സാബു ശങ്കര്‍
Google / Sabu Sankar
സംഗ്രഹം
തിരുവിതാങ്കൂറിനോട് ചേര്‍ന്നു കിടന്ന ഒരു സാങ്കല്‍പ്പിക ദ്വീപ് ആണ് ലെമൂറിയ. ഒന്നാം ലോക മഹായുദ്ധ കാലം മുതല്‍ കഥ ആരംഭിക്കുന്നു. കടലും കരയും മനുഷ്യരും ജീവിതവും. ബ്രിട്ടീഷ് നാവികര്‍ പണിത ലൈറ്റ് ഹൗസ്, ഒന്നാം ലോക യുദ്ധം…ലെമൂറിയക്കടലില്‍ ജര്‍മനിയുടെ ഭീമന്‍ പടക്കപ്പല്‍ എംഡന്‍. ജാപ്പനീസ് വിമാനത്തിന്റെ ബോംബ് വര്‍ഷം.
അന്ന് കടല്‍ യുദ്ധത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഗീവര്‍ഗീസിന് ഏഴ് വയസ്സ്. അയാള്‍ വളര്‍ന്നപ്പോള്‍ കടല്‍പ്രകൃതിയെയും ലെമൂറിയായെയും സ്‌നേഹിച്ചു. വിദേശികള്‍ ടൂറിസ്റ്റുകളായി വരാന്‍ തുടങ്ങി. ലെമൂറിയായുടെ പ്രത്യേകതകള്‍ അയാള്‍ പഠിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ഉത്തരേന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ ലെമൂറിയയിലും പ്രതിഫലിക്കുന്നത്. വിവിധ മത ജാതികളുടേതായ ലെമൂറിയയിലും രാഷ്ട്രീയ സംഭവ വികാസങ്ങള്‍.
തിരുവിതാങ്കൂറില്‍ റീജന്റ് മഹാറാണി അധികാരമേല്‍ക്കുന്നു. കൊല്ലം രൂപതാ മെത്രാന്‍ ബെന്‍സിഗര്‍. രാജകുടുംബം ബിഷപ്പ് ബെന്‍സിഗറില്‍ നിന്ന് ലെമൂറിയ കൈവശമാക്കുന്നു. രാജകുടുംബത്തിന്റെ കൊട്ടാരം….ഗീവര്‍ഗീസിന്റെ പ്രണയവും വിവാഹവും കുടുംബവും…രണ്ടാം ലോക മഹായുദ്ധം…ഇന്ത്യന്‍ സ്വാതന്ത്ര്യം…ലെമൂറിയയിലും ലഹള…പലായനം…ജനാധിപത്യത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയം…ലെമൂറിയായിലെ ജനാധിപത്യം…
ലെമൂറിയന്‍ ജീവിതത്തിലെ സംഘര്‍ഷങ്ങളും ജീര്‍ണതകളും സങ്കീര്‍ണതകളും…മനുഷ്യത്വവും സാഹോദര്യവും ഇല്ലാതായി… വിഭാഗീയ ചിന്തകളാല്‍ ലെമൂറിയ ശാപഭൂമി പോലെയായി. എങ്കിലും അധികാര നേട്ടങ്ങള്‍ക്കായി വിഭജിത സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ ന്യൂനപക്ഷം ഐക്യത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്നു. മനുഷ്യ ജീവിതത്തിലെ സ്‌നേഹഗാഥകള്‍…
പക്ഷേ 1950ല്‍ ഒരു സുനാമിയില്‍ ലെമൂറിയ അപ്പാടെ മുങ്ങിപ്പോയി…ലെമൂറിയന്‍ പാറക്കെട്ടിലെ നിഷ്‌കളങ്കേശ്വരന്‍ കോവില്‍ മാത്രം വേലിയേറ്റത്തില്‍ മുങ്ങിയും വേലിയിറക്കത്തില്‍ പൊങ്ങിയും കാണപ്പെട്ടു. 2000ല്‍ ലെമൂറിയക്കാരനായ ഗീവര്‍ഗീസ് എന്ന തൊണ്ണൂറ്കാരന്റെ ഓര്‍മ്മകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ചിത്ര ജോസഫ് എന്ന യുവസുന്ദരി…
ഗീവര്‍ഗീസിനെ തേടിയെത്തിയ ബ്രിട്ടീഷ് ടിവി അവതാരകയാണവള്‍. ഒടുവില്‍ അവര്‍ കടലില്‍ താഴ്ന്നു കിടക്കുന്ന ലെമൂറിയായുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലില്‍ പോകുന്നു…
കടലിനടിയിലെ അപ്രതീക്ഷിത സംഭവങ്ങള്‍…
കടലിന്റെ പാട്ട്
രാത്രി, കറുത്ത ചിറകുവിരിച്ച് കടലിനും പൂവന്‍ത്തുരുത്തിനും മുകളില്‍ ചരിത്രത്തില്‍ ഇനിയും വിരിയാത്ത മുട്ടകളിടാന്‍ അടയിരുന്നു.
