സംഗ്രഹം
തിരുവിതാങ്കൂറിനോട് ചേര്‍ന്നു കിടന്ന ഒരു സാങ്കല്‍പ്പിക ദ്വീപ് ആണ് ലെമൂറിയ. ഒന്നാം ലോക മഹായുദ്ധ കാലം മുതല്‍ കഥ ആരംഭിക്കുന്നു. കടലും കരയും മനുഷ്യരും ജീവിതവും…ബ്രിട്ടീഷ് നാവികര്‍ പണിത ലൈറ്റ് ഹൗസ്. ബ്രിട്ടീഷുകാര്‍ ആ ദ്വീപിന് പേരിട്ടു. ലെമൂറിയ 2. ഒന്നാം ലോക യുദ്ധം…ലെമൂറിയക്കടലില്‍ ജര്‍മനിയുടെ ഭീമന്‍ പടക്കപ്പല്‍ എംഡന്‍… ജാപ്പനീസ് വിമാനത്തിന്റെ ബോംബ് വര്‍ഷം…
അന്ന് കടല്‍ യുദ്ധത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഗീവര്‍ഗീസിന് ഏഴ് വയസ്സ്. അയാള്‍ വളര്‍ന്നപ്പോള്‍ കടല്‍പ്രകൃതിയെയും ലെമൂറിയായെയും സ്‌നേഹിച്ചു…വിദേശികള്‍ ടൂറിസ്റ്റുകളായി വരാന്‍ തുടങ്ങി. ലെമൂറിയായുടെ പ്രത്യേകതകള്‍ അയാള്‍ പഠിച്ചുകൊണ്ടിരുന്നു…അപ്പോഴാണ് ഉത്തരേന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ ലെമൂറിയയിലും പ്രതിഫലിക്കുന്നത്…
തിരുവിതാങ്കൂറില്‍ റീജന്റ് മഹാറാണി അധികാരമേല്‍ക്കുന്നു. കൊല്ലം രൂപതാ മെത്രാന്‍ ബെന്‍സിഗറിന്റേതായിരുന്നു ലെമൂറിയ…രാജകുടുംബം ബിഷപ്പ് ബെന്‍സിഗറില്‍ നിന്ന് ലെമൂറിയ ദ്വീപ് കൈവശമാക്കുന്നു. അവിടെ രാജകുടുംബം ഒരു കൊട്ടാരം നിര്‍മ്മിച്ചു. പ്രശാന്ത ഹര്‍മ്മ്യം ….ഗീവര്‍ഗീസിന്റെ പ്രണയം. മീനമ്മയെ വിവാഹം കഴിക്കുന്നു. മക്കള്‍ റൂത്ത്, സോളമന്‍. ഗീവര്‍ഗീസ് സ്വാതന്ത്ര്യ സമര സേനാനിയായി.
മഹാത്മാ ഗാന്ധിയുടെ അനുയായി ആയി. വിവിധ മത ജാതികളുടേതായ ലെമൂറിയയിലും രാഷ്ട്രീയ സംഭവ വികാസങ്ങള്‍…രണ്ടാം ലോക മഹായുദ്ധം…ഇന്ത്യന്‍ സ്വാതന്ത്ര്യം…ലെമൂറിയയിലും ലഹള…കൂട്ടക്കൊല…മറ്റു കുടുംബങ്ങളോടൊപ്പം ഗീവര്‍ഗീസും മീനാമ്മയും റൂത്തും സോളമനും വടക്കന്‍ ലെമൂറിയായിലേക്ക് പലായനം ചെയ്യുന്നു…ലെമൂറിയയിലെ ജനാധിപത്യത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയം…ലെമൂറിയായുടെ ഭരണാധികാരം കയ്യാളുന്ന ഭൂരിപക്ഷ മത ജാതി രാഷ്ട്രീയം…
ലെമൂറിയന്‍ ജീവിതത്തിലെ സംഘര്‍ഷങ്ങളും ജീര്‍ണതകളും സങ്കീര്‍ണതകളും വര്‍ദ്ധിച്ചു …മനുഷ്യത്വവും സാഹോദര്യവും ഇല്ലാതാവുന്നു. മനുഷ്യന്‍ വിഭജിക്കപ്പെടുന്നു വിഭാഗീയ ചിന്തകളാല്‍ ലെമൂറിയ ശാപഭൂമി പോലെയാവുന്നു. എങ്കിലും അധികാര നേട്ടങ്ങള്‍ക്കായി വിഭജിത സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ ന്യൂനപക്ഷം പേര്‍ ഐക്യത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്നു…വീണ്ടും മനുഷ്യ ജീവിതത്തിലെ സ്‌നേഹഗാഥകള്‍…
പക്ഷേ, 1950ല്‍, ഒരു സുനാമിയില്‍ ലെമൂറിയ അപ്പാടെ മുങ്ങിപ്പോയി…ഗീവര്‍ഗീസും സംഘവും ഉള്‍ക്കടലില്‍ സ്രാവ് വേട്ടയ്ക്ക് പോയി തിരിച്ചു വരുമ്പോള്‍ ലെമൂറിയ ദ്വീപ് ഇല്ല… ലെമൂറിയന്‍ പാറക്കെട്ടിലെ നിഷ്‌കളങ്കേശ്വരന്‍ കോവില്‍ മാത്രം വേലിയേറ്റത്തില്‍ മുങ്ങിയും വേലിയിറക്കത്തില്‍ പൊങ്ങിയും കാണപ്പെട്ടു…
2000ല്‍ ഗീവര്‍ഗീസിനെ തേടി ഒരു ബ്രിട്ടീഷ് ടിവി അവതാരകയെത്തി. ലെമൂറിയക്കാരനായ ഗീവര്‍ഗീസ് എന്ന തൊണ്ണൂറ്കാരന്റെ ഓര്‍മ്മകള്‍ റെക്കോര്‍ഡ് ചെയ്ത് ചിത്ര ജോസഫ് എന്ന യുവസുന്ദരി ലെമൂറിയായുടെ ചരിത്രകഥ രേഖപ്പെടുത്താനുള്ള യത്‌നത്തിലാണ്…
ഒടുവില്‍ അവര്‍ കടലില്‍ താഴ്ന്നു കിടക്കുന്ന ലെമൂറിയായുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലില്‍ പോകുന്നു…കടലിനടിയിലെ അപ്രതീക്ഷിത സംഭവങ്ങള്‍…
മെത്രാന്‍ വിളിച്ചപ്പോള്‍
കാലത്തിന്റെ തിരകള്‍ അനന്തതയില്‍ നിന്നും ഓര്‍മ്മകളെ വലിച്ചുകൊണ്ടു വന്ന് ബോധത്തിന്റെ കരയില്‍ അടിച്ചുകയറ്റുന്നു. അതിന്റെ താളാത്മകത നിറയെ നിലവിളികള്‍. ചിലപ്പോള്‍ മൂകത. ശബ്ദം നഷ്ടപ്പെട്ട പ്രപഞ്ചം. മുങ്ങിത്താഴ്ന്ന ഭൂതകാലത്തിന്റെ മുകളിലൂടെ നൃത്തം വെയ്ക്കുന്ന അവ്യക്ത ശബ്ദങ്ങള്‍. ആ ശബ്ദങ്ങള്‍ വര്‍ത്തമാനകാലത്തിലേക്ക് കുതിച്ചു കേറുന്നു. നിമിഷങ്ങള്‍ കൊണ്ട് അവ എവിടെയോ അലിഞ്ഞു ചേരുന്നു.
പൂവന്‍ത്തുരുത്തിലടിയുന്ന ഓരോ ശംഖിനും ഓരോ കഥയാണുള്ളത്. പച്ച ഈര്‍ക്കില്‍ തണ്ടുകൊണ്ട് ശംഖിനുള്ളിലെ ഇറച്ചി കുത്തിക്കറക്കി കോരിയെടുത്തു തിന്നുമ്പോള്‍ ലെമൂറിയായുടെ ശബ്ദങ്ങള്‍ കാതുനിറയ്ക്കുന്നു. ചെകിടു പൊട്ടിപ്പോകുന്നതു പോലെ തോന്നും. കൈത്തലങ്ങള്‍ ഇരുചെവികളും അമര്‍ത്തി പിടിച്ച് കുരിശിനെ ധ്യാനിച്ചാല്‍ കുറച്ചൊക്കെ മനസ്സു ശാന്തമാകും.
കടലില്‍ വള്ളങ്ങള്‍ തെക്ക് വടക്ക് തുഴഞ്ഞു നീങ്ങുന്നു. കട്ടമരങ്ങളില്‍ ചൂണ്ടലിടുന്നവര്‍ കാറ്റിന്റെ ശക്തികൂടുമ്പോള്‍ പായ്മരം താഴ്ത്തുന്നു. നീലാകാശത്ത് കടല്‍ക്കാക്കകളെ പോലെ മേഘത്തിന്റെ ഒരു കൂട്ടം തുണ്ടുകള്‍. ഒന്നിനും ശബ്ദമില്ല. ചലനങ്ങള്‍ മാത്രം. പ്രപഞ്ചത്തില്‍ ശബ്ദമാണോ അതോ ചലനമാണോ ആദ്യം ഉണ്ടായത്?
ആദിയില്‍ അന്ധകാരമായിരുന്നു.
അന്ധകാരം നിറയെ ദു:ഖമായിരുന്നു.
മനുഷ്യന് മാത്രം നീക്കിവെച്ച നിലവിളികളായിരുന്നു.
ചിത്രാ ജോസഫ് തന്റെ മൊബൈല്‍ ഫോണില്‍ രൂപങ്ങളും ശബ്ദങ്ങളും പകര്‍ത്തുന്നുണ്ട്. ഗീവര്‍ഗ്ഗീസിന്റെ ഇടതു കണ്‍പുരികം രണ്ടായി മുറിഞ്ഞ് കരുവാളിച്ച് കിടക്കുന്നത് അവള്‍ മൊബൈല്‍ ക്യാമറയില്‍ സൂം ചെയ്ത് പകര്‍ത്തി.
”അങ്കിള്‍, ഈ കണ്‍പുരികം രണ്ടായി മുറിഞ്ഞു കിടക്കുന്നല്ലോ?”
രഘു ഇടയ്ക്ക് കയറി പറഞ്ഞു.
”തെരണ്ടിവാല്‍ കൊണ്ടതാ”.
ശശീന്ദ്രനും പറയാനുണ്ടായിരുന്നു.
പണ്ട്, ഗീവര്‍ഗ്ഗീസിന്റെ ചെറുപ്പകാലത്ത്, ഒന്നാം ലോകമഹായുദ്ധമൊക്കെ കഴിഞ്ഞ കാലം, കട്ടമരത്തില്‍ ഒറ്റയ്ക്കുപോകും. ചൂണ്ടയിടും. ഒരിക്കല്‍ ഒരു വലിയ തെരണ്ടി ചൂണ്ടയില്‍ കുരുങ്ങി. ഗീവര്‍ഗ്ഗീസ് വിട്ടില്ല. പലതരം ചൂണ്ടക്കൊളുത്തുകള്‍ കൊണ്ട് അതിനെ മുറുക്കി, കടലിലേക്കു ചാടി ഒരു കമ്പില്‍ കോര്‍ത്ത് കട്ടമരത്തിലേക്കിട്ടു. കത്തിയെടുത്ത് അതിന്റെ തല മുറിച്ചപ്പോള്‍ തിരണ്ടി വാല്‍ചുഴറ്റി ആക്രമിച്ചു. ഒരു വശത്തേക്ക് ചരിഞ്ഞു മാറിയ ഗീവര്‍ഗ്ഗീസിന്റെ ഇടതു പുരികത്തിലാണ് വാല്‍ പതിഞ്ഞത്. പുരികം രണ്ടായി മുറിഞ്ഞു.
ഗീവര്‍ഗ്ഗീസിന് ഓര്‍മ്മ കിട്ടി.
”അതെ. അതെ. അന്നെനിക്കു പതിനഞ്ചു പതിനാറു വയസ്സു വരും. പുരികം രണ്ടായി മുറിഞ്ഞപ്പോള്‍ ചക്രവാളം രണ്ട് തുണ്ടായതു പോലെ തോന്നി. ചോര വാര്‍ന്നെഴുകി. തല ചുറ്റി. കട്ടമരത്തില്‍ ചാഞ്ഞു കിടന്നു. ആരൊെക്കയോ കട്ടമരത്തെ വലിച്ച് കരയ്‌ക്കെത്തിച്ചു. ഒട്ടും ബോധമില്ലായിരുന്നു.”
കണ്ണു തുറന്നപ്പോള്‍ കടുത്ത നീറ്റല്‍. ലൈറ്റ് ഹൗസില്‍ മാന്റില്‍ കത്തിക്കാന്‍ എത്തിയിരുന്ന ഒരു ബ്രിട്ടീഷ് പോലീസുകാരന്‍ ഒരു കെട്ട് പഞ്ഞി ബെന്‍സോയില്‍ മുക്കി, മുറിഞ്ഞ പുരികത്തില്‍ അമര്‍ത്തിവച്ചു.
