കൊച്ചി: വാഴക്കാലയില്‍ ഒരു കിലോയിലേറെ ലഹരിമരുന്നു പിടികൂടിയ സംഭവത്തില്‍ സംശയത്തിന്റെ നിഴലിലായി ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. കേസില്‍ നേരിട്ടു ബന്ധമുണ്ടെന്നു വ്യക്തമായിട്ടും രണ്ടുപേരെ കേസ് ചാര്‍ജു ചെയ്യാതെ വിട്ടയച്ചത് ഇദ്ദേഹത്തിന്റെ നിര്‍ദേശത്തിലാണെന്നാണ് വിവരം. തൃശൂര്‍ പാവറട്ടി കസ്റ്റഡി മരണക്കേസില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥരിലൊരാള്‍ കൂടിയാണ് ഇദ്ദേഹം.
ലഹരി പിടികൂടി മഹസര്‍ തയാറാക്കിയ ഇന്‍സ്‌പെക്ടറുടെ പരിചയക്കുറവും അറിവില്ലായ്മയുമാണ് ഇപ്പോഴത്തെ വിവാദങ്ങളിലേക്കു നയിച്ചതെന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. സേനയിലെ പടലപ്പിണക്കവും ‘ക്രെഡിറ്റ്’എടുക്കാനുള്ള പിടിവലിയുമാണ് സംഭവത്തെ വിവാദങ്ങളിലേക്കു വലിച്ചിഴച്ചത്. ജനങ്ങള്‍ക്കിടയില്‍ എക്‌സൈസിന്റെ മതിപ്പുയര്‍ത്തുമായിരുന്ന നിര്‍ണായക കേസിലൂടെ സേനയുടെ മുഖം നഷ്ടപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു.
കേസന്വേഷണത്തില്‍ അട്ടിമറി നടന്നെന്ന ആരോപണം ഉയര്‍ന്നതോടെ കേസ് എക്‌സൈസ് ക്രൈംബ്രാഞ്ചിനു കൈമാറുന്നതിനു തീരുമാനിച്ചു. രണ്ടു യുവതികള്‍ ഒരു കിലോയിലേറെ വരുന്ന തൊണ്ടിമുതല്‍ ഒളിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നിട്ടും ഒരു യുവതിയെ പ്രതിയാക്കാതെ ഒഴിവാക്കിയതാണ് ജില്ലാ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് വിഭാഗത്തിനുനേരെ സംശയമുന ഉയര്‍ത്തിയത്.
തൊണ്ടിമുതലുകള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിലും വിലയേറിയ വസ്തുക്കള്‍ രേഖപ്പെടുത്തി പിടിച്ചെടുക്കുന്നതിലും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തി.
പ്രതികളെ തിരിച്ചറിയുന്നതിന് അന്വേഷണസംഘം വേണ്ടത്ര പരിശോധന നടത്താതിരുന്നതാണ് തിരിച്ചടിയായത്. സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും ഇവയൊന്നും പരിശോധിക്കാതെ തിരക്കുപിടിച്ച് എഫ്‌ഐആര്‍ ഇട്ടതും വിനയായി. ഏഴു പ്രതികളെ പിടിച്ചു കൊടുത്തിട്ടും അഞ്ചു പേരെ മാത്രം പ്രതിയാക്കിയതില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സിസിടിവി ദൃശ്യങ്ങള്‍ ചികഞ്ഞെടുത്ത്, വിട്ടയച്ച യുവതിയുടെയും യുവാവിന്റെയും ഇടപെടല്‍ പുറത്തു കൊണ്ടുവന്നത്. രണ്ടു യുവതികളും ചേര്‍ന്ന് ലഹരി ഒളിപ്പിക്കാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പ്രതികള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്നു കണ്ടെത്തിയ മാന്‍കൊമ്പ് മഹസറില്‍ ഉള്‍പ്പെടുത്തുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുന്നതിലും വീഴ്ചവന്നു. പ്രതികള്‍ ലഹരി കടത്തിന് ഉപയോഗിച്ചിരുന്ന മുന്തിയ ഇനം നായകളെ കസ്റ്റഡിയിലെടുത്ത് കൈമാറുന്നതിലും ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയത് വിവാദമായിരുന്നു. ഈ നായയെ ബന്ധുക്കള്‍ക്കു കൈമാറിയെന്നു വിശദീകരിച്ചെങ്കിലും ഇതു ശരിയല്ലെന്നാണ് ആക്ഷേപം. ഇക്കാര്യത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദേശം ഉദ്യോഗസ്ഥര്‍ പാലിച്ചില്ലെന്നും പറയുന്നു.
കഴിഞ്ഞ 19ന് രാവിലെയാണ് സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് സ്ക്വാഡും കസ്റ്റംസ് പ്രി!വന്‍റീവും ചേര്‍ന്ന് വാഴക്കാലയിലെ ഫ്‌ലാറ്റില്‍ ലഹരി സംഘത്തെ പിടികൂടുകയും ഇവരില്‍നിന്ന് 84 ഗ്രാം ലഹരി കണ്ടെടുത്ത് ജില്ലാ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് വിഭാഗത്തെ ഏല്‍പിക്കുകയും ചെയ്തത്. എന്നാല്‍ ആദ്യം പിടിയിലായ ഏഴു പേരില്‍ രണ്ടു പേരെ ഒഴിവാക്കി മഹസര്‍ തയാറാക്കുകയും രണ്ടാമത് പിടികൂടിയ ഒരു കിലോയിലേറെ വരുന്ന ലഹരി ഉടമസ്ഥരില്ലാതെ കണ്ടെത്തി എന്നു രേഖപ്പെടുത്തിയതുമാണ് വിവാദമായത്.
രണ്ടാമതു പിടികൂടിയ തൊണ്ടിമുതലിലേക്ക് ഉദ്യോഗസ്ഥരെ എത്തിച്ചയാളെ കുറ്റക്കാരനല്ലെന്നു കണ്ടു വിട്ടയച്ചെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ സംഘവുമായി ബന്ധമില്ലാത്തയാള്‍ക്ക് എങ്ങനെയാണ് സാധനം ഒളിപ്പിച്ചതിന്റെ വിവരം നല്‍കാനാകുക എന്നാണ് ഉയരുന്ന ചോദ്യം.
ഫ്‌ലാറ്റില്‍ അലക്കാനുള്ള തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചിരുന്ന ഒരു കിലോയിലേറെ എംഡിഎംഎ കണ്ടെത്തി പുറത്തു വരുമ്പോള്‍ ഇതു കണ്ടെത്താന്‍ സഹായിച്ച യുവാവും ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ ഈ സമയം സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരോട് വിഡിയോ പകര്‍ത്തരുതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ നിര്‍ദേശം. പുറത്തുനിന്നു ലഹരി പിടികൂടി എന്നു രേഖപ്പെടുത്താനാണ് തീരുമാനമെന്നും പറഞ്ഞിരുന്നു.
തുടര്‍ന്ന് റോഡിലെത്തി പിടികൂടിയ ആളെ തൊണ്ടിമുതല്‍ സഹിതം പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. താന്‍ കുറ്റക്കാരനല്ലെന്നും കുടുക്കുകയായിരുന്നെന്നും ഇയാള്‍ അലറി വിളിച്ചു. തൊട്ടു പിന്നാലെയാണ് ഇയാളെ പ്രതിയാക്കി ഉദ്യോഗസ്ഥര്‍ മഹസര്‍ തയാറാക്കുന്നതും ഇയാളെ വിട്ടയയ്ക്കുന്നതും. സംഭവത്തിന്റെ നാടകീയത അന്നുതന്നെ പ്രദേശവാസികള്‍ക്കിടയില്‍ സംശയത്തിന് ഇടയാക്കി.