പരിയാരം (കണ്ണൂര്‍): പൊലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവിന്റെ കൂട്ടുകാരനായ കെട്ടിട നിര്‍മാണ കരാറുകാരനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച ബാങ്ക് ജീവനക്കാരി അറസ്റ്റില്‍.
കേരള ബാങ്ക് കണ്ണൂര്‍ ശാഖ ജീവനക്കാരി എന്‍.വി.സീമയെയാണ് (52) പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. സീമ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ജില്ലാ കോടതി തള്ളിയതിനു തൊട്ടു പിന്നാലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ചെറുതാഴം ശ്രീസ്ഥ അതിയടത്തെ കരാറുകാരന്‍ സുരേഷ് ബാബുവിനെ (55) വെട്ടിപ്പരുക്കേല്‍പിച്ച സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് ക്വട്ടേഷന്‍ ഏല്‍പിച്ചത് സ്ത്രീയാണെന്നു വെളിപ്പെട്ടത്. ഗ്രേഡ് എസ്‌ഐ ആയ ഭര്‍ത്താവിന്റെ സുഹൃത്തും അയല്‍വാസിയും ബന്ധുവുമായ സുരേഷ് ബാബുവിനെ ആക്രമിക്കാന്‍ 3 ലക്ഷം രൂപയ്ക്കാണു ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
സുരേഷ് ബാബുവിനെ വെട്ടി പരുക്കേല്‍പിച്ച ക്വട്ടേഷന്‍ സംഘത്തിലെ 5 പേര്‍ അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് സീമയുടെ പങ്ക് വ്യക്തമായതെന്നു പൊലീസ് അറിയിച്ചു. സുരേഷ് ബാബുവിനെ വെട്ടിയ കേസില്‍ 2 പേരെക്കൂടി പിടികൂടാനുണ്ട്.
പൊലീസ് ഉദ്യോഗസ്ഥനായ തന്റെ ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നതിലും കടം വാങ്ങിയ പണം തിരിച്ചു നല്‍കാത്തതിലുമുള്ള വിരോധത്തിലാണ് സുരേഷ് ബാബുവിനെ ആക്രമിക്കാന്‍ സീമ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. അതിയടത്തെ വീട്ടില്‍ കാറിലെത്തിയ നാലംഗ സംഘം കഴിഞ്ഞ ഏപ്രില്‍ 18ന് ആണ് സുരേഷ് ബാബുവിനെ മാരകമായി വെട്ടി മുറിവേല്‍പിച്ചത്.
നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39), തൈക്കടപ്പുറം കൃഷ്ണദാസ് (21)എന്നിവരെയാണ് സുരേഷ് ബാബുവിനെ വെട്ടിയ കേസില്‍ പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സീമ പരിയാരം മെഡിക്കല്‍ കോളജ് ജംക്ഷനില്‍ കച്ചവടം നടത്തുന്ന രതീഷുമായി ക്വട്ടേഷന്‍ ആവശ്യത്തിനു ബന്ധപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു. സീമയെ റിമാന്‍ഡ് ചെയ്തു.