Saturday, July 27, 2024

HomeMain Storyമഴ വീണ്ടും വില്ലന്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് നാലാം ദിനം കളി ഉപേക്ഷിച്ചു

മഴ വീണ്ടും വില്ലന്‍, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ് നാലാം ദിനം കളി ഉപേക്ഷിച്ചു

spot_img
spot_img

സതാംപ്റ്റണ്‍: ഇന്ത്യ-ന്യൂസിലാന്‍ഡ് ലോക ക്രിക്കറ്റ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മോശം കാലാവസ്ഥ പിന്നെയും വില്ലാനാവുകയാണ്. ഫൈനലിന്റെ നാലാം ദിവസത്തെ കളി ഓരോവര്‍ പോലും എറിയാന്‍ കഴിയാതെ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു നാലാം ദിവസം.

മൂന്നാം ദിനത്തില്‍ സ്‌കോര്‍ 217 എത്തിയപ്പോഴേക്കും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ എല്ലാവരും പുറത്തായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ കൈല്‍ ജാമിസനാണ് ഇന്ത്യന്‍ നിരയുടെ കഥ കഴിച്ചത്. മത്സരത്തിന്റെ ആദ്യ ദിനം മഴ മൂലം ടോസ് പോലും ചെയ്യാനാകാതെ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നു.

രണ്ടാം ദിവസം വെറും 64.4 ഓവര്‍ മാത്രമാണ് കളി നടന്നത്. ഇന്ത്യയുടെ ഇന്നിംഗ്‌സ് 146/3 എന്ന നിലയില്‍ പുരോഗമിക്കുമ്പോള്‍ മത്സരം വെളിച്ചക്കുറവ് മൂലം നിര്‍ത്തി വയ്ക്കുകയായിരുന്നു.

മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും ഇപ്പോഴും സതാംപ്ടണില്‍ തുടരുന്നതിനാലാണ് നാലാം ദിവസത്തെ കളി പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുന്നത്. ഇന്നു മുഴുവന്‍ മഴ പെയ്യാന്‍ സാധ്യത കൂടുതലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ ന്യൂസിലന്‍ഡ് ടീം രണ്ടു വിക്കറ്റിന് 101 റണ്‍സെന്ന ശക്തമായ നിലയിലാണ്.

116 റണ്‍സ് കൂടി നേടിയാല്‍ അവര്‍ക്ക് ഇന്ത്യക്കൊപ്പമെത്താം. 12 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും റണ്ണൊന്നുമെടുക്കാതെ റോസ് ടെയ്‌ലറുമാണ് നിലവില്‍ ക്രീസിലുള്ളത്. ഓപ്പണര്‍മാരായ ടോം ലാതം (30), ഡിവോണ്‍ കോണ്‍വേ (54) എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്.

വെളിച്ചക്കുറവ് കാരണം രണ്ടാം ദിനത്തില്‍ കളി നേരത്തെ അവസാനിപ്പിച്ചപ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന ഭേദപ്പെട്ട നിലയിലായിരുന്നു. മൂന്ന് വിക്കറ്റിന് 146 റണ്‍സ് എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് ഇന്ത്യ 217 റണ്‍സിന് പുറത്തായത്. മികച്ച ഒരു ടോട്ടല്‍ ലക്ഷ്യം വച്ചിറങ്ങിയ ഇന്ത്യന്‍ ടീം പേസ് കെണിയില്‍ വീഴുന്നതാണ് കണ്ടത്.

മൂന്നാം ദിനം തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായി. തലേ ദിവസത്തെ തന്റെ സ്‌കോറായ 44ലേക്ക് ഒരു റണ്‍ പോലും ചേര്‍ക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന് കഴിഞ്ഞില്ല. ജാമിസണിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് കോലി പുറത്തായത്. മധ്യനിരയും വാലറ്റവും കാര്യമായ ചെറുത്തുനില്‍പ്പ് നടത്താതിരുന്നതാണ് ഇന്ത്യക്കു തിരിച്ചടിയായത്. 49 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മത്സരം നടക്കുന്ന അഞ്ചു ദിവസവും ഏതെങ്കിലും കാരണവശാല്‍ ഓവറുകള്‍ നഷ്ടമായാല്‍ അതിന് പകരം ആറാം ദിനത്തില്‍ കളി നടത്തുമെന്നാണ് ഐ.സി.സിയുടെ തീരുമാനം. ഒരു ദിവസം ആറ് മണിക്കൂര്‍വെച്ച് 30 മണിക്കൂറാണ് ടെസ്റ്റ് ഫൈനല്‍ നടക്കുക.

മഴ, വെളിച്ചക്കുറവ് തുടങ്ങിയവ അനുഭവപ്പെട്ടാലാണ് റിസര്‍വ്വ് ദിനം ഉപയോഗിക്കുക. എന്നാല്‍ അഞ്ച് ദിവസത്തെ മത്സരത്തില്‍ ഫലം ഉണ്ടായില്ലെങ്കില്‍ ഈ റിസര്‍വ് ദിനം ഉപയോഗിക്കില്ല. അത് സമനിലയായി തന്നെ കാണുമെന്നാണ് ഐ.സി.സി നിയമം.

മത്സരത്തിനിടെ സമയനഷ്ടമുണ്ടായാല്‍ ഐ.സി.സി മാച്ച് റഫറി, ടീമുകളെയും മാധ്യമങ്ങളെയും റിസര്‍വ് ദിനം എടുക്കുമോ എന്ന കാര്യം അറിയിക്കും. അഞ്ചാം ദിനത്തിന്റെ അവസാന മണിക്കൂറില്‍ മാത്രമാണ് റിസര്‍വ് ദിനം എടുക്കുമോ എന്ന് ഐ.സി.സി വ്യക്തമാക്കുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments