Wednesday, June 19, 2024

HomeNewsKeralaകവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

spot_img
spot_img

തിരുവനന്തപുരം: എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന  മധുരവും കാല്പനികവുമായ ഒട്ടേറെ ചലച്ചിത്രഗാനങ്ങളുടെയും ലളിതഗാനങ്ങളുടെയും രചയിതാവും കവിയുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 12.15ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.

ഭാര്യ: ആമിന. മക്കൾ: തുഷാര, പ്രസൂന. മരുമക്കൾ: സലീം (സഹകരണ വകുപ്പ്), അഹമ്മദ് ഷെറിൻ (കേരള യൂണിവേഴ്‌സിറ്റി).

 പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്ന പൂവച്ചൽ ഖാദർ മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം), ഏതോ ജന്മ കൽപനയിൽ (പാളങ്ങൾ), അനുരാഗിണി ഇതായെൻ (ഒരു കുടക്കീഴിൽ), ശരറാന്തൽ തിരിതാഴും (കായലും കയറും) തുടങ്ങിയവയടക്കം അവയിൽ പലതും മലയാളി എന്നു ഓർമിക്കുന്നവയാണ്.

ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീതജീവിതത്തിന്റെ ഭാഗമാണ്.

1948 ഡിസംബർ 25 ന് തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദറിന്റെ ജനനം. പിതാവ് അബൂബക്കർ പിള്ള. മാതാവ് റാബിയത്തുൽ അദബിയ ബീവി. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂരിലെ വലപ്പാട് പോളിടെക്‌നിക്കിൽനിന്ന് എൻജിനീയറിങ് ഡിപ്ലോമ നേടി. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽനിന്ന് എഎംഐഇ പാസായി.

സ്‌കൂളിൽ പഠിക്കുമ്പോൾ കയ്യെഴുത്തുമാസികയിൽ കവിതയെഴുതിയാണ് തുടക്കം. പിന്നീട് കോളജ് കാലത്ത് മലയാള രാജ്യത്തിലും കുങ്കുമത്തിലും മറ്റും കവിത അച്ചടിച്ചുവന്നു. കോഴിക്കോട്ട് ജോലി ചെയ്യുന്നകാലത്ത് കവിത എന്ന സിനിമയ്ക്കു പാട്ടെഴുതിക്കൊണ്ട് 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്. പിന്നീട്, മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിൽ ചിലതിലടക്കം പാട്ടുകളെഴുതി. ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളിലും മലയാള സിനിമാഗാനരംഗത്തു നിറ!ഞ്ഞുനിന്ന ഖാദർ കെ.ജി. ജോർജ്, പി.എൻ. മേനോൻ, ഐ.വി. ശശി. ഭരതൻ, പത്മരാജൻ അടക്കമുള്ള മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

മൗനമേ നിറയും മൗനമേ (തകര), സിന്ദൂര സന്ധ്യയ്ക്ക് മൗനം (ചൂള), രാജീവം വിടരും നിൻ മിഴികൾ (ബെൽറ്റ് മത്തായി), ‘മഴവില്ലിൻ അജ്ഞാതവാസം കഴിഞ്ഞു’ (കാറ്റുവിതച്ചവൻ), നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം), ഇത്തിരി നാണം പെണ്ണിന് കവിളിൽ (തമ്മിൽ തമ്മിൽ), ‘ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ’ (കായലും കയറും), നീയെന്റെ പ്രാർഥനകേട്ടു (കാറ്റു വിതച്ചവൻ), കിളിയേ കിളിയേ (ആ രാത്രി), പൂമാനമേ ഒരു രാഗമേഘം താ (നിറക്കൂട്ട്), കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ (താളവട്ടം), മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ (ദശരഥം) തുടങ്ങിയവയാണ് പൂവച്ചലിന്റെ ഹിറ്റുകളിൽ ചിലത്.

നാടകസമിതികൾക്കു വേണ്ടി പൂവച്ചലൊരുക്കിയ പാട്ടുകൾക്ക് ഈണമിട്ടത് ബാബുരാജ്, കണ്ണൂർ രാജൻ, രവീന്ദ്രൻ മാസ്റ്റർ തുടങ്ങിയവരാണ്. പഞ്ചമി പോലൊരു സുന്ദരിപക്ഷി, കര തേടി ഒഴുകുന്നു കളിയോടവും, ദുഃഖങ്ങളേ നിങ്ങളുറങ്ങൂ തുടങ്ങിയ നാടകഗാനങ്ങളെല്ലാം ഇന്നും സംഗീതാസ്വാദകരുടെ ഓർമയിലുണ്ട്.

കോഴിക്കോട് ആകാശവാണിയിൽ അദ്ദേഹം എഴുതിയ ലളിതഗാനങ്ങൾക്കു ധാരാളം ആസ്വാദകരുണ്ടായിരുന്നു. നിറകതിർ താലം കൊണ്ട് നിലാവിറങ്ങി, പാടാത്ത പാട്ടിൻ മധുരം എന്റെ മാനസമിന്നു നുകർന്നു, രാമായണക്കിളി ശാരികപ്പൈങ്കിളി, ജയദേവകവിയുടെ ഗീതികൾ കേട്ടെന്റെ, പഥികൻ പാടുന്നു പഥികൻ പാടുന്നു തുടങ്ങിയ പാട്ടുകൾ മലയാളികൾ ഏറ്റുപാടിയവയാണ്. തളിരിട്ട മരം ചാടി കതിരിട്ട മിഴിയുമായ്, കസവിൻ തട്ടം ചൂടി കരിമിഴിമുനകൾ നീട്ടി എന്നിവയടക്കം പ്രശസ്തങ്ങളായ മാപ്പിളപ്പാട്ടുകളും ഖാദറിന്റേതായുണ്ട്.

കളിവീണ, പാടുവാൻ പഠിക്കുവാൻ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാന സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments