കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് ജനിതകവ്യതിയാനം സംഭവിച്ചുണ്ടായ ഡെല്‍റ്റ പ്ലസ് വകഭേദം ഇന്ത്യയില്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. ആശങ്ക പരത്തുന്ന ഈ വകഭേദത്തെ കുറിച്ച് കേരളം, മഹാരാഷ്ട്ര,മധ്യപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയ ക്ലസ്റ്ററുകളില്‍ അടിയന്തിരമായി കണ്ടയ്ന്‍മെന്റ് നടപടികളെടുക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചു.
കേരളത്തിലെ പത്തനംതിട്ട, പാലക്കാട് ജില്ലകള്‍, മഹാരാഷ്ട്രയിലെ രത്‌നഗിരി, ജല്‍ഗാവ് ജില്ലകള്‍, മധ്യപ്രദേശിലെ ഭോപ്പാല്‍, ശിവപുരി ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച സാംപിളുകളുടെ ജനിതക സീക്വന്‍സിങ്ങിലാണ് ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തിയിട്ടുള്ളത്. വര്‍ധിച്ച വ്യാപന ശേഷി, ശ്വാസകോശത്തിലെ റിസപ്റ്റര്‍ കോശങ്ങളുമായി ശക്തമായി ബന്ധിക്കാനുള്ള കഴിവ്, ആന്റിബോഡി പ്രതിരോധത്തിന് വിള്ളല്‍ വീഴ്ത്താനുള്ള ശേഷി എന്നിവയാണ് ഡെല്‍റ്റ പ്ലസ് വകഭേദത്തിന്റെ പ്രത്യേകതകള്‍.
ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത 40 ഡെല്‍റ്റ പ്ലസ് കേസുകളില്‍ 16 എണ്ണം മഹാരാഷ്ട്രയില്‍ നിന്നാണ്. കേരളത്തിനും മധ്യപ്രദേശിനും പുറമെ തമിഴ്‌നാട്, ജമ്മു കാശ്മീര്‍, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായ B.1.617.2 എന്ന ഡെല്‍റ്റ വകഭേദവുമായി വളരെ അടുത്ത ബന്ധമുള്ളതാണ് B.1.617.2.1 അഥവാ AY. 1 എന്ന ഡെല്‍റ്റ പ്ലസ് വകഭേദം. മറ്റു പല വകഭേദങ്ങളെയും പോലെ മുനകള്‍ പോലുള്ള സ്പൈക് പ്രോട്ടീന്‍ മേഖലയിലാണ് ഡെല്‍റ്റ പ്ലസിനും വ്യതിയാനം സംഭവിച്ചിരിക്കുന്നത്.
ഡെല്‍റ്റ വകഭേദത്തിന് എതിരെ ഫലപ്രദമായ ഇന്ത്യയിലെ വാക്‌സീനുകള്‍ ഡെല്‍റ്റ പ്ലസിനെതിരെ എത്രത്തോളം കാര്യക്ഷമം ആണെന്ന് അറിവായിട്ടില്ല. നിലവില്‍ പതിനൊന്നോളം രാജ്യങ്ങളിലായി 200ലധികം പേരെ ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ചിട്ടുണ്ട്.