അതിവ്യാപനശേഷിയുള്ള കോവിഡ് വകഭേദം കപ്പ ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തു. വകഭേദത്തെ പിടിച്ചുകെട്ടാന്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരം ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി. ഇന്ത്യയില്‍ ആദ്യം പ്രത്യക്ഷപ്പെട്ട ബി 1.617.1 കോവിഡ് വകഭേദത്തിനാണ് ലോകാരോഗ്യസംഘടന ‘കപ്പ’ വകഭേദം എന്ന് പേര് നല്‍കിയത്. തങ്ങള്‍ നേരിട്ടതില്‍ വച്ച് ഏറ്റവും വ്യാപന ശേഷി കൂടിയ വൈറസ് എന്നാണ് കപ്പ വകഭേദത്തെ വിക്ടോറിയന്‍ സംസ്ഥാനത്തെ പ്രീമിയര്‍ ജെയിംസ് മെര്‍ലിനോ വിശേഷിപ്പിച്ചത്.
ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെല്‍ബണില്‍ 60 പുതിയ കേസുകളാണ് കപ്പ വകഭേദം മൂലം റിപ്പോര്‍ട്ട് ചെയ്തത്. ഇത് അനിയന്ത്രിതമായി വളരാതിരിക്കാനാണ് അധികൃതര്‍ ലോക്ഡൗണ്‍ ദീര്‍ഘിപ്പിച്ചത്. ന്യൂസിലന്‍ഡ് ഒഴികെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ഓസ്‌ട്രേലിയ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. ഓസ്‌ട്രേലിയന്‍ ജനതയില്‍ രണ്ട് ശതമാനത്തിന് മാത്രമാണ് ഇതേവരെ കോവിഡ് വാക്‌സീന്‍ ലഭിച്ചത്.
മെല്‍ബണ്‍ നഗരത്തിന് പുറത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുമെന്നും മെര്‍ലിനോ അറിയിച്ചു. നഗരത്തിനു പുറത്തേക്കു പോകുന്നതില്‍ നിന്ന് നഗരവാസികളെ വിലക്കിയിട്ടുണ്ട്. എന്നാല്‍ സീനിയര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ക്ലാസ്സുകളിലേക്കും ചില ജോലിക്കാര്‍ക്ക് അവരുടെ തൊഴിലിടങ്ങളിലേക്കും മടങ്ങാന്‍ അനുമതി നല്‍കി.
കപ്പ വകഭേദത്തിനെതിരെ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നതെന്നും ലോക്ഡൗണ്‍ വഴി ഒരു വ്യക്തിയുടെ സമ്പര്‍ക്കം 100 ല്‍ നിന്ന് വിരലില്‍ എണ്ണാവുന്നവരുമായി പരിമിതപ്പെടുത്താനാകുമെന്നും വിക്ടോറിയയുടെ ചീഫ് ഹെല്‍ത്ത് ഓഫീസര്‍ ബ്രെറ്റ് സട്ടണ്‍ പറഞ്ഞു.