വാഷിംഗ്ടണ്‍: മനുഷ്യരാശിക്ക് ഗുരുതര ഭീഷണി ഉയര്‍ത്തി കാലാവസ്ഥയില്‍ വന്‍ വ്യതിയാനം സംഭവിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച റിപ്പോര്‍ട്ട്. യു.എന്നി!െന്‍റ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച അന്തര്‍ സര്‍ക്കാര്‍തല സമിതിയിലെ (ഐ.പി.സി.സി) ശാസ്ത്രജ്ഞരാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
അമിതമായ ഉഷ്ണതരംഗം, വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവവഴി ഭൂമിയിലെ താപനില പരിധി പതിറ്റാണ്ടിനുള്ളില്‍ തകരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതടക്കമുള്ള നടപടികളിലൂടെ അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ വരാനിരിക്കുന്ന വിപത്തിനെ തടയാനാവുമെന്ന് റിപ്പോര്‍ട്ട് തയാറാക്കിയ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
മാനവരാശിക്കുള്ള അപായ മുന്നറിയിപ്പാണ് റിപ്പോര്‍ട്ടെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസ് പറഞ്ഞു. തീരുമാനമെടുക്കുന്നതില്‍ ഇനിയും വൈകിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
നവംബറില്‍ യു.കെയിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച യു.എന്‍ ഉച്ചകോടി വിജയമാണെന്ന് ഉറപ്പാക്കാന്‍ ലോകനേതാക്കള്‍ക്ക് കഴിയണമെന്നും ഗുട്ടെറസ് പറഞ്ഞു.
2013ന് ശേഷം വരുന്ന കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പ്രധാന റിപ്പോര്‍ട്ടാണിത്. മനുഷ്യ സ്വാധീനമാണ് അന്തരീക്ഷം, കടല്‍, കര എന്നിവയുടെ താപനില ഉയര്‍ത്തുന്നതെന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രീസിലും വടക്കേ അമേരിക്കയിലുമുണ്ടായ ഉഷ്ണതരംഗങ്ങളും ജര്‍മനിയിലും ചൈനയിലുമുണ്ടായ വെള്ളപ്പൊക്കവുമെല്ലാം കാലാവസ്ഥ വ്യതിയാനത്തില്‍ കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ മനുഷ്യര്‍ നടത്തിയ ഇടപെടല്‍ വ്യക്തമാക്കുന്നതാണെന്നും റിപ്പോര്‍ട്ട് തയാറാക്കിയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.