Friday, April 19, 2024

HomeHealth and Beautyആശുപത്രി വാസവും മരണ സാധ്യതയും പകുതിയാക്കും; കോവിഡിനെതിരെയുള്ള ആദ്യ ആന്റിവൈറല്‍ മരുന്ന് എത്തി

ആശുപത്രി വാസവും മരണ സാധ്യതയും പകുതിയാക്കും; കോവിഡിനെതിരെയുള്ള ആദ്യ ആന്റിവൈറല്‍ മരുന്ന് എത്തി

spot_img
spot_img

കോവിഡ് മൂലമുള്ള ആശുപത്രി വാസവും മരണ സാധ്യതയും പകുതിയായി കുറയ്ക്കാന്‍ മോള്‍നുപിറവിര്‍ എന്ന ആന്‍റി വൈറല്‍ മരുന്നിന് സാധിക്കുമെന്ന് പഠനം. കോവി!ഡ് ബാധിതരായ രോഗികള്‍ക്ക് ദിവസം രണ്ടെണ്ണം എന്ന കണക്കില്‍ പരീക്ഷണാര്‍ഥമാണ് ഈ ഗുളിക നല്‍കിയത്.

പരീക്ഷണഫലം വിജയകരമായിരുന്നതായും കോവിഡിനെതിരെയുള്ള അടിയന്തിര ഉപയോഗ അനുമതിക്കായി അമേരിക്കയില്‍ അപേക്ഷ നല്‍കുമെന്നും മരുന്ന് നിര്‍മ്മാതാക്കാളായ മെര്‍ക് അറിയിച്ചു. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ കോവിഡിനെതിരെ കഴിക്കാവുന്ന ആദ്യ ആന്‍റിവൈറല്‍ മരുന്നായി മോള്‍നുപിറവിര്‍ മാറും.

ഇന്‍ഫ്‌ളുവന്‍സ ചികിത്സിക്കാന്‍ വികസിപ്പിച്ച മോള്‍നുപിറവിര്‍ കൊറോണ വൈറസിന്‍റെ ജനിതക കോഡില്‍ മാറ്റം വരുത്തി ശരീരത്തില്‍ അത് പടരാതിരിക്കാന്‍ സഹായിക്കുമെന്ന് മെര്‍ക് അവകാശപ്പെടുന്നു. 775 രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ മോള്‍നുപിറവിര്‍ നല്‍കിയ രോഗികളില്‍ 7.3 ശതമാനത്തിനേ ആശുപത്രി വാസം വേണ്ടി വന്നുള്ളൂ.

അതേ സമയം അത് നല്‍കാത്ത രോഗികളില്‍ 14.1 ശതമാനം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മോള്‍നുപിറവിര്‍ ലഭിച്ച രോഗികള്‍ ആരും മരണപ്പെടാതിരുന്നപ്പോള്‍ രണ്ടാമത്തെ ഗ്രൂപ്പില്‍ എട്ട് രോഗികള്‍ കോവിഡ് മൂലം മരണപ്പെട്ടു. എന്നാല്‍ ഈ ഗവേഷണഫലം ഇനിയും പിയര്‍ റിവ്യൂ ചെയ്യപ്പെട്ടിട്ടില്ല.

കോവിഡ് വാക്‌സീനുകള്‍ പലതും കൊറോണ വൈറസിന്‍റെ പുറമേയുള്ള മുന പോലുള്ള സ്‌പൈക് പ്രോട്ടീനെയാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി മോള്‍നുപിറവിര്‍ ഉപയോഗിച്ചുള്ള ചികിത്സ വൈറസ് സ്വയം പകര്‍പ്പെടുക്കാന്‍ ഉപയോഗിക്കുന്ന എന്‍സൈമിനെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഭാവിയില്‍ ഉരുത്തിരിയാവുന്ന കൊറോണ വൈറസ് വകഭേദങ്ങള്‍ക്കെതിരെയും ഈ ആന്‍റിവൈറല്‍ ചികിത്സ ഫലപ്രദമാണെന്നും മെര്‍ക് പറയുന്നു.

കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ തന്നെ മോള്‍നുപിറവിര്‍ കഴിക്കണമെന്നും പരീക്ഷണഫലം ശുപാര്‍ശ ചെയ്യുന്നു. അമേരിക്കന്‍ മരുന്ന് നിര്‍മ്മാതാക്കളായ ഫൈസറും സ്വിസ് മരുന്ന് കമ്പനിയായ റോഷെയും സമാനമായ ആന്‍റിവൈറല്‍ മരുന്ന് വികസനത്തിന്‍റെ അവസാന ഘട്ടത്തിലാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments