കോയമ്പത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവാഹം കഴിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ പൊള്ളാച്ചിയില്‍ യുവതി അറസ്റ്റില്‍. 17 വയസ്സുകാരനെ വിവാഹം കഴിച്ചശേഷം ലൈംഗികമായി പീഡിപ്പിച്ച 19 വയസ്സുകാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
11ാം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയ യുവതിയും അയല്‍പക്കത്ത് താമസിക്കുന്ന 17കാരനും നേരത്തെ സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഓഗസ്റ്റ് 26നാണ് ഇരുവരും പഴനിയിലെത്തി വിവാഹിതരായത്. ഓഗസ്റ്റ് 27ന് കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ യുവതി 17കാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇതിനുപിന്നാലെ ആണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് യുവതി തന്നെ 17കാരനെ ചികിത്സയ്ക്കായി പൊള്ളാച്ചിയില്‍ എത്തിക്കുകയായിരുന്നു. ഇതോടെയാണ് വിവാഹവും പീഡനവിവരവും പുറത്തറിഞ്ഞത്.
പ്രതിക്കെതിരേ പോക്‌സോ നിയമപ്രകാരവും ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. കൊപ്പേരുന്ദേവി അറിയിച്ചു. ഇരുവരും മാതാപിതാക്കളില്‍നിന്ന് അകന്നുതാമസിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസില്‍ പല നൂലാമാലകളും ഉണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം. പോലീസ് ചുമത്തിയ വിവിധ വകുപ്പുകളെ സംബന്ധിച്ചും നിയമവിദഗ്ധര്‍ ആശങ്ക ഉന്നയിച്ചു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാലാണ് ഐ.പി.സി. 366 ചുമത്തുകയെന്ന് മുതിര്‍ന്ന അഭിഭാഷകനായ സി. ജ്ഞാനഭാരതി ചൂണ്ടിക്കാണിക്കുന്നു. പോക്‌സോ നിയമത്തിലെ 5(1),6 സെക്ഷനുകള്‍ സ്ത്രീകള്‍ പ്രതിസ്ഥാനത്തുവരുന്ന കേസുകളില്‍ ചുമത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.