പൂവന്‍ത്തുരുത്തില്‍ അവശേഷിച്ച ഇടുങ്ങിയ തീരഭൂമിയെ സംരക്ഷിക്കാന്‍ കടല്‍ഭിത്തി കെട്ടിപൊക്കിയിട്ടുണ്ട്. വലിയ പാറക്കക്ഷണങ്ങള്‍ – നമ്പര്‍ സ്റ്റോണുകള്‍ – അടുക്കിയിട്ട് ഉയര്‍ത്തിയെടുത്തതാണത്. മണ്‍സൂണില്‍ തീരഭാഗത്തെ മണ്ണെല്ലാം തിരകള്‍ കാര്‍ന്നെടുക്കുമ്പോഴാണ് ആഴങ്ങളിലേക്ക് കല്ലുകള്‍ ഇടുന്നത്.
ദൂരെയുള്ള മലകള്‍ തമിരുവെച്ച് പൊട്ടിച്ച് കൂറ്റന്‍ കഷണങ്ങളായി കീറിയെടുക്കുന്നു. അവ പ്രത്യേക ചങ്ങലകളും മരമുട്ടികളുംകൊണ്ട് കെട്ടിപ്പൊക്കിയെടുത്ത് ലോറികളില്‍ കയറ്റുന്നു. പിന്നെ വലിയ ചങ്ങാടങ്ങളില്‍. അങ്ങനെ പൂവന്‍ത്തുരുത്തില്‍ മുപ്പതോളം പേര്‍ ചേര്‍ന്ന് ചങ്ങലകളിലും മരമുട്ടികളിലും കോര്‍ത്തെടുത്ത കല്ലുകള്‍ കടലിലേക്കിട്ട് കടല്‍ഭിത്തി കെട്ടുന്നു. പൂവന്‍ത്തുരുത്തിന്റെ ശോഷിച്ച ഭാഗവും സംരക്ഷിക്കുന്നു.
മണ്‍സൂണിലെ തിരയടി കഴിഞ്ഞാല്‍ കടല്‍ തിരികെ മണ്ണു നിക്ഷേപിക്കും. അപ്പോള്‍ കടല്‍ഭിത്തിയോടു ചേര്‍ന്നു തീരഭൂമി രൂപപ്പെടും. വള്ളങ്ങള്‍ കടലില്‍ നിന്ന് കായലിലേക്കും തിരികെയും കൊണ്ടുപോകാനായി കടല്‍ഭിത്തിയില്‍ വിടവുകളുണ്ട്. ആ വിടവുകളിലൂടെയാണ് മനുഷ്യന്റെ സഞ്ചാരം.
കടല്‍ഭിത്തിയ്ക്കു മുകളില്‍, കീറിപ്പറിഞ്ഞ മുണ്ടും ബനിയനും സ്വെറ്ററും കൊണ്ട് ശോഷിച്ച വാര്‍ദ്ധക്യത്തെ പൊതിഞ്ഞ്, നരച്ച തലമുടിയും താടിയും തടവി, തീ പാറുന്നകണ്ണുകളോടെ, ഒരു തോര്‍ത്തുകൊണ്ട് വലത്തേയ്ക്കു വീശുകയാണ് ഗീവര്‍ഗ്ഗീസ്.
കടപ്പുറത്ത് അങ്ങിങ്ങായി കത്തിച്ചുവെച്ച റാന്തലുകള്‍ക്കും പന്തങ്ങള്‍ക്കും തീക്കൂനകള്‍ക്കും ഇടയില്‍ വള്ളമിറക്കാന്‍ നോക്കിയിരിക്കുകയായിരുന്നു മീന്‍പിടുത്തക്കാര്‍.
ഗീവര്‍ഗ്ഗീസ് തോര്‍ത്തുമുണ്ട് വലത്തേയ്ക്കു വീശിത്തുടങ്ങിയപ്പോള്‍ മീന്‍പിടുത്തക്കാര്‍ കടലിലേയ്ക്ക് വള്ളം തള്ളിയിറക്കി. വലത്തേയ്ക്കുള്ള തോര്‍ത്തുവീശല്‍ ഒരു സൂചനയാണ്.
തീരക്കടലിലെ തിളക്കം കണ്ടാല്‍ അവിടെ മീന്‍പറ്റങ്ങള്‍ എത്തിയിട്ടുണ്ടെന്ന് ഗീവര്‍ഗ്ഗീസിനറിയാം. ലെമൂറിയ മുങ്ങിപ്പോയ പടിഞ്ഞാറന്‍ ദിക്കില്‍ രാത്രിയിലെ കടല്‍ത്തിളക്കത്തിന്റെ സ്വഭാവം സൂക്ഷിച്ചു പഠിച്ചവര്‍ക്കറിയാം അവിടെ ഏതു മത്സ്യജാതിയാണ് എത്തിയിട്ടുള്ളതെന്ന്.
പക്ഷേ അതാരും ഗീവര്‍ഗ്ഗീസിനോടു ചോദിക്കാറില്ല. ഗീവര്‍ഗ്ഗീസിന്റെ സൂചന കിട്ടിയാല്‍ മതി, മീന്‍പിടുത്തക്കാര്‍ കമ്പവല കയറ്റിയ വള്ളം തിരയിലേയ്ക്കു തള്ളും. പിന്നെ അവിടെയൊരു ഉത്സാഹത്തിമിര്‍പ്പാണ്. ഒരു ഉത്സവപ്രതീതി.
കടലില്‍ വള്ളം ഇറക്കുന്നതിനുമുമ്പ് ഒരു പ്രാര്‍ത്ഥനയുണ്ട്. സമുദ്രരാജ്ഞിയായ പരിശുദ്ധകന്യാമറിയത്തോടുള്ള പ്രാര്‍ത്ഥന. മറ്റൊരു കൂട്ടരുടെ പ്രാര്‍ത്ഥന നിഷ്‌കളങ്കേശ്വരനോടായിരിക്കും. മണ്ണില്‍ തലത്താഴ്ത്തിയുള്ള പ്രാര്‍ത്ഥനയായിരിക്കും മുസ്ലീമുകളുടേത്. നിമിഷങ്ങള്‍കൊണ്ട് ആ ചടങ്ങ് തീരും. പിന്നെ ഒരു ബഹളമാണ്.
”ഓ… ഓ”.
”ഒത്തു പിടിച്ചോ”
”ഒച്ചയുണ്ടാക്കല്ലേ – ഹുയ്”
”മീന്‍പാടു പോകും”
”ഓ… …ഹുയ്”
”ഒത്തുപിടിക്ക്”
കടലിലപ്പോള്‍ അങ്ങിങ്ങായി ചുവന്ന കല്ലു കൊന്ത പോലെ മീന്‍പിടുത്തവള്ളങ്ങളില്‍ നിന്ന് ചുവന്ന വെളിച്ചം കാണാം. അവര്‍ വലയിടുന്നവരാണ്. പിന്നെ ആയിരംചൂണ്ട എന്ന തരം ചൂണ്ടകളും.
വള്ളത്തിലെ കമ്പവലയുടെ വടത്തിന്റെ ഒരറ്റം കരയിലെ ഒരു വിഭാഗത്തിന്റെ കയ്യിലാണ്. വള്ളം മീന്‍പാടു നോക്കി കടലിലേക്കു കുതിക്കുന്തോറും വടം വിട്ട് കൊടുക്കുന്നു. വേലിയേറ്റത്തിരകളെ മുറിച്ച് കടക്കുന്ന യുദ്ധക്കുതിരയെ പോലെ കടലിന്റെ മാറിലേക്ക് ആര്‍ത്തലച്ചുചെന്നാല്‍ പിന്നെ വള്ളത്തിലുള്ളവര്‍ കരയിലെ സൂചനകള്‍ക്ക് കാത്തുനില്ക്കുകയായി.
ഇനി നീങ്ങേണ്ടത് ഇടത്തേയ്‌ക്കോ വലത്തേക്കോ?
കരയിലുള്ളവരുടെ കണ്ണുകള്‍ കടല്‍ഭിത്തിക്കു മുകളില്‍ കടലിനെ നോക്കി നില്ക്കുന്ന ഗീവര്‍ഗ്ഗീസിലാണ്.
ഇടത്തേക്കോ വലത്തേക്കോ?
നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗീവര്‍ഗ്ഗീസ് തോര്‍ത്തുമുണ്ട് ഇടത്തേയ്ക്കു വീശി. കരയിലുള്ളവര്‍ ഇടത്തേയക്ക് പന്തം സമയസൂചി തിരിച്ചുകറങ്ങുന്നതു പോലെ വീശി. അതോടെ കടലിലെ വള്ളം ഇടത്തേയ്ക്ക് കുതിച്ചു.
കടലില്‍ വല വിരിയ്ക്കുകയാണ്.
വല പൂര്‍ണമായും ഇട്ടുകഴിഞ്ഞാല്‍ വള്ളം തിരികെ കരയിലേക്ക് പായും. വലയുടെ മറ്റേത്തലപ്പിലാണ് വടം ചുറ്റിവെച്ചിട്ടുള്ളത്. ആ വടം വിട്ടുവിട്ടു കൊടുത്ത് അതിന്റെ അഗ്രഭാഗം കരയിലെത്തിക്കണം. മറ്റൊരു വിഭാഗം പേര്‍ മറുവറ്റം പിടിച്ചാല്‍ പിന്നെ കമ്പവലിയായി. ഒരു കിലോമീറ്ററോളം അകലെ നിന്നാവും രണ്ട് വിഭാഗങ്ങളും വടം വലിയ്ക്കുക.
കടലമ്മയോട് കരുണയ്ക്കുവേണ്ടി അപേക്ഷിക്കുന്നതു കേള്‍ക്കാം. കടലിനെ അന്നദാതാവായി പുകഴ്ത്തുന്നതും കേള്‍ക്കാം.
കമ്പവല കരയില്‍ ഇരുഭാഗത്തായി വലിക്കുന്നത് ഒരേ താളത്തിലും നീളത്തിലുമാണ്. കയ്യറ്റം നീളത്തില്‍ വടം കരയിലേക്കു വലിച്ചു കയറ്റുന്നു. വടങ്ങള്‍ക്കു നടുവില്‍ കടലില്‍ വലയ്ക്കുള്‍ഭാഗത്ത് മീനുകള്‍ ചാടുമ്പോള്‍ കരയില്‍ സംഘഗാനം മുഴങ്ങിത്തുടങ്ങുന്നു. വരികള്‍ ഏറ്റു പാടുന്നു.
ഈരടികള്‍ കടല്‍ഭിത്തിയ്ക്കു മുകളിലിരിക്കുന്ന ഗീവര്‍ഗ്ഗീസിന്റെ കാതുകളില്‍ താളത്തില്‍, മൃദുലമായ തിരകള്‍പോലെ, കാറ്റിന്റെ താളാത്മകമായ തലോടല്‍ പോലെ ഒഴുകിയെത്തി.
തിരയോ തിരതിരയായ്
പൂന്തിരയായ്
പൊന്നരയോ
നുരയോ നുരനുരയായ്
വെണ്‍നുരയായ്
പൊന്നളിയോ…
കമ്പവലിക്കണ മാളോരേ
വല നിറയെ മീനുണ്ടേ
കുടിലിലിരിക്കും പെണ്ണാളെ
കരളിനുള്ളില്‍ കുളിരുണ്ടോ
ഒന്നാം തിര
രണ്ടാം തിര
മൂന്നാം തിര
മേലേ മേലേ മേലേ
ഏലേലം
മീനേറും
വലപോരും
കടലോരം
പൊടിപൂരം
തിരയോ തിരതിരയായ്
പൂന്തിരയായ്
പൊന്നരയോ
നുരയോ നുരനുരയായ്
വെണ്‍നുരയായ്
പൊന്നളിയോ
ആവാടുതുറയ്ക്കുമേലെ
പൂമാനം നീളെ
കാറ്റിന്റെ തേരേറും
പൊന്നമ്പിളിയേ ചൊല്ലാമോ
മീനോടും പാടേത്
വലമ്പാടോ ഇടമ്പാടോ
മീന്‍തിളക്കം ഇടമ്പാട്
പൊന്നളിയാ പോരട്ടേ
ഒന്നാം തിര
രണ്ടാം തിര
മൂന്നാം തിര
മേലേ മേലേ മേലേ
ഏലേലം
മീനേറും
വലപോരും
കടലോരും
പൊടിപൂരം
തിരയോ തിരതിരയായ്
പൂന്തിരയായ്
പൊന്നരയോ
നുരയോ നുരനുരയായ്
വെണ്‍നുരയായ്
പൊന്നളിയോ
ഏഴരപൊട്ടനുദിക്കും
പൂവിരിയും നേരത്ത്
മരമേറും മുക്കുവനേ
മാറുനൂറു ചെല്ലുമ്പോള്‍
പവിഴ പൂന്തുരുത്തിലെ
കന്യകയെ തിരയാമോ?
ഒന്നാം തിര
രണ്ടാം തിര
മൂന്നാം തിര
മേലേ മേലേ മേലേ
ഏലേലം
മീനേറും
വലപോരും
കടലോരം
പൊടിപൂരം
തിരയോ തിര തിരയായ്
പൂന്തിരയായ്
പൊന്നരയോ
നുരയോ നുരനുരയായ്
വെണ്‍നുരയായ്
പൊന്നളിയോ…
ഗീവര്‍ഗ്ഗീസ് ബീഡിപുകച്ച് ശാന്തനായി കടലിലെ ചുവന്ന കല്ലുമാല നോക്കിയിരുന്നു. കടല്‍ഭിത്തിക്കിടയിലെ ഒരു നിഴല്‍പ്പാടുപോലെ. പൂവന്‍ത്തുരുത്തിന്റെ പ്രവാചകനെപ്പോലെ.
തണുത്ത നഖങ്ങളുള്ള രാക്കാറ്റ് തെങ്ങോലകളെ കെട്ടിപ്പിടിച്ച്, ധൃതിയില്‍ ഒരു സുരതം നടത്തികൊണ്ട്, കടലിലേക്ക് വലിഞ്ഞു.
അപ്പോഴും കമ്പവലക്കാര്‍ നാടന്‍പാട്ട് പാടുകയും ഏറ്റുപാടുകയും ചെയ്യുന്നത് കേള്‍ക്കാമായിരുന്നു.
ചുവന്ന കല്ലുകള്‍ കൊണ്ടുള്ള മിന്നുന്ന കൊന്ത ലെമൂറിയായുടെ ഒരു സ്വപ്‌നത്തിലേക്ക് ഒഴുകി നീങ്ങികൊണ്ടിരുന്നു.
(തുടരും)