അത്യാവേശത്തോടെ കേരളത്തിലെ കോണ്‍ഗ്രസ് ഘടകത്തില്‍ നടത്തപ്പെട്ട ഡി.സി. സി പുനസംഘടന ജലരേഖയാവുന്നുവെന്നാണ് മനസിലാക്കുന്നത്.
മഹത്തായ ഒരു രാഷ്ട്രീയ പ്രസ്ഥാനം ഐക്യമില്ലാതെ, നല്ല കപ്പിത്താനില്ലാതെ വിമതക്കൊടുങ്കാറ്റില്‍ ആടിയുലയുന്ന സാഹചര്യം അത്യന്തം ദയനീയം. ഡി.സി.സി നേതൃ പട്ടികയില്‍ ചര്‍ച്ച അടക്കം നടന്നില്ലെന്ന് സീനിയര്‍ നേതാവ് ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ തുറന്നടിച്ചതിനെ ഗൗരവത്തോടെ പാര്‍ട്ടിയിലെ മതേതര ജനാധിപത്യ വിശ്വാസികള്‍ കാണേണ്ടിയിരിക്കുന്നു.
പുനസംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തിയ മുന്‍ എം.എല്‍.എ, കെ ശിവദാസന്‍ നായരെയും കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാറിനെയും കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത് വലിയ പ്രശ്‌നമായിരിക്കുന്നു.
ഇവരോട് വിശദീകരണം ചോദിക്കാതെ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ നടപടിയെടുത്തത് ശരിയല്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടവരാണ് ഡി.സി.സി പട്ടികയില്‍ വന്നിരിക്കുന്നതെന്നാണ് ആരോപണം.
ഡി.സി.സി പട്ടികയെ ചൊല്ലി ഏറ്റുമുട്ടലിന് തല്‍ക്കാലം ഗ്രൂപ്പുകള്‍ തീരുമാനിച്ചിട്ടില്ലത്രേ. പരസ്യ പ്രതികരണം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് കെ.പി.സി.സിയുടെ ആശങ്ക.
ഇതിനിടെ ഉമ്മന്‍ ചാണ്ടിയെ തള്ളി കെ മുരളീധരന്‍ രംഗത്ത് വന്നു. മുമ്പൊന്നുമില്ലാത്ത വിധമുള്ള ചര്‍ച്ചകളാണ് ഡി.സി.സി പുനസംഘടനയില്‍ നടന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. ഗ്രൂപ്പിനെ തള്ളിയവര്‍ക്ക് മറുപടിയുമായി രമേശ് ചെന്നിത്തല പ്രതികരിച്ചതും ശ്രദ്ധേയമായി.
സ്ഥാനം കിട്ടുമ്പോള്‍ ഗ്രൂപ്പില്ല എന്ന് പറയുന്നവരോട് യോജിക്കുന്നില്ല. എല്ലാവര്‍ക്കും ഗ്രൂപ്പു ണ്ടെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ പരസ്യ പ്രതികര ണങ്ങളില്‍ ഹൈക്കമാന്‍ഡും അതൃപ്തിയിലാണ്. പ്രതിഷേധം ഉണ്ടാകില്ലെന്ന് ഗ്രൂപ്പ് നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നു.
അതുകൊണ്ടാണ് അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചത്. പാര്‍ട്ടിക്കുള്ളില്‍ ഉന്നയിക്കേണ്ടത് അവിടെ തന്നെ ഉന്നയി ക്കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരിക്കുകയാണ്.
പരസ്യ പ്രതികരണങ്ങളില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആഞ്ഞടിച്ചു. ചര്‍ച്ച നടന്നില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തെറ്റാണെന്ന് സതീശന്‍ പറഞ്ഞു. താനും സുധാകരനും മൂലയില്‍ മാറിയിരുന്നു കൊടുത്ത ലിസ്റ്റ് അല്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി ഒരു പട്ടിക ഉണ്ടാക്കാന്‍ ആകില്ല.
താഴെത്തട്ടില്‍ വരെ മാറി മാറി ചര്‍ച്ച നടത്തി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തരുന്ന ലിസ്റ്റ് കൊടുക്കാന്‍ ആണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്നും സതീശന്‍ ചോദിച്ചു. ഡിസിസി ലിസ്റ്റില്‍ ആരും പെട്ടിതൂക്കികള്‍ അല്ല. അത്തരം വിമര്‍ശന ങ്ങള്‍ അംഗീകരിക്കില്ലെന്നും സതീശന്‍ പറഞ്ഞു.
കസേരമോഹം തലയ്ക്ക് പിടിച്ച ഖദര്‍ കുപ്പായക്കൂട്ടങ്ങളുടെ കുപ്പത്തൊട്ടിയായി കേരളത്തിലെ കോണ്‍ഗ്രസ് അധപ്പതിക്കാന്‍ ഒരിക്കലും പാടില്ല. ഈ പാര്‍ട്ടിയിയുടെ അണികളായും വിശ്വാസികളായും സഹയാത്രികരായും ഒട്ടേറെപ്പേരുണ്ട്. അ വരുടെ മുന്നില്‍ കോമാളികളായി മാറാതിരിക്കുക. അവരെയും ഈ ഉജ്വല പ്രസ്ഥാനത്തെയും അവഹേളിക്കാതിരിക്കുക.
”ജയ് ഹിന്ദ്…”
സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍)