സൈമണ്‍ വളാച്ചേരില്‍ (ചീഫ് എഡിറ്റര്‍)
‘ഒരു പൂവിന്റെ അകത്തിരിക്കുമ്പോള്‍ നാം ഒരു പൂവായിരിക്കുക. ഒരു വൃക്ഷത്തിന്റെ മു ന്നിലിരിക്കുമ്പോള്‍ ഒരു വൃക്ഷമായിരിക്കുക. ഒരു പുഴയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ ഒരു വ്യക്തിയാവാതെ ജലപ്രവാഹമാവുക. ഒരു ഗാനത്തിന്റെ മുന്നില്‍ സ്വയം ഗാനമാവുക, അതിന്റെ ശ്രുതിയാവുക…” എന്ന ഓഷോ രജനീഷിന്റെ വാക്കുകള്‍ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഒന്‍പതാമത് ചിക്കാഗോ അന്താരാഷ്ട്ര സമ്മേളനം കൊടിയിറങ്ങിയ പശ്ചാത്തലത്തില്‍ പ്രസക്തമാവുന്നു.
ഒരു മാധ്യമ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അല്ലെങ്കില്‍ ഫ്രീലാന്‍സറായി ജോലിചെയ്യുമ്പോള്‍ ഇമവെട്ടത്ത നിരീക്ഷണത്തിലൂടെ 24 മണിക്കൂറും വാര്‍ത്തകളുടെ വക്താക്കളാവുകയെന്ന പാഠമാണ് ഐ.പി.സി.എന്‍യുടെ കോണ്‍ഫറന്‍സ് നല്‍കിയ സന്ദേശങ്ങളിലൊന്ന്.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് മറ്റ് ജോലികളിലെന്നപോലെ നേരവും കാലവും ടൈം ടേബിളും മുഹൂര്‍ത്തവും ഒന്നുമില്ല. അവരുടെ പഞ്ചേന്ദ്രിയങ്ങള്‍ സദാസമയവും ജാഗ്രതയോടെ യിരിക്കണം. ഒരു പാഷനുവേണ്ടി, അല്ലെങ്കില്‍ നേരംപോക്കിനുവേണ്ടി, ജീവിത മാര്‍ഗത്തിനായി മാത്രം മാധ്യപ്രവര്‍ത്ത നം തിരഞ്ഞെടുക്കുന്നവരുണ്ട്. താന്‍ ഒരു ജേര്‍ണലിസ്റ്റാണെന്ന് മേനി നടിക്കുന്നവരുണ്ട്. ഈ രംഗത്ത് വ്യാജന്‍മാരും മാഫിയകളും നെറികേട് കാട്ടുന്നവരും അനവധി. അവരെല്ലാം ഫോര്‍ത്ത് എസ്റ്റേറ്റിന്റെ മഹത്വം അറിയാത്തവരും സാമാന്യ ജ്ഞാനമില്ലാത്ത തന്‍പര കക്ഷികളുമാണ്.
ഈ ജീര്‍ണ സംസ്‌കാരത്തിന്റെ ജാരസന്തതികളെ ഉന്‍മൂലനം ചെയ്ത് അമേരിക്കന്‍ മലയാളി സമൂഹത്തില്‍, വെല്ലുവിളികളെ നേരിട്ടും പുതിയ മേച്ചില്‍പുറങ്ങള്‍ വെട്ടിപ്പിടിച്ചും കാലാനുസൃവും മൗലികവുമായ മാധ്യമ സംസ്‌കാരം പരിപോഷിപ്പിച്ചെടുക്കുക എന്ന ലക്ഷ്യപ്രാപ്തിക്കായാണ് ഐ.പി.സി.എന്‍.എ രണ്ടുവര്‍ഷം കൂടുമ്പോള്‍ കോണ്‍ഫറന്‍സ് നടത്തുകയും മികവുള്ളവരെ ആദരിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും.
നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ മാധ്യമ പ്രവര്‍ത്തകരെ ക്ഷണിച്ച് വരുത്തുന്നതിലൂടെ ഊഷ്മളമായ സൗഹൃദ ബന്ധം ഊട്ടിയുറപ്പിക്കാനാവും. മാത്രമല്ല, അവരിലൂടെ തല്‍സമയ മാധ്യമ ട്രെന്‍ഡുകളും സാധ്യതകളും നമ്മുടെ ബോധത്തിലേയ്ക്ക് വിനിമയം ചെയ്യപ്പെടുകയും ചെയ്യും. സമ്മേളനം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയാവുമത്. സംശയനിവാരണം നടത്താനുമാവും. അങ്ങനെ ഈ കോണ്‍ഫറന്‍സ് എന്നുപറയുന്നത് മാധ്യമ പഠന കളരിയായി മാറുന്നു.
ചിക്കാഗോ കോണ്‍ഫറന്‍സ് വന്‍ വിജയമാകാന്‍ കാരണം തങ്ങളുടെ അടിസ്ഥാനവും ആത്യന്തി കവുമായ ലക്ഷ്യത്തില്‍ നിന്ന് സംഘടന വ്യതിചലിച്ചില്ല എന്നതുകൊണ്ടാണ്. ഈ ഊര്‍ജവും ഉള്‍കാഴ്ചയും നിലനില്‍ക്കണമെങ്കില്‍ യുവതലമുറയുടെ ശക്തമായ സാന്നിധ്യം ഐ.പി.സി.എന്‍.എയില്‍ ഉണ്ടാവണം.
ചിക്കാഗോയില്‍ നിന്ന് മയാമിയിലേയ്ക്കുള്ള ദൂരം കുറയണമെങ്കില്‍ ഈ മാധ്യമ പേടകത്തില്‍ യുവത്വം സീറ്റുറപ്പിക്കണം. അത് സാധ്യമാവു മെന്നാണ് ശുഭപ്രതീക്ഷ. ചിക്കാഗോ സമ്മേളനത്തില്‍ മികച്ച ന്യൂസ് എഡിറ്റര്‍ പുരസ്‌കാരത്തിലൂടെ നേര്‍കാഴ്ച ന്യൂസും അംഗീകരിക്കപ്പെട്ടതിലുള്ള കൃതജ്ഞത നിറമനസോടെ പ്രസിഡന്റ് ബിജു കിഴക്കേകുറ്റിനെയും ടീമിനെയും അറിയി ക്കുകയാണ്. സ്വതന്ത്രവും നീതിയുക്തവും സത്യസന്ധവു മായ മാധ്യമപ്രവര്‍ത്തനത്തിന് നേര്‍കാഴ്ചയും ഒപ്പമുണ്ട്…
നന്ദി…