Saturday, December 21, 2024

HomeEditor's Pickകരയാത്ത ഗൗരി, തളരാത്ത ഗൗരി, കനല്‍വഴികളിലൂടെ നടന്ന കേരളത്തിന്റെ വിപ്ലവ മുത്തശ്ശി

കരയാത്ത ഗൗരി, തളരാത്ത ഗൗരി, കനല്‍വഴികളിലൂടെ നടന്ന കേരളത്തിന്റെ വിപ്ലവ മുത്തശ്ശി

spot_img
spot_img

എ.എസ് ശ്രീകുമാര്‍

വിപ്ലവത്തിന്റെ ചൊരിമണലില്‍ പിച്ചവച്ച്, പോരാട്ടത്തിന്റെ കനല്‍വഴികളിലൂടെ നടന്ന കെ.ആര്‍. ഗൗരിയമ്മ വിടപറഞ്ഞിരികേരളക്കുന്നു. ത്തിലെ ആദ്യ നിയമവിദ്യാര്‍ഥിനി, ആദ്യ വനിതാമന്ത്രി, ഏറ്റവും കൂടുതല്‍കാലം നിയമസഭാംഗമായ ആള്‍…അങ്ങനെ വിശേഷണങ്ങള്‍ ഏറെയുണ്ട് ഈ രാഷ്ട്രീയ മുത്തശ്ശിക്ക്. നൂറ് വയസ് പിന്നിട്ടപ്പോഴും പാവങ്ങള്‍ക്കുവേണ്ടി നടത്തുന്ന പോരാട്ടം രാഷ്ട്രീയ കേരളത്തിന്റെ തറവാട്ടമ്മയെ വ്യത്യസ്തയാക്കി. വാര്‍ധക്യത്തിലും ചെറുപ്പത്തിന്റെ ചുറുചുറുക്കുമായി ഗൗരിയമ്മ പൊതുജീവിതത്തില്‍ സക്രിയമായിരുന്നു.

കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടുനിന്നാല്‍, അവള്‍ ഭദ്രകാളി.
ഇതുകേട്ടുകൊണ്ടേ, ചെറുബാല്യമെല്ലാം,
പതിവായി ഞങ്ങള്‍ ഭയമാറ്റി വന്നു…

ഇത് ഗൗരിയമ്മയെക്കുറിച്ച് ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ കവിതയുടെ തുടക്ക വരികള്‍. ”എനിക്കിനിയും ചുള്ളിക്കാട് എഴുതിയ കവിതയിലെ ഗൗരിയാകാന്‍ കഴിയും…” എന്ന് ഗൗരിയമ്മ പറഞ്ഞത് കേരളം കേട്ടിരുന്നു. സി.പി.എമ്മില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് കേരള രാഷ്ട്രീയം ഇളകിമറിയുന്ന ഘട്ടത്തിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ഗൗരി’ എന്ന കവിത പുറത്തുവന്നത്. ആരേയും കൂസാത്ത വ്യക്തിത്വത്തിനുടമയായിരുന്നു ഗൗരിയമ്മ. ചുള്ളിക്കാട് എഴുതിയ കവിത ഈ വീക്ഷണം പ്രതിഫലിപ്പിക്കുന്നുണ്ട്.

അതേ…നൂറിന്റെ ചെറുപ്പമായിരിക്കുന്നു ഗൗരിയമ്മയ്ക്ക്. ആലപ്പുഴയില്‍ നൂറാം പിറന്നാളിന് വലിയ ആഘോഷങ്ങളാണ് സുഹൃത്തുക്കള്‍ ഒരുക്കിയത്. ആശംസകള്‍ അറിയിക്കാന്‍ എത്തിയവര്‍ക്കെല്ലാം ഗൗരിയമ്മ തന്നെ കേക്കു മുറിച്ചു നല്‍കി. പഴയ ശീലങ്ങള്‍ പലതിനും മാറ്റമില്ല. മത്തിക്കറി മുതല്‍ കോഴിക്കോടന്‍  ഹല്‍വ വരെ പ്രിയം. പലകാര്യങ്ങളിലും പഴയ പിടിവാശി അതേപടി മരണം വരെ തുടര്‍ന്നു. രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച അല്‍പ്പം പോലും കുറഞ്ഞിരുന്നില്ല. സംസാരിച്ചു തുടങ്ങിയാല്‍ പലപ്പോഴും അവസാനിപ്പിക്കുന്നത് സ്ത്രീകള്‍ സമൂഹത്തില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സ്ത്രീകള്‍ ചുവടുവച്ചു തുടങ്ങിയ കാലത്ത് ഗൗരി സ്ത്രീമുന്നേറ്റങ്ങളുടെ ചാലകശക്തിയായി.

ഗൗരിയമ്മ ഒപ്പമുള്ളവര്‍ക്ക് വിസ്മയമാവുകയായിരുന്നു. ”മനസ്സ് നന്നായിരിക്കണം. ആരെയും ദ്രോഹിക്കാതിരിക്കണം…”  ഒരിക്കല്‍ തന്റെ ആരോഗ്യരഹസ്യം ഗൗരിയമ്മ ഇങ്ങനെ വെളിപ്പെടുത്തി. എന്നാല്‍, ഇതിനപ്പുറം ആരോഗ്യകാര്യങ്ങളിലും ശ്രദ്ധാലുവാണ് കേരളത്തില്‍ സാമൂഹികമാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച രാഷ്ട്രീയ മുത്തശ്ശി.  ദിനചര്യകളിലും അവര്‍ക്ക് വിട്ടുവീഴ്ചയില്ല. കാലത്ത് നാലുമണിയാകുമ്പോള്‍ ഉണരും. പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞാല്‍ പത്രവായന. പ്രാതല്‍ ഒരു ഇഡ്ഡലിയില്‍ ഒതുക്കും. പിന്നെ സന്ദര്‍ശകരുടെ വരവായി. മിക്കതും ശുപാര്‍ശകളായിരിക്കും.

കാലത്ത് തുടങ്ങുന്ന ശുപാര്‍ശകള്‍ വൈകുംവരെയും തുടരും. ചുറ്റുമുള്ള ആള്‍ക്കൂട്ടമാണ് പ്രവര്‍ത്തനത്തിനുള്ള ഊര്‍ജ്ജം. വരുന്നവരോട് ചിലപ്പോള്‍ തട്ടിക്കയറിയെന്നുവരും. ചിലപ്പോള്‍ ശുണ്ഠിയെടുത്തേക്കാം. പക്ഷേ, എത്തുന്നവരുടെ കാര്യം സാധിച്ചുകൊടുത്തേ മടക്കിയയയ്ക്കൂ.

കാലത്ത് പതിനൊന്നുമണിയോടെ തേച്ചുകുളി, ഉച്ചയ്ക്ക് മീന്‍ കൂട്ടിയുള്ള ഊണ് എന്നിവയ്‌ക്കൊന്നും ഒരു മാറ്റവുമുണ്ടാകില്ല. ഊണുകഴിഞ്ഞാല്‍ ഉറക്കവും നിര്‍ബ്ബന്ധം. ഈ സമയത്ത് ഏതു വലിയ ആള്‍ കാണാന്‍ വന്നാലും കാത്തുനില്‍ക്കുകയേ വഴിയുള്ളൂ. പുറത്തുപോകണമെങ്കില്‍ ഇപ്പോഴും നന്നായി ഒരുങ്ങും. വെള്ളസാരിയുടുത്തിട്ടേ ഫോട്ടോ എടുക്കാന്‍പോലും സമ്മതിക്കൂ. ടി.വി തോമസുമായുള്ള കല്യാണം കഴിഞ്ഞശേഷമാണ് വെള്ളസാരി നിര്‍ബ്ബന്ധമാക്കിയത്.

ഭക്ഷണത്തിലും ചില ഇഷ്ടങ്ങളുണ്ട്. അതിലൊന്നാണ് വാഴയ്ക്കാ അപ്പം. വൈകിട്ടത്തെ ചായയ്‌ക്കൊപ്പം വാഴയ്ക്കാ അപ്പം കൂടിയുണ്ടെങ്കില്‍ കാര്യം കുശാല്‍. ഗൗരിയമ്മയുടെ ആതിഥ്യം അനുഭവിച്ചിട്ടില്ലാത്ത രാഷ്ട്രീയനേതാക്കള്‍ കേരളത്തില്‍ ചുരുങ്ങും. ഇപ്പോഴത്തെ പ്രധാന ദൗര്‍ബല്യം ടി.വി. സീരിയലാണ്. രാത്രി ഏഴുമണിക്ക് സീരിയലുകള്‍ തുടങ്ങിയാല്‍പ്പിന്നെ അതിനുമുന്നില്‍ സ്ഥാനം പിടിക്കും.

