കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കി താലിബാന്‍ മുന്നേറുന്നതിനിടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍. സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. താലിബാന്‍ കീഴടക്കുന്ന പ്രദേശങ്ങളിലെ യുവതികളെ ഭീകരര്‍ക്ക് വിവാഹം ചെയ്തു നല്‍കുന്നുവെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു സ്ഥലം പിടിച്ചെടുത്തശേഷം ആ പ്രദേശത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സൈനികരുടെയും വിധവകളെയും ഭാര്യമാരെയും കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനാണ് താലിബാന്‍ ആവശ്യപ്പെടുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭീകരര്‍ക്കു യുദ്ധമുതലായി സ്ത്രീകളെ കൈമാറാനാണ് താലിബാന്റെ തീരുമാനം. ഈ മാസം അവസാനത്തോടെ യുഎസ് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചത്. എന്നാല്‍ അതിന് മുന്‍പുതന്നെ രാജ്യത്തെ പകുതിയിലേറെ മേഖലകള്‍ താലിബാന്‍ കീഴടക്കിക്കഴിഞ്ഞു. ഇതുവരെ 421 ജില്ലകള്‍ താലിബാന്‍ അധീനതയിലാണ്.
സ്ത്രീകളെയും പെണ്‍കുട്ടികളെയും എവിടെ ഒളിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് അഫ്ഗാനിലെ പല പ്രദേശങ്ങളും. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നടക്കം സ്ത്രീകളെയും പെണ്‍കുട്ടികളെയും മറ്റു സ്ഥലത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
ടാഖര്‍, ബദക്ഷാന്‍, ബമ്യാന്‍ എന്നീ പ്രദേശങ്ങള്‍ താലിബാന്‍ കീഴടക്കുകയും നിരവധി സ്ത്രീകളെ നിര്‍ബന്ധിച്ച് ഭീകരരെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയും ചെയ്തു. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. സ്ത്രീകള്‍ ബുര്‍ഖ ധരിച്ചുമാത്രമെ പുറത്തിറങ്ങാവൂ എന്നും കൂടെ ഭര്‍ത്താവോ പിതാവോ ഉണ്ടായിരിക്കണമെന്നും താലിബാന്‍ ഉത്തരവിട്ടു.
പിടിച്ചെടുക്കുന്ന സ്ഥലങ്ങളിലെ സ്ത്രീകളെ ലൈംഗിക അടിമകളാക്കി മാറ്റുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും പേരും വയസ്സും ഭീകരരെ അറിയിക്കണം. ഇതിനു തയാറാകാതെ ചെറുത്തുനിന്ന പുരുഷന്‍മാരെ ഭീകരര്‍ മര്‍ദിച്ചു. അലമാരകളിലെ വസ്ത്രങ്ങളും മറ്റും പരിശോധിച്ചാണ് സ്ത്രീകളുടെ വയസ്സ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. കാറിലും കാളവണ്ടിയിലും നടന്നും പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകുന്ന കുടുംബങ്ങളും നിരവധിയാണ്.
സൈഗാന്‍ പ്രവിശ്യയിലെ മുഴുവന്‍ സ്ത്രീകളെയും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. ഇത്തരത്തില്‍ മാറ്റുന്നതില്‍ പ്രഥമപരിഗണന യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളെയും പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നത് ക്രൂരമായ പ്രതികാരമാണെന്ന് ബമ്യാന്‍ പ്രവിശ്യ ഗവര്‍ണര്‍ മുഹമ്മദ് താഹിര്‍ സുഹൈര്‍ പറഞ്ഞു.
ഒരു സ്ഥലം പിടിച്ചെടുത്താല്‍ സ്ത്രീകളടക്കം എല്ലാ വസ്തുക്കളും അവകാശപ്പെട്ടതാണ് എന്നാണ് ഭീകരരുടെ തത്വമെന്ന് അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് അഫ്ഗാനിസ്ഥാനിലെ പ്രഫസര്‍ ഒമര്‍ സദര്‍ പറഞ്ഞു. സ്ത്രീകളെ വിവാഹം കഴിക്കുകയല്ല മറിച്ച് ലൈംഗിക അടിമകളാക്കി മാറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ആരെങ്കിലും അഫ്ാനിലുണ്ടെങ്കില്‍ എത്രയും വേഗം മടങ്ങണമെന്നും സ്ഥിതിഗതി വഷളാവുകയാണെന്നും യുകെ സര്‍ക്കാര്‍ പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കിട്ടുന്ന വിമാനത്തില്‍ കയറി എത്രയും പെട്ടെന്ന് അഫ്ഗാന്‍ വിടാന്‍ അമേരിക്കയും പൗരന്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
അഫ്ഗാനിസ്ഥാനില്‍നിന്നും രക്ഷപ്പെടാന്‍ അമേരിക്കയും ബ്രിട്ടനും പൗരന്‍മാരോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.