പുകവലി മൂത്രസഞ്ചിയിലെ അര്‍ബുദത്തിന്റെ ഒരു പ്രധാന കാരണമായതിനാല്‍ രോഗചികിത്സയ്ക്ക് പുകവലി നിര്‍ത്തേണ്ടത് അത്യാവശ്യമാണെന്നു ആരോഗ്യ വിദഗ്ധന്‍.
ലോകത്ത് 100 പുരുഷന്മാരില്‍ ഒരാള്‍ക്കും 400 സ്ത്രീകളില്‍ ഒരാള്‍ക്കുമെന്ന കണക്കില്‍ ഉണ്ടാകുന്ന രോഗമാണ് മൂത്രസഞ്ചിയിലെ അര്‍ബുദം. പ്രായം, വംശം, ജനിതക പ്രത്യേകതകള്‍, പുകവലി എന്നിങ്ങനെ ഈ അര്‍ബുദത്തിന്റെ സാധ്യതകള്‍ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ പലതാണ്.
നേരത്തെതന്നെ കണ്ടെത്താന്‍ സാധിച്ചാല്‍ ഈ അര്‍ബുദം എളുപ്പത്തില്‍ ചികിത്സിച്ചു മാറ്റാന്‍ സാധിക്കുമെന്ന് ശ്രീ എച്ച്എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയിലെ യൂറോ-ഓങ്കോളജിസ്റ്റും റോബോട്ടിക് സര്‍ജനുമായ ഡോ. ശ്രീകാന്ത് അട്‌ലൂരി എച്ച്ടി ഡിജിറ്റലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇനി പറയുന്ന രോഗലക്ഷണങ്ങളെ ഇതിനായി കരുതിയിരിക്കേണ്ടതാണ്.
ചില രോഗികളില്‍ മൂത്രത്തില്‍ വളരെ പ്രകടമായ തോതില്‍തന്നെ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ കഴിയും. ഇതിന് ഗ്രോസ് ഹിമറ്റിയൂറിയ എന്ന് വിളിക്കും. എന്നാല്‍ ചിലരില്‍ മൂത്രം ലാബില്‍ പരിശോധിക്കുമ്പോള്‍ മാത്രമേ രക്തത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ സാധിക്കൂ. ഇതിന് മൈക്രോസ്‌കോപ്പിക് ഹിമറ്റിയൂറിയ എന്ന് പറയും.
മൂത്രമൊഴിക്കുന്നതിന്റെ ആവൃത്തി വര്‍ധിക്കുന്നത് പ്രമേഹത്തിന്റെ മാത്രമല്ല മൂത്ര സഞ്ചിയിലെ അര്‍ബുദത്തിന്റെയും ലക്ഷണമാണ്. ഇതിനൊപ്പം മൂത്രമൊഴിക്കുമ്പോള്‍ വേദന, പുകച്ചില്‍, വയറിനും കാലുകള്‍ക്കും ഇടയിലുള്ള പെല്‍വിക് മേഖലയിലോ പുറം ഭാഗത്തോ വേദന, ഇടയ്ക്ക് മൂത്രം പോകാത്ത അവസ്ഥ എന്നിവയും മൂത്ര സഞ്ചിയിലെ അര്‍ബുദത്തിന്റെ പ്രാരംഭലക്ഷണങ്ങളാണ്.
മൂത്രനാളിയിലെ അണുബാധയ്ക്കും ഏതാണ്ട് സമാനമായ ലക്ഷണങ്ങളായതിനാല്‍ മൂത്രസഞ്ചിയിലെ അര്‍ബുദം ചിലപ്പോള്‍ തിരിച്ചറിയാന്‍ വൈകിയേക്കാമെന്ന് ഡോ. ശ്രീകാന്ത് ചൂണ്ടിക്കാട്ടി. ചിലര്‍ക്ക് പ്രായം കൂടുമ്പോഴും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം മൂലവും പുകച്ചിലും മറ്റ് പ്രശ്‌നങ്ങളും വരാറുണ്ട്.