നേരമിരുണ്ടാല്‍പ്പിന്നെ മലയാളത്തിന്റെ വിപ്ലവനായിക ചാത്തനാട്ടെ ഇരുനിലവീട്ടില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഗണ്‍മാന്റെ സുരക്ഷയിലാണ്. എട്ടുവര്‍ഷം മുമ്പ് ഈ വീട്ടില്‍ മോഷണശ്രമം ഉണ്ടായപ്പോള്‍ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഈ സൗകര്യം അനുവദിച്ചത്.

ചേര്‍ത്തല താലൂക്കിലെ പട്ടണക്കാട് പ്രദേശത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തില്‍ കളത്തിപ്പറമ്പില്‍ കെ.എ രാമന്‍, പാര്‍വ്വതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നാണ് ഗൗരിയമ്മ ജനിച്ചത്. തിരൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം അവര്‍ എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി.എ ബിരുദവും തുടര്‍ന്ന് എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കി.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായിരുന്ന ജ്യേഷ്ഠസഹോദരന്‍ സുകുമാരന്റെ പ്രേരണയാല്‍ ഗൗരിയമ്മയും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ചു.1957ല്‍ ഇടതുപക്ഷ മുന്നണിയുടെ നേതൃത്വത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി നിലവില്‍ വന്ന പ്രഥമ കേരള മന്ത്രിസഭയിലെ റെവന്യൂ, എക്‌സൈസ്, ദേവസ്വം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു ഗൗരിയമ്മ.

സ്വാതന്ത്ര്യാനന്തര കാലത്തെ കേരള സംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളില്‍ ഒരാളാണ് ഗൗരിയമ്മ എന്ന കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാന്‍ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയില്‍ പെട്ട ഗൗരിയമ്മ ആധുനിക കേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാ ഭരണാധികാരിയായിരുന്നു.  1957ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ മന്ത്രിമാരായിരുന്ന ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാല്‍ 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അവര്‍ വിഭിന്ന ചേരികളിലായി. തുടര്‍ന്ന് അവര്‍ പിരിഞ്ഞുതാമസിച്ചു. കുട്ടികളില്ല.

195253, 195456 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂര്‍കൊച്ചി നിയമസഭകളിലും തുടര്‍ന്ന് കേരള സംസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതല്‍ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. 1957,1967,1980,1987,2001 എന്നീ വര്‍ഷങ്ങളില്‍ രൂപം കൊണ്ട മന്ത്രിസഭകളിലും അവര്‍ അംഗമായിരുന്നു.

കേരളത്തില്‍ വിവിധകാലങ്ങളില്‍ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും ഗൗരിയമ്മ പ്രധാനപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

റവന്യൂ വകുപ്പിനു പുറമേ, വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകള്‍ക്കും നേതൃത്വം കൊടുത്ത് പ്രഗല്ഭയായ മന്ത്രിയെന്ന നിലയില്‍ കഴിവു തെളിയിച്ചു. സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു.

പ്രഥമകേരള മന്ത്രിസഭയിലെ റവന്യൂ വകുപ്പുമന്ത്രി എന്ന നിലയില്‍ ഗൗരിയമ്മയായിരുന്നു ചരിത്രപ്രധാനമായ ഭൂപരിഷ്‌കരണ നിയമം (1957), കേരള സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം (1958) എന്നിവ നിയമസഭയില്‍ അവതരിപ്പിച്ചതും പാസ്സാക്കിയതും നടപ്പില്‍ വരുത്തിയതും. കേരളത്തിന്റെ പില്‍ക്കാല സാമ്പത്തികസാമൂഹ്യചരിത്രഗതി നിര്‍ണ്ണയിക്കുന്നതില്‍ ഈ ബില്ലുകള്‍ ഗണ്യമായ പങ്കു ബഹിച്ചിട്ടുണ്ട്. കേരളത്തിലെ രണ്ടാമത് ഇ.എം.എസ് മന്ത്രിസഭയില്‍ (1967 മാര്‍ച്ച് 6  1969 നവംബര്‍ 1) റവന്യൂ, ഭക്ഷ്യം, പൊതുവിതരണം, വാണിജ്യ നികുതി, സാമൂഹ്യ സുരക്ഷ, നിയം എന്നീ വകുപ്പുകളുടെ ചുമതല ഗൗരിയമ്മ വഹിച്ചു.

മുന്‍ ഗവണ്‍മെന്റ് അംഗീകരിച്ച ഭൂപരിഷ്‌കരണ ബില്ലില്‍ പുരോഗമനപരവും സമൂലവുമായ നിരവധി ഭേദഗതികള്‍ വരുത്തി നടപ്പാക്കി. അതോടെ ജന്മിത്തം കേരളത്തില്‍ നിരോധിക്കപ്പെട്ടു. 3.5 ദശലക്ഷം കുടിയേറ്റക്കാരും 500,000 കുടികിടപ്പുക്കാരും ഭൂമിയുടെ ഉടമസ്ഥരായി. ഒരുലക്ഷത്തിലധികം ഏക്കര്‍ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിക്കുകയും ഗ്രാമീണ മേഖലയിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്യുകയും ചെയ്തു. ഇ.കെ. നായനാരുടെ നേതൃത്വത്തില്‍ രൂപീകൃതമായ ആദ്യ മന്ത്രിസഭയിലും (1980 ജനുവരി 251981 ഒക്ടോബര്‍ 20) ഗൗരിയമ്മ അംഗമായിരുന്നു. കൃഷി, സാമൂഹിക ക്ഷേമം വകുപ്പുകളാണ് അവര്‍ കൈകാര്യം ചെയ്തത്.

പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാള്‍ എന്ന റിക്കോര്‍ഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം, ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ വേറെയും പല റിക്കോര്‍ഡുകള്‍ ഇവരുടെ പേരിലുണ്ട്. ഗൗരിയമ്മയുടെ ആത്മകഥ 2010ല്‍ ആത്മകഥകെ.ആര്‍. ഗൗരിയമ്മ എന്ന പേരില്‍ പുറത്തിറങ്ങിയിരുന്നു.

കെ.ആര്‍ ഗൗരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ച് പ്രാബല്യത്തില്‍ വരുത്തിയ പ്രധാന നിയമങ്ങള്‍ ഇവയാണ്…
*1957ലെ കേരളാ സ്‌റ്റേറ്റ് ഓഫ് എവിക്ഷന്‍ പ്രൊസീഡിങ്ങ്‌സ് ആക്റ്റ് (കുടിയൊഴിപ്പിക്കല്‍ നടപടിക്രമ നിയമം)
*1957ലെ ട്രാവങ്കൂര്‍ കൊച്ചിന്‍ ലാന്റ് ടാക്‌സ് (തിരുകൊച്ചി ഭൂനികുതി നിയമം)
*1957ലെ കേരളാ ലാന്‍ഡ് കണ്‍സര്‍വന്‍സി ആക്റ്റ് (ഭൂസംരക്ഷണനിയമം)
*1958ലെ കേരളാ കോമ്പന്‍സേഷന്‍ ഫോര്‍ ടെനന്റ്‌സ് ഇമ്പ്രൂവ്‌മെന്റ് ആക്റ്റ്
*1958ലെ കേരളാ ലാന്റ് റിലിംക്വിഷ്‌മെന്റ് ആക്റ്റ് (സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം)
*1958ലെ കേരള വെയ്റ്റ് & മെഷേര്‍സ് ആക്റ്റ് (അളവുതൂക്കങ്ങളെക്കുറിച്ചുള്ള ചട്ടം)
*1959ലെ കേരളാ സ്റ്റാമ്പ് ആക്റ്റ് (മുദ്രാപത്ര നിയമം)
*1960ലെ ജന്മിക്കരം പേയ്‌മെന്റ് (അബോളിഷന്‍) ആക്റ്റ് (ജന്മിക്കരം ഒഴിവാക്കല്‍ നിയമം)
*1960ലെ കേരളാ അഗ്രേറിയന്‍ റിലേഷന്‍ ആക്റ്റ് (പാട്ടക്കുടിയാന്‍ നിയമം) *1968ലെ കേരളാ റെവന്യൂ റിക്കവറി ആക്റ്റ് (ജപ്തി നിയമം)
*1987ലെ കേരളാ പബ്ലിക്ള്‍ മെന്‍സ് കറപ്ഷന്‍ (ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്‍ക്വയറീസ്) ആക്റ്റ് (അഴിമതി നിരോധനനിയമം)
*1991ലെ വനിതാ കമ്മീഷന്‍ ആക്റ്റ്.

ഒരുപാട് സാമൂഹിക, രാഷ്ട്രീയ മുന്നേറ്റങ്ങളിലേക്ക് കേരളത്തെ കൈപിടിച്ച ഗൗരിയമ്മ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠപുസ്തകമാണ്…അന്നും…ഇന്നും…എന്നും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments