അതിഭയാനകമായ കാന്‍സറിനേയും യോഗയിലൂടെ കീഴ്‌പ്പെടുത്താമെന്ന് പഠനങ്ങള്‍. ഇന്ന് (ജൂണ്‍ 21) രാജ്യാന്തര യോഗ ദിനമായി 2015 മുതല്‍ ലോകമെമ്പാടും ആചരിച്ചു വരുന്നു.
ആരോഗ്യത്തിനും ക്ഷേമത്തിനുമായി കാലങ്ങള്‍ക്കു മുന്‍പുതന്നെ ഭാരതം പകര്‍ന്നു നല്‍കിയ അമൂല്യമായ അറിവാണ് യോഗ. ഹ്യൂമാനിറ്റി – മനുഷ്യത്വം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ജീവിത ശൈലിയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്തി ജീവിതം ആയാസരഹിതമാക്കാനുള്ള വഴികളാണ് യോഗയിലൂടെ പ്രോത്സാഹിപ്പിക്കുന്നത്.
യോഗ കാന്‍സര്‍ ചികിത്സയുടെയും അനുബന്ധ ചികിത്സയുടെയും കാര്യത്തില്‍ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോംപ്ലിമെന്ററി തെറാപ്പി എന്ന നിലയിലാണ് യോഗ കാന്‍സര്‍ ചികിത്സയില്‍ അംഗീകാരം നേടിയിട്ടുള്ളത്. ശാരീരിക നേട്ടങ്ങള്‍, മാനസികവും വൈകാരികവുമായ ക്ഷേമം എന്നിവയാണ് കാന്‍സര്‍ രോഗികള്‍ക്ക് യോഗയിലൂടെ പ്രധാനമായും ലഭിക്കുന്നത്.

കാന്‍സര്‍ ചികിത്സ നടക്കുമ്പോള്‍ പലപ്പോഴും രോഗികള്‍ക്ക് ശാരീരികമായി തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നിരുന്നാലും, യോഗ ഇത്തരം ലക്ഷണങ്ങളെ ചെറുക്കാനും ശാരീരിക ക്ഷേമം വീണ്ടെടുക്കാനും സഹായിക്കുമെന്ന് നിരവധി ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
സ്തനാര്‍ബുദത്തെ അതിജീവിച്ചവര്‍ക്ക് ക്ഷീണം, വേദന, ഉറക്ക അസ്വസ്ഥതകള്‍ എന്നിവയില്‍ ഗണ്യമായ കുറവുണ്ടായതായി തെളിഞ്ഞിട്ടുണ്ട്. സ്തനാര്‍ബുദം കഴിഞ്ഞുണ്ടാകുന്ന കൈ വീക്കം, നടുവേദന എന്നിവ കുറയ്ക്കാന്‍ സൂര്യനമസ്‌കാരം, ഗോമുഖാസനം, താഡാസനം എന്നിവ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണ്. കൂടാതെ അനായാസമായ ചലനത്തിനും വഴക്കം കൂട്ടുന്നതിനും പേശികളുടെയും സന്ധികളുടെയും ചലനം മെച്ചപ്പെടുത്താനും യോഗ ഏറെ സഹായിക്കുന്നു. പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിലൂടെ ആരോഗ്യ നില വീണ്ടെടുക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും യോഗ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കാന്‍സര്‍ രോഗനിര്‍ണയം ഒരാളുടെ മാനസികവും വൈകാരികവുമായ ക്ഷേമത്തെ ബാധിക്കാറുണ്ട്. കാന്‍സര്‍ രോഗികളില്‍ ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നതില്‍ യോഗയുടെ ഫലപ്രാപ്തി സമീപകാല പഠനങ്ങള്‍ എടുത്തുകാണിക്കുന്നു. ക്ലിനിക്കല്‍ ഓങ്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ യോഗയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉത്കണ്ഠയും വിഷാദ ലക്ഷണങ്ങളും വളരെ കുറവാണെന്ന് തെളിയിച്ചു.
ശ്രദ്ധയും ധ്യാന പരിശീലനങ്ങളും സമന്വയിപ്പിക്കുന്നതിലൂടെ, യോഗ രോഗികള്‍ക്ക് പ്രതിരോധശേഷിയും വൈകാരിക ക്ഷേമവും പ്രദാനം ചെയ്യുന്നു. ഇതില്‍ ശവാസനം പോലുള്ള വിശ്രമാസനങ്ങള്‍, പ്രാണായാമം എന്നീ ആസനങ്ങള്‍ വളരെ അധികം ഫലപ്രദമായി കാണാറുണ്ട്.