വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉള്ള ആളുകളില്‍ ശരീര പ്രതിരോധ ശക്തി സ്വാഭാവികമായി കുറഞ്ഞ് ഇരിക്കുന്നതിനാല്‍, കോവിഡ് രോഗം പിടിപെട്ടാല്‍ ഇവര്‍ക്ക് രോഗ സങ്കീര്‍ണതകള്‍ കൂടുതല്‍ ആകാന്‍ സാധ്യതയുണ്ട്. വൃക്ക രോഗത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഉള്ളവര്‍ക്ക് പോലും കോവിഡ് ബാധയെ തുടര്‍ന്ന് ചിലപ്പോള്‍ ഡയാലിസിസ് തുടങ്ങിയ ചികിത്സയിലേക്ക് എത്തുന്ന സ്ഥിതി വന്നേക്കാം.
ഈ ഗണത്തില്‍ പെടുന്നവരില്‍ മരണ നിരക്കും കൂടുതലായേക്കാം എന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. മുന്‍കാല വൃക്ക രോഗം ഇല്ലാത്ത ചെറിയ ശതമാനം ആളുകളിലും കോവിഡ് വന്നതിനു ശേഷം വൃക്കയുടെ പ്രവര്‍ത്തനം താളം തെറ്റി ഡയാലിസിസ് വേണ്ടി വരുന്നതായും കാണുന്നുണ്ട്. മേല്‍പറഞ്ഞ കാരണങ്ങളാല്‍ വൃക്കരോഗികള്‍ എല്ലാ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം.
നിലവിലുള്ള പഠനങ്ങളനുസരിച്ച് വൃക്ക രോഗികളില്‍ കോവിഡ് വാക്‌സിനേഷന്‍ സുരക്ഷിതമാണ്. സാധാരണ ജനങ്ങളെ അപേക്ഷിച്ച്, ദീര്‍ഘകാല വൃക്ക രോഗികളില്‍ ഒരുപക്ഷേ വാക്‌സീന്റെ പൂര്‍ണ ഫലപ്രാപ്തി കിട്ടിയില്ലെങ്കില്‍ പോലും പാര്‍ശ്വഫലങ്ങള്‍ പ്രത്യേകമായി ഒന്നും കാണാത്തതിനാല്‍ രോഗത്തിന്റെ അഞ്ചാമത്തെ ഘട്ടത്തില്‍ നില്‍ക്കുന്ന രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമായും എടുക്കേണ്ടതാണ്.
ചികിത്സിക്കുന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ പ്രായഭേദമെന്യേ ഈ രോഗികള്‍ക്ക് വാക്‌സിനേഷനു മുന്‍ഗണന ലഭിക്കുന്നതാണ്. ഭാവിയില്‍ ഡയാലിസിസ് വേണ്ടി വന്നേക്കാവുന്ന രോഗികള്‍ മുന്‍കൂറായി കോവിഡ് വാക്‌സിനേഷന്‍ രണ്ടു ഡോസും പൂര്‍ത്തീകരിച്ച് വയ്ക്കുന്നതും നല്ലതാണ്. വൃക്ക മാറ്റിവയ്ക്കല്‍ കഴിഞ്ഞ രോഗികളിലും കോവിഡ് വാക്‌സിനേഷന്‍ അത്യന്താപേക്ഷിതമാണ്.