിച്ചു.
വെടിവെപ്പു സംഭവത്തില്‍ ചിക്കാഗൊ മേയര്‍ ലോറി ലൈറ്റ് ഫുട്ട് ഞെട്ടല്‍ പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കല്‍ നാം എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ടതാണെന്നും മേയര്‍ ആവശ്യപ്പെട്ടു. ഈ വാരാന്ത്യം നടന്ന വെടിവെപ്പില്‍ ചിക്കാഗോയില്‍ 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും, 10 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.