തിരുവനന്തപുരം: മലയാളികളായ ഏഴ് പെണ്‍കവികളുടെ ഇംഗ്ലീഷ് കവിത സമാഹാരം ‘മ്‌റാക്കി’ (Meraki) പ്രശസ്ത സിനിമ സംവിധായകന്‍ പ്രിയദര്‍ശന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ പ്രകാശനം ചെയ്തു. ഹേമ നായര്‍ ആര്‍, മധുമതി രാജമ്മ, നാസ്‌നിന്‍ സുള്‍ഫത്ത് നാസര്‍, ഷഹീന്‍ നദീം, ശാലിനി സോമനാഥ്, മിനി ബാബു, അശ്വതി അരവിന്ദക്ഷന്‍ എന്നിവര്‍ എഴുതിയ കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്.
അധ്യാപകരായ അശ്വതി അരവിന്ദാക്ഷനും മിനി ബാബുവും എഡിറ്റ് ചെയ്ത 42 കവിതകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്. സ്ത്രീയുടെ ജീവിതമാണ് മിക്ക കവിതകളുടേയും വിഷയം. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ അനുഭവങ്ങളെ, അവരുടെ വികാരങ്ങളെ, ഭാവനകളെയൊക്കയാണ് ഈ കവിതകള്‍ പ്രതിഫലിപ്പിക്കുന്നത്.
“കേരളത്തില്‍ നിന്നുള്ള ഒരു കൂട്ടം വനിതകളുടെ കവിതാപുസ്തകം ‘മ്‌റാക്കി’ (ങലൃമസശ) പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം ഉണ്ട്. മിക്ക കവിതകളിലും സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങള്‍ നമ്മുക്ക് വായിക്കാം. അവരുടെ പ്രതീക്ഷകള്‍, സ്വപ്‌നങ്ങള്‍ എന്നിവയുടെ സര്‍ഗാത്മകമായ ആവിഷ്ക്കാരമാണ് ഈ കവിതകളൊക്കെയും”, സംവിധായകന്‍ പ്രിയദര്‍ശന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഗ്രീക്ക് ഭാഷയില്‍ പിറവി കൊണ്ടതാണ് ‘മ്‌റാക്കി’ (Meraki) എന്ന വാക്ക്. തികഞ്ഞ ഭക്തിയോടെ, അഭിനിവേശത്തോടെ, ശ്രദ്ധയോടെ സര്‍ഗ്ഗാത്മക പ്രവര്‍ത്തിയില്‍ നമ്മളുടെ ഒരു ചിന്തിനെ അവശേഷിപ്പിക്കുക എന്നതാണ് ആ വാക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ സമാഹാരത്തില്‍ കവിതകളൊക്കെയും വ്യക്തിപരവും അനുഭവത്തിന്റെ മൂര്‍ച്ചയില്‍ വായനക്കാരനെ മുറിവേല്‍പ്പിക്കാന്‍ പോന്നതുമാണ്. ഡല്‍ഹി ആസ്ഥാനമായുള്ള ഓഥേഴ്‌സ് പ്രസ്സാണ് പ്രസാധകര്‍.