Friday, October 11, 2024

HomeLiteratureബലിക്കാക്ക

ബലിക്കാക്ക

spot_img
spot_img

ചെറിയ ചാറ്റല്‍ മഴയും കോടമഞ്ഞും കര്‍ക്കിടകത്തിന്റെ വരവ് ആഘോഷിക്കുകയാണ്. തോരാതെ പെയ്യുന്ന ചാറ്റല്‍മഴയില്‍ നനഞ്ഞ തൂവലുമായി വിശാലമായ വരാന്തയുടെ അങ്ങേ കോണില്‍പറന്നു വന്നിരിക്കുന്ന കാക്കയെ ഉണ്ണി നോക്കി. തൂവല്‍ കുടഞ്ഞുണക്കിയ കാക്ക ഉണ്ണിയുടെ മുഖത്തേക്ക് നോക്കി.

അവന്‍ പലവട്ടം ആട്ടിയോടിച്ചിട്ടും കാക്ക പറന്നു പോകാന്‍ കൂട്ടാക്കിയില്ല. പകരം വരാന്തയുടെ മൂലയ്ക്കിരുന്ന മുത്തശ്ശിയുടെ മുറുക്കാന്‍ ചെല്ലത്തിന്റെ മുകളില്‍ കയറിയിരുപ്പായി. ”മുത്തശ്ശി… മുത്തശ്ശി…” എന്ന് ഉച്ചത്തില്‍ വിളിച്ച് ഉണ്ണി അകത്തേക്കോടി.

”എന്താ കുട്ട്യേ…” അകത്തെ മുറിയില്‍ കറുത്ത കരിമ്പടത്തിനടിയില്‍ മൂടി പുതച്ചുകിടന്ന മുത്തശ്ശി കരിമ്പടം മെല്ലെ നീക്കി ചോദിച്ചു.

അതേ! വരാന്തയിലെ മുത്തശ്ശിയുടെ മുറുക്കാന്‍ ചെല്ലത്തില്‍ ഒരു വലിയ കാക്ക വന്നിരിക്കണു, എത്ര ആട്ടിയിട്ടും പോകാന്‍ കൂട്ടാക്കണില്ല.

”ഉം… ഇന്നേതാ ദിവസം…വ്യാഴല്ലെ…”

”നാളെ കര്‍ക്കിടകത്തിലെ കറുത്തവാവ… വരാന്‍ ഒരുപാട് പിതൃക്കളുണ്ടേ. നീ അതിനെയൊന്നും ഓടിക്കാന്‍ നില്‌ക്കേണ്ട. അത് താനെ പൊയ്‌ക്കോളും…”

കരിമ്പടത്തിനിടയിലേക്ക് തല പൂഴ്ത്തിക്കൊണ്ട് മുത്തശ്ശി പറഞ്ഞു.

നിരാശയോടെ ഉണ്ണി ഇറയത്തേക്ക് നടന്നു. വരാന്തയിലെ മുറുക്കാന്‍ ചെല്ലത്തിലിരുന്ന വെറ്റില പല കക്ഷണങ്ങളായി താഴെ കിടപ്പുണ്ട്, പക്ഷേ കാക്കയെ അവിടെങ്ങും കണാനില്ല. അവന്‍ മെല്ലെ മുറ്റത്തേക്കിറങ്ങി.

”എട… മഴ നനയാതെ കേറിപോട…” മുറ്റമടിച്ചുക്കൊണ്ടിരുന്ന ഈര്‍ക്കില്‍ ചൂലുമായ് അമ്മ പാഞ്ഞടുത്തു.

അവന്‍ ഓടി വരാന്തയില്‍ കയറി

”ഇവിടെ എല്ലാവര്‍ക്കും എന്ത് തോന്ന്യാസോം കാട്ടാം, എനിക്ക് മാത്രം ഒന്ന് മുറ്റത്തിറങ്ങാന്‍ കൂടി പറ്റില്ല…” അവന്‍ പിറുപിറുത്ത് കൊണ്ട് വരാന്തയില്‍ പെരുങ്ങലത്തിലകൊണ്ട് തേച്ച് കഴുകി വച്ചിരുന്ന കുരണ്ടി പലകയിലിരുന്നു.

അപ്പോഴേക്കും കോടമഞ്ഞ് അവിടമാകെ വിഴുങ്ങിയിരുന്നു. ഒരു ചെറിയ കാറ്റ് ചൂളം വിളിച്ച് കടന്നുപോയി. അതിനിടയ്‌ക്കെവിടയോ കാക്കയുടെ കരച്ചില്‍ അവന്‍ കേട്ടു. തെക്കുവശത്തെ നെല്ലിയുടെ ചില്ലയിലാണെന്നു തോന്നുന്നു. അതോ അതിനിപ്പുറത്തുള്ള ആരിവേപ്പിലാണോ എന്ന് അവന് സംശയം. മുറ്റമടിച്ചു കൊണ്ടിരുന്ന ഉണ്ണിയുടെ അമ്മ തലയില്‍ മഴചാറ്റല്‍ കൊള്ളാതിരിക്കാന്‍ ഇട്ട പ്ലാസ്റ്റിക്ക്ഷീറ്റെടുത്ത് മടക്കി ഇറയത്ത് തിരുക്കി വച്ചതിനു ശേഷം അകത്തേക്ക് കേറിപ്പോയി.

അവന്‍ മെല്ലെ മുറ്റത്തിറങ്ങി.

”അയ്യോ…അമ്മേ…” അവന്‍ അലറിക്കൊണ്ട് ഓടിഅകത്ത് കയറി.

”എന്താട അലറുന്നെ…” അടുക്കളയില്‍ നിന്നും അമ്മ ചോദിച്ചു.

”വര… വര… വരാന്തയില്‍ ഭൂതം…”

”അമ്മേ, അമ്മയോട് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട് ഈ കരിമ്പടം പുതച്ച് വരാന്തയില്‍ കൂനിക്കൂടിയിരിക്കരുതെന്ന്… എത്ര പറഞ്ഞാലും അനുസരിക്കില്ല, ആളെ പേടിപ്പിക്കാന്‍…”

അപ്പോഴാണ് ഉണ്ണിയുടെ ശ്വാസം നേരെവീണത്.

”അത് മുത്തശ്ശിയായിരുന്നോ…” അവന്‍ ചോദിച്ചു. അവന്‍ മുത്തശ്ശിയുടെ ഓരം ചേര്‍ന്നിരുന്നു. ചെല്ലത്തിലെ വെറ്റില മുഴുവന്‍ കീറിയിട്ടതിന് മുത്തശ്ശി അവനെ വഴക്ക് പറഞ്ഞു.

അതാകാക്കയാ… അവന്‍ രാവിലത്തെ കഥ മുഴുവനും മുത്തശ്ശിയോട് പറഞ്ഞു. മുത്തശ്ശിയുടെ ഓര്‍മ്മകളിലെ കറുത്തവാവിന്റെ നിറമുള്ള കഥകള്‍ ഉണ്ണികുട്ടനോട് അവരും പറഞ്ഞു.

മരണശേഷം ഒരോ ആത്മാക്കളും ഒരോ കാക്കയായിത്തീരും. അതു കൊണ്ടാണ് ബലിയിടുമ്പോള്‍ കാക്ക വരുന്നതും. അത് സധാരണ കാക്കയല്ലെന്നും മറ്റ് കാക്കകളില്‍നിന്ന് കുറച്ചു കൂടി വ്യത്യസ്തമായിരിക്കുമെന്നും മുത്തശ്ശിയുടെ വരികളിലൂടെ അവന്റെ മനസ്സിലേക്ക് പതിഞ്ഞു. തന്നെയുമല്ല അടുത്തകാലത്ത് മരണപ്പെട്ട പലരും കാക്കയായി വരുമ്പോള്‍ അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്ത് തന്നെയായിരിക്കും വന്നിരിക്കുക എന്നും മുത്തശ്ശി പറഞ്ഞു.

മുറുക്കാന്‍ ചെല്ലത്തില്‍ നിന്നും വെറ്റിലയെടുത്തിട്ടുണ്ടെങ്കില്‍ യാതൊരു സംശയവും വേണ്ട അത് മുത്തശ്ശന്‍ തന്നെയായിരിക്കും. ഗദ്ഗദത്തോടെ മുത്തശ്ശി പറഞ്ഞു.

മുത്തശ്ശനെ കണ്ട ഓര്‍മ്മ ഉണ്ണികുട്ടനില്ല. എങ്ങിലും ആ കാക്കയെ ഒരിക്കല്‍ കൂടി കണാന്‍ അവന്‍ ആഗ്രഹിച്ചു.

”ഒ… ഈ നാശം പിടിച്ച കാക്കയെക്കൊണ്ട് വലിയ ശല്യമായല്ലൊ. ഇതിനെയൊക്കെ വല്ല വിഷവും കൊടുത്ത് കൊന്നുടേ…” പിന്നാമ്പുറത്തെ വിറക്പുരയില്‍നിന്നും അച്ചനോടായി ഉച്ചത്തില്‍ പറഞ്ഞു കൊണ്ട് അമ്മ അടുക്കളയിലേക്ക് കയറി.

ഉണ്ണിയുടെ മനസ്സില്‍ മുത്തശ്ശിയുടെ വാക്കുകള്‍ തികട്ടി വന്നു .

അല്ലെങ്കിലും അമ്മയ്ക്ക് മുത്തശ്ശനെ ഒട്ടും ഇഷ്ടമായിരുന്നില്ല. പലപ്പോഴും മുത്തശ്ശനുമായി വഴക്കടിച്ചിരുന്നെന്ന് മുത്തശ്ശി പറയുമായിരുന്നു.അതു കൊണ്ടായിരുന്നല്ലൊ മുത്തശ്ശന്റെ ഏറ്റവും പ്രിയപ്പെട്ട ‘ചാരുകസേര’ ചിതയണയുന്നതിനു മുന്‍പെ പിന്നാമ്പുറത്തെ വിറകുപുരയിലേക്ക് മാറ്റിയത്. അവന്‍ ആ കാക്കയതേടി വിറകുപുരയിലേക്ക് നടന്നു.

ഈ സമയം അടുക്കള വാതില്‍ക്കലുള്ള കറിവേപ്പില തണ്ടിലിരുന്ന് അമ്മയെ നോക്കി കണ്ണൂരുട്ടുന്ന കാക്കയെ ഉണ്ണി കണ്ടു.ഉണ്ണിയെ കണ്ടതും കാക്ക പറന്ന് വിറകുപുരയിലേക്ക് പോയി. അവന്‍ പിന്നാലെയോടി. പക്ഷേ അവിടെയെങ്ങും ആ കാക്കയെ ഉണ്ണിക്ക് കാണാന്‍ സാധിച്ചില്ല. പക്ഷേ മുത്തശ്ശന്റെ പ്രിയപ്പെട്ട ചാരുകസേരയിലെ തുണിയില്‍ കാക്കയുടെ കാല്‍വിരലിന്‍ അടയാളം ഉണ്ണി കണ്ടു. ഒരു കാര്യം അവന്‍ ഉറപ്പിച്ചു ‘വന്നത് മുത്തശ്ശന്‍ തന്നെ…’

പിന്നെ അന്നത്തെ പകലിലൊന്നും കാക്കയെ അവന് കാണാന്‍ കഴിഞ്ഞില്ല.

രമായണത്തിന്റെ ശീലുകള്‍ മുത്തശ്ശിയുടെ മടിയിലിരുന്ന് കേള്‍ക്കുമ്പോഴും ഉണ്ണിയുടെ മനസ്സില്‍ കാക്കയും, മുത്തശ്ശനുമായിരുന്നു.ഇറയത്തെ ചിമ്മിനി വിളക്കിന്റെ തിരി താഴ്ത്തിക്കൊണ്ട് അച്ചന്‍ അമ്മയോട് പറയുന്നതു കേട്ടു.

”നാളെ വാവാണ് ബലിയിടണം അതിനുള്ള ഏര്‍പ്പാടുകള്‍ എല്ലാം നേരത്തെ എഴുന്നേറ്റ് ഏര്‍പ്പാടാക്കണം. അച്ഛന് താത്പര്യമുള്ള എല്ലാ ഭക്ഷണവും തയ്യാറാക്കണം, കുടാതെ ബലികാക്കയ്ക്കുള്ള ഉണക്കലരി ചോറും…” അമ്മ തലയാട്ടി.

പുറത്ത് കനത്ത മഞ്ഞിനേയും വഹിച്ചുകൊണ്ടുള്ള കാറ്റിന്റെ ഹുങ്കാരവം കേള്‍ക്കാം. അകലെയെവിടയോ കാലന്‍ കോഴിയുടെ നീട്ടിയുള്ള കൂവല്‍. ഉണ്ണിയുടെ കണ്‍പോളകള്‍ മെല്ലെ, മെല്ലെ അടഞ്ഞു. അവന്‍ ഉറക്കത്തിലേക്ക് വഴുതി വീണു. അപ്പോഴും അവന്റെ മനസ്സുനിറയെ കാക്കയുടെ ഓര്‍മ്മകളായിരുന്നു.

കാക്കകളുടെ നിലയ്ക്കാത്ത ബഹളം കേട്ടണ് ഉണ്ണി ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. നേരം നന്നേ വെളുത്തിരുന്നു. അവന്‍ മുറ്റത്തേക്കിറങ്ങാന്‍ തുടങ്ങുമ്പോഴേക്കും അമ്മ ഓടിയെത്തി. കൈയില്‍ ഒരു നീളന്‍ വടിയുമുണ്ട്.

”ഉണ്ണി… മുറ്റത്തേയ്ക്കിറങ്ങല്ലെ…കാക്കകള്‍ നിന്നെ ഓടിച്ചിട്ട് കൊത്തും. കുറച്ചു കഴിയുമ്പോള്‍ എല്ലാം പോകും അപ്പോള്‍ ഇറങ്ങാം. അതു വരെ നീ പോയി കിടന്നോ…”

അച്ഛന്‍ ബലിയിട്ട് കഴിഞ്ഞ് പിണ്ണം മുങ്ങാന്‍ പുഴയിലേക്ക് പോയി. അച്ഛന്‍ വരട്ടെ ബാക്കിയുള്ളതിനേയും ഓടിക്കണം.

വരാന്തയുടെ അങ്ങേ തലയ്ക്കല്‍ മുത്തശ്ശി മുറുക്കാന്‍ ചെല്ലവും പിടിച്ചിരിപ്പുണ്ട്. അമ്മ പോയപ്പോള്‍ അവന്‍ മുത്തശ്ശിയോട് ചോദിച്ചു.

”മുത്തശ്ശി മുത്തശ്ശന്‍ വന്നോ..? അതോ കുടുംബക്കാര് മുഴുവന്‍ വന്നോ..?എന്താ ഇത്രയധികം കാക്ക..?”

”എങ്ങനെ വരാന, ആ കാക്കയെ നിന്റെ അമ്മ വിഷംവച്ചു കൊന്നില്ലെ…” മുത്തശ്ശിയുടെ കണ്ണില്‍ കണ്ണീര്‍ പൊടിഞ്ഞു. നിരാശയോടെ ഉണ്ണി കൊരണ്ടി പലകയിലിരുന്നു.

തന്റെ ഓര്‍മ്മകളില്‍ മുത്തശ്ശന്റെ ചിത്രം വ്യക്തമായി പതിഞ്ഞിട്ടില്ല. ഇന്ന് ബലികാക്കയായി മുത്തശ്ശന്‍ എത്തുമെന്ന തന്റെ പ്രതീക്ഷയാണ് അമ്മ തകര്‍ത്തെറിഞ്ഞത്.

ഇനി എങ്ങനെയാണ് ഞാന്‍ മുത്തശ്ശനെ കണ്ടെത്തുന്നത്.

മുന്‍പ് മുത്തശ്ശന്‍ കാക്കയായിരുന്നെങ്ങില്‍ ഇനിമുതല്‍ ആ കാക്കയുടെ ആത്മാവ് എന്തായിമാറും..? ഇനിയുള്ള കറുത്തവാവില്‍ മുത്തശ്ശന്‍ വരുമോ..?

എന്നിങ്ങനെയുള്ള ചിന്തകളുമായി ഉണ്ണിയുടെ യാത്ര ഇവിടെ തുടങ്ങുന്നു. ഉമ്മറത്തെ ചുമരിലെ മറാലകളില്‍ മറഞ്ഞിരുന്ന മുത്തശ്ശന്റെ ഛായചിത്രത്തില്‍ നോക്കി മുത്തശ്ശി നെടുവീര്‍പ്പിട്ടു.

അപ്പോഴും തെക്ക് ഭാഗത്ത് നാക്കിലയില്‍ വച്ച ബലിച്ചോറ് തിന്നാതെ മാറിയിരുന്ന കാക്കകളിലൂടെ പിതൃക്കള്‍ നീരസമറിയിച്ചു മടങ്ങിയിരുന്നു. അടുത്ത കറുത്തവാവിന് കാണമെന്ന പ്രതീക്ഷയോടെ…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments