Friday, October 11, 2024

HomeLiteratureചിതല്‍ (മാത്യു നെല്ലിക്കുന്ന്)

ചിതല്‍ (മാത്യു നെല്ലിക്കുന്ന്)

spot_img
spot_img

ഹൂസ്റ്റണ്‍ നഗരത്തിലെ പണച്ചാക്കുകള്‍ താമസിക്കുന്ന റിവര്‍ഓക്‌സ്. ഡോ. രാജന്‍ വിലകൂടിയ ഒരു വീടുവാങ്ങിയപ്പോള്‍ റിവര്‍ഓക്‌സില്‍ ആര്‍ഭാടമായി ഒരു പാര്‍ട്ടി നടത്തി. എല്ലാവരും വിഭവസമൃദ്ധമായ ഭക്ഷണവും ധാരാളം മദ്യവും കഴിച്ചുമടങ്ങി.

ഏഴ് ബെഡ്‌റൂമുകളുള്ള ഇരുനിലവീട്. മുറ്റത്തുകിടന്ന പുതിയ ബെന്‍സ്‌കാറിന്റെ ഗുണഗണങ്ങള്‍ രാജന്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. അകത്തെ ഫര്‍ണിച്ചറുകള്‍ വിക്‌ടോറിയന്‍സ്റ്റൈലിലുള്ളതായിരുന്നു. ലാന്‍ഡ്‌സ്‌കെയ്പ്പിങ്ങും കസ്റ്റംമെയ്ഡ് കര്‍ട്ടനുമെല്ലാം മനോഹരമാണ്.  ചൈനാക്യാബിനറ്റില്‍ വിലകൂടിയ ക്രിസ്റ്റല്‍ ഗ്ലാസ്സുകള്‍, സില്‍വര്‍കൊണ്ടുള്ള പാത്രങ്ങള്‍, കരണ്ടികള്‍, കത്തികള്‍ ഇവയെല്ലാം  ഡോക്ടര്‍ രാജന്റെ സമ്പത്തിന് യോജിച്ചതായിരുന്നു. ലോകത്തിലേക്കും വിലകൂടിയ മദ്യക്കുപ്പികള്‍ വൈറ്റ്ബാറില്‍ നിറച്ചിരുന്നു. അതിഥികള്‍ക്കുവേണ്ടി പ്രത്യേക ഭക്ഷണശാലയും വീട്ടിനുള്ളിലൊരുക്കി.

മുമ്പ് ഡോക്ടര്‍ രാജനും ഭാര്യ ലിസിയും റോസന്‍ബര്‍ഗ്ഗിലാണ് താമസിച്ചിരുന്നത്. പല സ്ഥലങ്ങളിലായി മൂന്നുവീടുകള്‍ ഇതിനകം അവര്‍ വാങ്ങിയിരുന്നു. റിവര്‍ഓക്‌സില്‍ ഒരു വീടുവാങ്ങണമെന്നുള്ളത് ലിസിയുടെ ഏറ്റും വലിയ മോഹമായിരുന്നു.

ഡോക്ടര്‍ രാജന്‍ നേത്രവിദഗ്ദ്ധനാണ് ഡോക്ടര്‍ ലിസി പീഡിയാട്രിക് സ്‌പെഷ്യലിസ്റ്റ്. ഇരുവരും ധാരാളം പണം സമ്പാദിച്ചുകൂട്ടി.

മെഡിക്കല്‍ കോളേജില്‍ വച്ച് പരിചിതരും പ്രേമബദ്ധരുമായ അവര്‍ നീണ്ട കാത്തിരിപ്പിനുശേഷം വിവാഹിതരായി. രണ്ട് ആണ്‍കുട്ടികളും അവര്‍ക്കുണ്ട്. മെഡിക്കല്‍ കോളേജില്‍ നിന്നിറങ്ങിയ രാജന്‍ ഉപരിപഠനത്തിനായി ലണ്ടനിലേക്കുപോയി. ലണ്ടനില്‍  കുറെക്കാലം പ്രാക്ടീസ് കഴിഞ്ഞാണ് രാജന്റെ കുടുംബം അമേരിക്കയിലേക്ക് കുടിയേറിയത്.

സ്ഥലത്തെ പല സംഘടനകളുടെയും പ്രേട്രനായി ഡോ. രാജന്‍ പ്രവര്‍ത്തിക്കുന്നു. ധാരാളം സംഭാവനകളും  അദ്ദേഹം നല്‍കുമായിരുന്നു. സുഹൃത്തുക്കള്‍ക്കായുള്ള സല്‍ക്കാരങ്ങള്‍ മാസത്തിലൊരിക്കലെങ്കിലും സംഘടിപ്പിച്ചിരുന്നു.

അങ്ങനെയിരിക്കെ രാജന്റെ കുടുംബത്തില്‍ ചില സംഭവവികാസങ്ങളുണ്ടായി. കാരണം ആര്‍ക്കും അറിഞ്ഞുകൂടാത്തതിനാല്‍ സുഹൃത്തുക്കള്‍ പരസ്പരം അന്വേഷണമായി.

സ്‌നേഹിതരോടുപോലും ഒരുവാക്ക് പറയാതെയാണ് ലിസിയും മക്കളും നാട്ടിലേക്ക്‌പോയത്. എന്തുകാര്യവും സ്‌നേഹിതരുമായി ചര്‍ച്ച ചെയ്യുന്ന ലിസിയുടെ ഈ പെരുമാറ്റം എല്ലാവരിലും അത്ഭുതമുളവാക്കി. പക്ഷേ ആര്‍ക്കും കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

ഒരുദിവസം സുഹൃത്തായ തോമസുകുട്ടി ഡോ. രാജനെ കാണാന്‍ ഓഫീസിലേക്കുചെന്നു. ഓഫീസ് മാനേജരായിരുന്നത് അര്‍ലീന്‍ഡാള്‍ എന്ന സുന്ദരിയായിരുന്നു. തോമസുകുട്ടിയുടെ കണ്ണിന് ഈയിടെയായി വല്ലാത്ത അസ്വസ്ഥതയുണ്ടായിരുന്നു. അതുകൊണ്ടാണ് ഡോക്ടറെ കണ്ടേക്കാമെന്നു കരുതിയത്. കൂടാതെ ഡോക്ടര്‍ രാജന്റെ കിച്ചന്‍ സര്‍ക്കിളിലെ പ്രധാന അംഗം കൂടിയാണ് തോമസുകുട്ടി. വല്ലപ്പോഴും ഓഫീസില്‍ വന്നാല്‍ അയാള്‍ അര്‍ലീനുമായി അല്പം സല്ലപിക്കുക പതിവാണ്. അര്‍ലീന്‍ എവിടെപ്പോയെന്ന ചോദ്യത്തിന് പ്രസവിച്ചുകിടക്കുകയാണെന്ന് സെക്രട്ടറി മദാമ്മ ഉത്തരം നല്‍കി. അര്‍ലീന്‍ ഡാളിന്റെ ഭര്‍ത്താവ് മര്‍ച്ചന്റ് നേവിയില്‍ ഉദ്യോഗസ്ഥനാണ്.

അപ്പോയിന്റ്‌മെന്റ് സമയം ഒരുമണിക്കായിരുന്നെങ്കിലും ഡോക്ടര്‍ രാജന്‍ ഓഫീസില്‍ എത്തിയിട്ടില്ല. ഡോക്ടറെ പ്രതീക്ഷിച്ച് വളരെയേറെ രോഗികള്‍ എത്തിയിട്ടുണ്ട്. സര്‍ജറിയുടെ ദിവസമായതിനാലായിരിക്കാം ഡോക്ടര്‍ വൈകുന്നതെന്ന് അവര്‍ കരുതി. ടേബിളില്‍ കിടന്ന ഒരു പഴയ നാഷണല്‍ ജിയോഗ്രാഫിക്ക് മാസിക തോമസുകുട്ടി വെറുതെ മറിച്ചുനോക്കി. കണ്ണിന്റെ വേദനകൊണ്ട് അക്ഷരങ്ങളില്‍ ഒട്ടും ശ്രദ്ധചെലുത്താന്‍ കഴിഞ്ഞില്ല. ഓരോ രാജ്യങ്ങളിലേയും മനോഹരങ്ങളായ പ്രകൃതി ദൃശ്യങ്ങളില്‍ തോമസുകുട്ടി നോക്കിയിരുന്നു. അപ്പോള്‍ അവധിയിലായിരുന്ന ഓഫീസ് മാനേജര്‍ അര്‍ലീന്‍ സ്‌ട്രോളറില്‍ കുട്ടിയെയുംതള്ളി ഓഫീസിലേക്കു വന്നു. തോമസുകുട്ടി കുശലാന്വേഷണങ്ങളുമായി അടുത്തേക്കു ചെന്നു. രാജീവ് എന്നാണത്രെ കുഞ്ഞിന്റെ പേര്. അര്‍ലീന്‍ മദാമ്മയുടെ കുഞ്ഞ് ഒരിന്ത്യക്കാരന്റെ സന്തതിയെപ്പോലെ കാണപ്പെട്ടു.

”എന്താണ് ജോലിക്കുവരാത്തത്?” തോമസുകുട്ടി ചോദിച്ചു.

”എന്തു പറയാനാണ്. ഡോക്ടര്‍ രാജന്റെ ഭാര്യ എന്റെ കുട്ടിയെ കണ്ടതിനു ശേഷം പിണങ്ങി നാട്ടിലേക്കു പോയിരിക്കുകയല്ലേ. രാജനെപ്പോലെ തന്നെയല്ലേ ഇവനിരിക്കുന്നത്.”

രണ്ടും രണ്ടും നാലെന്നു കൂട്ടുന്നതിനുമുമ്പുതന്നെ അര്‍ലീന്‍ ഉത്തരം കൊടുത്തു. അമേരിക്കന്‍ സ്ത്രീകള്‍ക്ക് അവരുടെ രഹസ്യബന്ധങ്ങള്‍ അവരുടെ ഭര്‍ത്താവിനോടുപോലും പറയാന്‍ മടി’യില്ല. പൂര്‍ണ്ണമനസ്സുണ്ടെങ്കില്‍ സ്വീകരിച്ചാല്‍ മതിയെന്ന നിലപാടാണവര്‍ക്ക്.

''ഐ ഹാവ് ആന്‍ അഫയര്‍ വിത്ത് ഡെന്നീസ്.''

ലിവിങ്ങ്‌റൂമില്‍ ടി.വി. കണ്ടുകൊണ്ടിരുന്ന ഭര്‍ത്താവിനോട് യാതൊരു സങ്കോചവുംകൂടാതെ അമേരിക്കക്കാരിയായ ഭാര്യ പറയും. അതാണ് മദാമ്മയുടെ രീതി. ഡോക്ടര്‍ രാജന്റെയും അര്‍ലീന്‍ മദാമ്മയുടെയും ഓഫീസ് പ്രണയത്തിന്റെ സമ്മാനം സ്‌ട്രോളറില്‍ ചിരിച്ചുകൊണ്ടു കിടക്കുന്നു. ഡോക്ടര്‍ രാജന്‍ ആളുമോശമല്ലല്ലോ? തോമസുകുട്ടി ഓര്‍ത്തു. ചൂടുള്ള വാര്‍ത്തയാണ് അയാള്‍ക്കു ലഭിച്ചിരിക്കുന്നത്.

നേത്രപരിശോധനയുടെ അപ്പോയിന്റ്‌മെന്റ് മാറ്റിയെടുത്ത് തോമസുകുട്ടി ആര്‍ലിനോടുയാത്രപറഞ്ഞ് വേഗത്തില്‍ പുറത്തിറങ്ങി. ഇനി വീട്ടില്‍ച്ചെന്ന് പത്തുപേരെ വിളിച്ച് വിവരം പറഞ്ഞെങ്കിലേ അയാള്‍ക്കു സമാധാനമാകൂ. വീട്ടിലെത്തിയ ഉടന്‍തന്നെ തോമസുകുട്ടി ഭാര്യയോടു വിവരം പറഞ്ഞു.

ന്യൂസ്‌റിലീസിനു പേരുകേട്ട അയാളുടെ ഭാര്യയെ നാട്ടുകാര്‍ ഹൂസ്റ്റണ്‍ ‘പോസ്റ്റെന്നാ’ണ് വിളിക്കുന്നത്. ഹൂസ്റ്റണിലെ ഒരു ദിനപത്രത്തിന്റെ പേരുതന്നെ അവള്‍ക്കു നാട്ടുകാര്‍ കൊടുത്തിരിക്കുന്നു. അത്ര മിടുക്കിയാണ് ചിരിച്ചുകളിച്ച്് ആളുകളുടെ അടുത്തുകൂടി ന്യൂസ് പിടിക്കാനും പിന്നെ അല്പം പൊടിപ്പും തൊങ്ങലും കൂട്ടി നാടുമുഴുവന്‍ വിളംബരം ചെയ്യുവാനും.

തോമസുകുട്ടി ഫോണിനു സമീപത്തേക്കുചെന്നു. ഫോണ്‍ ഡയല്‍ ചെയ്യാനെടുത്തെങ്കിലും ബെഡ്‌റൂമിലിരുന്ന് ഭാര്യ ചൂടുള്ള വാര്‍ത്ത പ്രചരിപ്പിച്ചുതുടങ്ങിയിരുന്നു.

”വെറുതെയല്ല നിന്നെ നാട്ടുകാര്‍ ഹൂസ്റ്റണ്‍ പോസ്റ്റെന്നു വിളിക്കുന്നത്.” അയാള്‍ക്കു വല്ലാത്ത അരിശംവന്നു. എങ്ങനെയും പത്താളെ വിവരമറിയിക്കാന്‍ ഓടി വീട്ടില്‍ വന്നപ്പോഴേക്കും ഭാര്യ ഫോണില്‍ അവളുടെ സ്ഥിരം ജോലി തുടങ്ങിക്കഴിഞ്ഞിരുന്നു.
ഭാര്യയുടെ ഇരട്ടപ്പേരില്‍ തോമസുകുട്ടിക്ക് അഭിമാനം തോന്നി. കളിയാക്കിയാണെങ്കിലും നാട്ടുകാര്‍ തന്റെ ഭാര്യയുടെ വാര്‍ത്താവിതരണം അംഗീകരിച്ചല്ലോ. അവളിനി ഫോണ്‍ താഴെവയ്ക്കണമെങ്കില്‍ അഞ്ചാറുമണിക്കൂര്‍ കഴിയണം.

ഡോക്ടര്‍ രാജന്റെ രഹസ്യവിശേഷങ്ങള്‍ നാട്ടുകാരുടെ ഇടയില്‍ ചര്‍ച്ചാവിഷയമായി. ലിസി ഇതിനിടെ സ്ഥലത്തെത്തിയിട്ടുണ്ടെന്ന വാര്‍ത്ത തോമസുകുട്ടി അറിഞ്ഞു. വളരെ തന്മയത്വത്തോടെ നാട്ടിലെ വിശേഷങ്ങളറിയാന്‍ അയാള്‍ രാജന്റെ വീട്ടിലേക്കു ചെന്നു. പക്ഷേ ലിസിയില്‍ നിന്നും വാര്‍ത്തകളൊന്നും ചോര്‍ത്തിയെടുക്കാന്‍ അയാള്‍ക്കു കഴിഞ്ഞില്ല.

തോമസുകുട്ടി ഭാര്യയുടെ സഹായത്തോടെ ലിസിയെ വീട്ടിലേക്കു ക്ഷണിച്ചു. ഒന്നിച്ചുകൂടിയിട്ട് നാളുകളൊത്തിരിയായെന്നുള്ള ആവലാതി ലിസി നിരസിച്ചു. എങ്കിലും കുട്ടികളെ കോട്ടയത്ത് ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാക്കിയിരിക്കുകയാണെന്ന ന്യൂസ് ലഭിച്ചു.

ഇതിനിടെ ആര്‍ലീന്റെ ഭര്‍ത്താവ് നേവിയില്‍നിന്ന് ലീവിന് വന്നു. അതോടെ കാര്യങ്ങളില്‍ ആകെയൊരു മാറ്റമുണ്ടായി. ആര്‍ലീനും ഭര്‍ത്താവും കൂടി ഡോക്ടര്‍ രാജനെതിരെ കേസ് ഫയല്‍ ചെയ്തു. അവിഹിതബന്ധത്തില്‍ ജനിച്ച കുട്ടിക്ക് ചെലവിനുകൊടുക്കുകയും നഷ്ടപരിഹാരം ചെയ്യുകയും വേണം.

കോടതി ഡോക്ടര്‍ രാജന്റെ ബാങ്ക് അക്കൗണ്ടുകള്‍ ഫ്രീസ് ചെയ്തു. ഏതായാലും ഔട്ട് ഓഫ് കോര്‍ട്ട് സെറ്റില്‍മെന്റില്‍ കാര്യങ്ങള്‍ ഒതുക്കിത്തീര്‍ത്തു. ബാങ്കിലുണ്ടായിരുന്ന സമ്പാദ്യം മുഴുവനും ആര്‍ലീന്റെയും കുട്ടിയുടെയും പേരിലായി. ഡോക്ടര്‍ രാജന്‍ വര്‍ഷങ്ങള്‍ ജോലിചെയ്തു സമ്പാദിച്ച തുകയെല്ലാം നഷ്ടമായി.

രാജനെതിരെയുള്ള എതിര്‍പ്പുകളും പരിഹാസങ്ങളും കൂടിവന്നു. ബന്‍സുകാറിന്റെ ചില്ലുകള്‍ ആരോ തകര്‍ത്തിരിക്കുന്നു. ഒരു അന്യരാജ്യക്കാരന്റെ വൃത്തികെട്ട പ്രവര്‍ത്തികളെ സായിപ്പന്മാരില്‍ ദേഷ്യമുളവാക്കി.

ഒരു ഞായറാഴ്ച രാത്രി. ലിസിയും രാജനും ലിവിങ്‌റൂമിലിരുന്ന് ന്യൂസ് വാച്ച് ചെയ്യുകയായിരുന്നു. ആദ്യം ഡോര്‍ബെല്ലടിച്ചു. പിന്നെ വാതിലില്‍  മുട്ടുകേട്ടു. രാജന്‍ എഴുന്നേറ്റുചെന്ന് കതകുതുറന്നു. പത്തിരുപതു വയസ്സുള്ള ഒരു യുവതി കരഞ്ഞുകൊണ്ടു മുന്നില്‍ നില്‍ക്കുന്നു. അവളുടെ വസ്ത്രങ്ങള്‍ കീറിയിട്ടുണ്ട്. കൈയില്‍ ഒരു ബാഗുണ്ടായിരുന്നു. ആരോ അവളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതാണ്. രാജന് അനുകമ്പതോന്നി. അവളെ അകത്തേക്കു ക്ഷണിച്ചു. പെട്ടെന്ന് അവള്‍ ബാഗുതുറന്ന് തോക്കെടുത്ത് രാജനുനേരെ ചൂണ്ടി. ‘ഫ്രീസ്’. അവള്‍ ആജ്ഞ നല്‍കി. കതകിനടുത്തു നിന്ന അവള്‍ വാതില്‍ മെല്ലെത്തുറക്കുകയും നാലഞ്ചു ചെറുപ്പക്കാര്‍ അകത്തേക്കു കയറുകയും ചെയ്തു. അവര്‍ ഡോക്ടറെയും ഭാര്യയെയും ലിവിങ്ങ്‌റൂമില്‍ ബന്ധിച്ചിട്ടു. നിമിഷങ്ങള്‍ക്കകം വീട്ടിലെ  വിലകൂടിയ സാധനങ്ങള്‍ പലതും അവര്‍ അപഹരിച്ചു. പോകുന്നതിനുമുമ്പ് കൊള്ളക്കാര്‍ സെയ്ഫ് തുറപ്പിക്കുകയും അതിലുണ്ടായിരുന്ന പണവും ആഭരണവും മുഴുവനെടുക്കുകയും ചെയ്തു. അവരില്‍ പ്രധാനി മറ്റുള്ളവരുമായി ഒരു കൂടിയാലോചന നടത്തി. തീരുമാനം പെട്ടെന്നുതന്നെയുണ്ടായി. ഡോക്ടര്‍ രാജനെക്കൂടി തങ്ങളോടൊപ്പം കൊണ്ടുപോകുക. രാജനെ ഫര്‍ണിച്ചറുകള്‍ കയറ്റിയ വാനില്‍ ഒരു കസേരയില്‍ കെട്ടിയിട്ടു. ലിസിക്ക് ഗുഡ്‌നൈറ്റും പറഞ്ഞ് അവര്‍ സ്ഥലംവിട്ടു.

എന്തെങ്കിലും പുതിയ ന്യൂസ് കിട്ടാന്‍വേണ്ടി തോമസുകുട്ടി പിറ്റേദിവസം ഡോക്ടര്‍ രാജന്റെ വീട്ടിലേക്കു ഫോണ്‍ചെയ്തു. മറുതലയ്ക്കല്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ആരും ഫോണെടുക്കാതായപ്പോള്‍ അയാള്‍ക്കു സംശയം തോന്നി. തോമസുകുട്ടി ഭാര്യയേയുംകൂട്ടി റിവര്‍ ഓക്‌സിലേക്കു നടന്നു. രാജന്റെ വീട്ടിലെത്തി. ബെല്ലടിച്ചു; ഉത്തരമില്ല. അപ്പോഴാണ് വാതിലിന്റെ ചില്ലുകള്‍ പൊട്ടിയിരിക്കുന്നത് തോമസുകുട്ടി കണ്ടത്. ഡ്രൈവ്‌വേയില്‍ ട്രക്കിന്റെ ഓയില്‍ ഒലിച്ചുകിടന്നിരുന്നു. പുല്‍ത്തകിടിയില്‍ ട്രക്കിന്റെ വലിയ ചക്രങ്ങള്‍ കയറിയ പാടും കാണപ്പെട്ടു.
തോമസുകുട്ടിയിലെ ന്യൂസ് ഏജന്റുണര്‍ന്നു. അകത്തുനിന്നും വാതലില്‍ ആരോ മുട്ടുന്നതായി അയാള്‍ക്കുതോന്നി. സംതിങ് റോങ്. പലരും ഒപ്പം പറഞ്ഞു.

അയല്‍വീട്ടില്‍ച്ചെന്ന് തോമസ്‌കുട്ടി പോലീസ് സ്റ്റേഷനിലേക്കു ഫോണ്‍ ചെയ്തു. ഉടന്‍തന്നെ പോലീസ് സംഘം വന്നുചേര്‍ന്നു. വാതില്‍ വെട്ടിപ്പൊളിച്ച് അവര്‍അകത്തു കടന്നു. വാതിലിന് അല്പമകലെ ലിസി കിടക്കുന്നുണ്ടായിരുന്നു.

ബോധം തെളിഞ്ഞപ്പോള്‍ സംഭവിച്ച കാര്യങ്ങള്‍ ലിസി പോലീസിനോടു പറഞ്ഞു. അന്വേഷിക്കാമെന്നുപറഞ്ഞ് അവര്‍ പോയി.

ഏതാനുംദിവസം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ രാജന്റെ അഴുകിയ ശവശരീരം നഗരത്തിലെ ഒരു ഓടയില്‍ കാണപ്പെട്ടു.

ലിസ്സി ആകെ തളര്‍ന്നുപോയിരുന്നു. തന്റെ ജീവിതത്തിലെ എല്ലാ വീഴ്ചകള്‍ക്കും കാരണക്കാരിയായ ആര്‍ലീനോട് എന്തെന്നില്ലാത്ത പകതോന്നി. പ്രതികാരത്തിനുള്ള ഓരോ മാര്‍ഗ്ഗങ്ങളും അവള്‍ തലപുകഞ്ഞാലോചിച്ചു.

പക്ഷേ ഒടുവില്‍ അവളോര്‍ത്തു: ”തന്റെ മക്കള്‍ക്ക് ഡാഡിയില്ലാതായി. ഇനീം മമ്മികൂടി.” അമേരിക്കയിലെ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്കു മടങ്ങാന്‍തന്നെ ലിസ്സി തീരുമാനിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments