കോഴിക്കോട്: ഇന്ത്യയില്‍ ആദ്യമായി ലിറ്റററി ടൂറിസം സര്‍ക്യൂട്ട് പ്രഖ്യാപിച്ച് കേരള ബജറ്റ് ശ്രദ്ധേയമാവുന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തട്ടകത്തില്‍ നിന്നു തുടങ്ങി പൊന്നാനി വരെ നീളുന്നതാണ് സര്‍ക്യൂട്ട്.
ഇത് കേരള സാഹിത്യത്തിലെ എല്ലാ മഹാരഥന്‍മാരുടേയും സാന്നിധ്യം അനുഭവിച്ചറിയാന്‍ വിജ്ഞാന കുതുകികള്‍ക്കു വഴിയൊരുക്കും. ടൂറിസത്തെ വിജ്ഞാനവുമായി കൂട്ടിയിണക്കുന്ന പുതിയ സാധ്യതയാണ് ഇതിലൂടെ തുറക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.
വൈക്കം മുഹമ്മദ് ബഷീറില്‍ തുടങ്ങി എം.ടി വാസുദേവന്‍ നായര്‍, തുഞ്ചത്ത് എഴുത്തച്ചന്‍, ഒ.വി വിജയന്‍ എന്നിവരുടെ തട്ടകങ്ങളിലൂടെയുള്ള സഞ്ചാരം ഉള്‍ക്കൊള്ളുന്ന മലബാര്‍ ലിറ്റററി സര്‍ക്യൂട്ട് ബേപ്പൂര്‍, തുഞ്ചന്‍ സ്മാരകം, പൊന്നാനി, തസ്രാക്ക്, ഭാരതപ്പുഴയുടെ തീരങ്ങള്‍, തൃത്താല എന്നീ പ്രദേശങ്ങളുടെ കലാസാഹിത്യ പാരമ്പര്യത്തെ കോര്‍ത്തിണക്കുന്നതായിരിക്കും. എഴുത്തും മണ്ണും മനുഷ്യരും കാലവും എല്ലാം സാക്ഷിയാകുന്ന ഈ വിനോദ സഞ്ചാര പദ്ധതി ഏറെ പ്രതീക്ഷ പകരുന്നതാണ്.
ലിറ്റററി സര്‍ക്യൂട്ടിനൊപ്പം ജൈവ വൈവിധ്യ ടൂറിസം സര്‍ക്യൂട്ടും ബജറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം ജില്ലയിലെ അഷ്ടമുടി കായല്‍, മണ്‍ട്രോതുരുത്ത്, കൊട്ടാരക്കര മീന്‍പിടിപ്പാറ, മുട്ടറ മരുതിമല, ജടായുപാറ, തെന്മല, അച്ചന്‍കോവില്‍ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ബജറ്റില്‍ പ്രഖ്യാപിച്ച ബയോഡൈവേഴ്‌സിറ്റി ടൂറിസം സര്‍ക്യൂട്ട് .
വിനോദ സഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിനായി ബജറ്റില്‍ പ്രഖ്യാപിച്ച സമഗ്ര പാക്കേജ് ഈ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പിന്റെ മാര്‍ക്കറ്റിംഗിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമെ 50 കോടി രൂപ ബജറ്റില്‍ അധികമായി അനുവദിച്ചത് സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാര മേഖലയുടെ തിരിച്ചുവരവ് സാധ്യമാക്കുന്ന പുത്തന്‍ പദ്ധതികള്‍ക്കാണ് ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇടം നല്‍കിയിരിക്കുന്നത്.
പാക്കേജിന് സര്‍ക്കാര്‍ വിഹിതമായി 30 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ടൂറിസം വകുപ്പിന്റെ മാര്‍ക്കറ്റിംഗിന് നിലവിലുള്ള 100 കോടി രൂപയ്ക്ക് പുറമെ 50 കോടി രൂപ ബജറ്റില്‍ അധികമായി അനുവദിച്ചു. ടൂറിസം മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുന്നതിനായി കെ എഫ് സി 400 കോടി രൂപ വായ്പ നല്‍കും.
ജലാശയങ്ങളിലും കരയിലും സഞ്ചരിക്കുന്ന ആംഫിബിയന്‍ വാഹന സൗകര്യത്തിനായി അഞ്ച് കോടി രൂപയാണ് അനുവദിച്ചത്. ആദ്യഘട്ടമായി കൊല്ലം, കൊച്ചി, തലശ്ശേരി മേഖലകളിലാണ് ഈ വാഹന സൗകര്യം ഒരുക്കുക.
കേരളത്തിന്റെ സാഹിത്യവും ജൈവ വൈവിധ്യവും സംരക്ഷിച്ച് ആകര്‍ഷകമാക്കുന്നതിനുള്ള രണ്ട് സര്‍ക്യൂട്ട് ടൂറിസം പദ്ധതികള്‍ കൂടി ബജറ്റില്‍ പ്രഖ്യാപിച്ചതോടെ ടൂറിസത്തിന്റെ സങ്കല്‍പ്പങ്ങള്‍ തന്നെ നവീകരിക്കപ്പെടുകയാണ്.
മലബാര്‍ ലിറ്റററി സര്‍ക്യൂട്ട്, ബയോഡൈവേഴ്‌സിറ്റി സര്‍ക്യൂട്ട് എന്നിവ ഈ മേഖലയിലെ പുതുമയാര്‍ന്ന പദ്ധതികളായി മാറും. രണ്ട് പദ്ധതികള്‍ക്കും 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.