കാബൂള്‍: ഓഗസ്റ്റ് 31നകം അമേരിക്കന്‍ പൗരന്മാരെയും അവര്‍ക്കൊപ്പമുണ്ടായിരുന്ന അഫ്ഗാനികളെയും നാട്ടിലെത്തിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കുന്നതോടെ യു.എസ് സൈനിക സാന്നിധ്യം അഫ്ഗാനിസ്താനില്‍ അവസാനിക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. അതുകഴിഞ്ഞും സൈന്യത്തെ നിലനിര്‍ത്തണമെന്ന സഖ്യകക്ഷികളുടെ ആവശ്യം ബൈഡന്‍ തള്ളി.
നിലവില്‍ ഒഴിപ്പിക്കല്‍ അടുത്ത ചൊവ്വാഴ്ചക്കകം പൂര്‍ത്തിയാക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍. പരമാവധി നേരത്തെയായാല്‍ അത്രക്ക് നല്ലത്. അധികമായി വരുന്ന ഓരോ ദിവസവും ബാധ്യത കൂട്ടും. അതേ സമയം, താലിബാന്‍ സഹകരണത്തെ ആശ്രയിച്ചാകും നിശ്ചിത സമയത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കലെന്നും ബൈഡന്‍ പറഞ്ഞു. വിമാനത്താവളത്തില്‍ എത്തിപ്പെടുന്ന വഴികള്‍ അടച്ചിടുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 14നു ശേഷം ഇതുവരെ വിവിധ രാജ്യക്കാരായ 70,700 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ഇപ്പോഴും അമേരിക്കക്കാര്‍ അഫ്ഗാനിസ്താനില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാബൂളിനു പുറത്തെ പ്രവിശ്യകളിലുള്ളവര്‍ക്കാണ് വിമാനത്താവളത്തില്‍ എത്തിപ്പെടാന്‍ പ്രയാസം നേരിടുന്നത്.
താലിബാനുമായി യു.എസ് സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം 31നകം എല്ലാ സൈനികരെയും പിന്‍വലിക്കണം. കാബൂള്‍ വിമാനത്താവളത്തിലും സൈനിക സാന്നിധ്യമുണ്ടാകരുത്. നിലവില്‍ വിമാനത്താവളം യു.എസ് സൈനിക നിയന്ത്രണത്തിലാണ്.
യു.എസ് സൈന്യത്തെ പിന്‍വലിക്കുന്നത് ദീര്‍ഘിപ്പിക്കാനാവശ്യപ്പെട്ട് ഇന്നലെ ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യു.എസ് എന്നിവരടങ്ങിയ ജി7 ഉച്ചകോടി ചേര്‍ന്നിരുന്നു.
നിലവില്‍ വിദേശികളെ ഒഴിപ്പിക്കുന്നതിന് താലിബാന്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. അഫ്ഗാനികള്‍ പോകാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ പറയുന്നു.