പത്തനംതിട്ട : മീര മാത്യുവിന്റെ (23) മിസ് ഇന്ത്യ ന്യൂയോര്‍ക്ക് കിരീടം കൈപ്പട്ടൂരിനും അഭിമാനമായി. കൈപ്പട്ടൂര്‍ ചരിവുകാലായില്‍ ജോണ്‍ മാത്യു – രാജി ദമ്പതികളുടെ മകളാണ് മീര. ജനിച്ചതും മൂന്ന് വയസ്സ് വരെ വളര്‍ന്നതും കൈപ്പട്ടൂരിലാണ്.
പിതാവ് ജോണ്‍ മാത്യു കുടുംബമായി ന്യൂയോര്‍ക്കിലേക്ക് പോയതോടെ മൂന്ന് വയസ്സിനു ശേഷം മീര പഠിച്ചതും വളര്‍ന്നതും അവിടെയാണ്.ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ ക്രിമിനല്‍ സൈക്കോളജിയില്‍ പിജി വിദ്യാര്‍ഥിനിയായ മീര 2017ല്‍ ആണ് അവസാനമായി നാട്ടിലെത്തിയത്. കഴിഞ്ഞ വര്‍ഷം വരാന്‍ ശ്രമിച്ചെങ്കിലും കോവിഡ് കാരണം കഴിഞ്ഞില്ല.
ന്യൂയോര്‍ക്കിലാണെങ്കിലും മലയാളത്തെ ഏറെ സ്‌നേഹിക്കുന്നുണ്ട് മീര. എഴുതാന്‍ അറിയില്ലെങ്കിലും വീട്ടില്‍ എല്ലാവരും സംസാരിക്കുന്നത് മലയാളത്തിലാണ്. അഭിനന്ദനങ്ങളുമായി നാട്ടില്‍ നിന്ന് ഒട്ടേറെപ്പേര്‍ വിളിച്ചെന്നു മീര പറയുന്നു.
2 വര്‍ഷമായി മിസ് ഇന്ത്യ ന്യൂയോര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പായിരുന്നു. 40 വര്‍ഷത്തിനു ശേഷമാണ് ഒരു മലയാളി ഈ കിരീടം നേടുന്നത്. ഓഗസ്റ്റ് 15ന് നടക്കുന്ന മിസ് ഇന്ത്യ യുഎസ്എ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പിലാണ്. അതു കഴിഞ്ഞിട്ടേ ഇനി നാട്ടിലേക്കുള്ളൂ.