കാപ്പി കുടിക്കുന്നതു കോവിഡ് രോഗസാധ്യത കുറയ്ക്കുമെന്ന് പഠനം. ദിവസം ഒന്നോ അതിലധികമോ കപ്പ് കാപ്പി കുടിക്കുന്നത് കോവിഡ് വരാനുള്ള സാധ്യത കുറയ്ക്കുമത്രേ. കാപ്പി കുടി പോലെതന്നെ ധാരാളം പച്ചക്കറികള്‍ കഴിക്കുന്നതും പ്രോസസ് ചെയ്ത ഭക്ഷണം വളരെ കുറച്ചു മാത്രം കഴിക്കുന്നതും കോവിഡ് സാധ്യത കുറയ്ക്കുമെന്നും യുഎസിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നു.
കാപ്പിക്ക് ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ട്. യുഎസിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റി ഗവേഷകരാണ് കാപ്പികുടിയും കോവിഡ് സാധ്യതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി പഠനം നടത്തിയത്.
കാപ്പികുടിയ്ക്ക് ഇന്‍ഫ്‌ളമേറ്ററി ബയോമാര്‍ക്കറുകളായ സിആര്‍പി, ഇന്റര്‍ല്യൂക്കിന്‍ 6 , ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ (TNF-1) എന്നിവയുമായി ബന്ധമുണ്ടെന്നു കണ്ടു. പ്രായമായവരില്‍ ന്യുമോണിയ വരാനുള്ള സാധ്യത കുറയ്ക്കാനും കാപ്പി കുടിക്കുന്നതു മൂലം കഴിയും.
ഭക്ഷണവും കോവിഡും തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ യുകെ ബയോബാങ്കിലെ 40,000 ബ്രിട്ടിഷുകാരുടെ വിവരങ്ങള്‍ വിശകലനം ചെയ്തു. ദിവസവും കഴിക്കുന്ന കാപ്പി, ചായ, മത്സ്യം, പ്രോസസ്ഡ് മീറ്റ്, റെഡ് മീറ്റ്, പഴങ്ങള്‍, പച്ചക്കറികള്‍ ഇവയുടെ അളവ് പരിശോധിച്ചു.
ദിവസവും 0.67 സെര്‍വിങ്ങ്സ് എങ്കിലും പച്ചക്കറികള്‍, വേവിച്ചോ വേവിക്കാതെയോ കഴിക്കുന്നത് കോവിഡ് 19 വരാനുള്ള സാധ്യത കുറയ്ക്കുമെന്നു കണ്ടു. ദിവസം 0.43 സെര്‍വിങ്ങ്സ് എങ്കിലും പ്രോസസ്ഡ് മീറ്റ് കഴിക്കുന്നവരില്‍ കോവിഡ് വരാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടു.
ഭക്ഷണത്തിലെ പോഷകഘടകങ്ങള്‍ പ്രതിരോധ സംവിധാനത്തെ ബാധിക്കും എന്ന് പഠനത്തില്‍ കണ്ടു. നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതോടൊപ്പം ധാരാളം പച്ചക്കറികള്‍ കഴിക്കുക, പ്രോസസ് ചെയ്ത ഇറച്ചിയുടെ ഉപയോഗം കുറയ്ക്കുക, കാപ്പി കുടിക്കുക തുടങ്ങിയ ഭക്ഷണശീലങ്ങള്‍ പിന്തുടരുന്നത് കോവിഡ് വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ന്യൂട്രിയന്റ്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.