പിന്നെ നാട്ടുവൈദ്യന്‍ വന്നു. തെങ്ങിന്‍ മടലിന്റെ പൊറ്റയും ചില ഇലകളും ചതച്ച് പിഴിഞ്ഞ് ഒരു ഉണ്ടപോലെ പുരികത്തില്‍ വച്ചു കെട്ടി. ഒരാഴ്ചയോളം പനിച്ചു കിടന്നു.
ചിത്രാ ജോസഫ് എല്ലാം മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തുന്നതു കണ്ട് ഗീവര്‍ഗ്ഗീസ് ചോദിച്ചു.
”ഇതൊക്കെ എന്തിനാണു കുട്ടീ?”
ചിത്ര അയാളുടെ തോളില്‍ കൈവച്ചു തടവി.
”കാര്യമുണ്ട് അങ്കിള്‍. ഞാന്‍ ടി.വി ചാനലിനു വേണ്ടി ലെമൂറിയായെ കുറിച്ച് ഒരു ഡോക്യൂ-ഫിക്ഷന്‍ ചെയ്യുന്നു. പിന്നെ ഇംഗ്ലീഷില്‍ പുസ്തകമാക്കും.”
”പുസ്തകമോ?”
”അതെ. അതില്‍ അങ്കിളിന്റെ പടവും വരും. അങ്കിള്‍ പതുക്കെ പതുക്കെ ഓര്‍ത്തോര്‍ത്ത് പറഞ്ഞാല്‍ മതി. ആ പഴയ പതിനഞ്ചുകാരന്റെ കാലമൊക്കെ ഓര്‍ക്കുന്നുണ്ടാവുമല്ലോ?”
കാലങ്ങളിലൂടെ മനുഷ്യന്‍ കടന്നുപോകുകയാണോ? അതോ മനുഷ്യനിലൂടെ കാലങ്ങള്‍ കടന്നുപോകുകയോ? എന്തായാലും നഷ്ടം മനുഷ്യനു തന്നെ. ആ നഷ്ടപ്പെടലില്‍ ജീവിതവും സ്വപ്‌നങ്ങളും ജീവിച്ചതിന്റെ തെളിവുകളും ഒലിച്ചുപോകുന്നു.
”സാരമില്ല അങ്കിള്‍. അങ്കിളിന്റെ ഓര്‍മ്മയ്ക്കും ശരീരത്തിനും നല്ല ശക്തിയുണ്ട്. ഒരു പ്രത്യേക കരുത്ത്”.
”പതിനഞ്ചു വയസ്സുള്ളപ്പോള്‍ മുതല്‍ ഞാന്‍ ഒറ്റയ്ക്കാണ് കട്ടമരത്തില്‍ ചൂണ്ടയിടാന്‍ പോയിരുന്നത്. അതിനുമുമ്പ് മറ്റൊരിടത്തായിരുന്നു. ഒരു ആശ്രമത്തില്‍. ഒരു വൈദികന്‍ വിളിച്ചു കൊണ്ടു പോയതാണ്. അപ്പനും അമ്മയും ബന്ധുക്കളുമില്ലാത്ത എനിയ്ക്ക് തവിട്ടുളോഹയിട്ട കര്‍മ്മെലീത്ത വൈദികര്‍ നാലു വര്‍ഷം സകൂള്‍ പഠനം തന്നു. ഇംഗ്ലീഷും കണക്കും ബൈബിളുമൊക്കെ കുറച്ചു പഠിച്ചു. എഴുതാനും പഠിച്ചു”.
ഗീവര്‍ഗ്ഗീസ് നിശബ്ദനായി. ചക്രവാളം രണ്ടായി മുറിഞ്ഞുപോയതുപോലെ.
ചിത്ര പ്രോല്‍സാഹിപ്പിച്ചു.
”പറഞ്ഞു വന്നത് കട്ടമരത്തില്‍ പോയിരുന്ന കാലം”.
ഗീവര്‍ഗ്ഗീസ് പകല്‍ മാത്രമല്ല നിലാവുള്ള രാത്രിയിലും കടലില്‍ പോകും. പൗര്‍ണ്ണമിയില്‍ കടല്‍ നീലത്തടാകം പോലെ ശാന്തമാണ്. തണുത്ത കാറ്റുണ്ടാകും. കടലിലേയ്ക്ക് കണ്ണോടിച്ചാല്‍ ഒരു നീലകണ്ണാടി പോലെ തോന്നും. മീന്‍പറ്റങ്ങള്‍ പായുന്നതു കാണാം. നൂറു കൊളുത്തുകളുള്ള ചൂണ്ട കല്ലുകെട്ടി വെള്ളത്തില്‍ താഴ്ത്തിയിട്ടിരിക്കും. വലിയ ചായപ്പൊടിപ്പെട്ടിക്കുള്ളില്‍ വയ്ക്കുന്ന മിന്നുന്ന കടലാസുണ്ട്. അതു വാങ്ങിക്കാന്‍ കിട്ടുമായിരുന്നു. അതു മുറിച്ചു നുറുക്കി ഓരോ ചൂണ്ടയിലും കൊരുത്തിടും. പിന്നെ ചില വലിയ ചൂണ്ടക്കൊളുത്തില്‍ ചെറുമീനുകളെയും. ചൂണ്ടയില്‍ അനക്കങ്ങള്‍ ഉണ്ടാകും വരെ കട്ടമരത്തില്‍ മലര്‍ന്നു കിടക്കും.
ചിത്രയുടെ കണ്ണുകള്‍ പുഞ്ചിരിച്ചു.
ആകാശത്തിലെ നക്ഷത്രങ്ങള്‍ വരിവരിയായി നൃത്തം ചെയ്യുന്നതു കാണാം. ചിലപ്പോള്‍ തീ ചീറ്റിവരും. നക്ഷത്രങ്ങളില്‍ നിന്നുള്ള ഉല്ക്കകള്‍. അവ ആകാശത്തു വെച്ചു തന്നെ കെട്ടുപോകും. രാത്രിയില്‍ അത്ഭുത ചിറകുള്ള വലിയ പക്ഷികളെത്തും. കട്ടമരത്തിന്റെ കൊമ്പില്‍ വന്നിരുന്ന് കൊക്കുരസും.
നടുക്കടലിലെ പാറക്കൂട്ടങ്ങളില്‍ വസിക്കുന്നവയാവാം. നീളമുള്ള ചിറകുകള്‍. തുഴയുന്ന കാലുകള്‍. ഇവ ആകാശത്തില്‍ പറന്നു വീഴുന്ന ഉല്ക്കകളെ കൊത്തിവിഴുങ്ങാന്‍ പായും. വലിയ മീനുകള്‍ ചെറുമീനുകളെ വിഴുങ്ങുന്നതു പോലെ. പക്ഷെ ഈ പക്ഷികള്‍ അടുത്തെത്തുമ്പോഴേയ്ക്കും ഉല്ക്കകള്‍ ചാരമായി തീര്‍ന്നിരിക്കും.
”അക്കാലത്തും അങ്കിള്‍ ഒറ്റയ്ക്കായിരുന്നു?”
”ഞാന്‍ പറഞ്ഞില്ലെ, അപ്പന്‍ ജോസഫ് റഫായേല്‍ ജര്‍മ്മന്‍ കപ്പല്‍ എംഡന്റെ വെടിയേറ്റു കടലില്‍ മരിച്ചു. ഞാന്‍ ജനിക്കുന്ന കാലത്ത് അമ്മ റൂത്ത് വസൂരി വന്ന് മരിച്ചു പോയിരുന്നു. അമ്മയുടെ പേരാണ് പിന്നീട് എന്റെ മകള്‍ക്കിട്ടത്”.
അക്കാലത്ത് തവിട്ടുളോഹയിട്ട കൊല്ലം മെത്രാന്‍ ബെന്‍സിഗര്‍ പിതാവ് ലെമൂറിയായില്‍ വരുമായിരുന്നു. കൂടെ ഒരു സംഘം തവിട്ടുളോഹയിട്ട വൈദികരും ഡീക്കണും. ചിലപ്പോള്‍ വള്ളങ്ങളില്‍. അല്ലെങ്കില്‍ കാല്‍നടയായി. ലെമൂറിയായില്‍ നിന്ന് ഏതാണ്ട് നാല്പ്പത്തിയെട്ടു മൈല്‍ ദൂരമുണ്ട് കൊല്ലം അരമനയിലേക്ക്.
ഒന്നാം ലോകമഹായുദ്ധത്തിനു മുന്‍പ് ലെമൂറിയാദ്വീപ് മുഴുവന്‍ ഒരു ബ്രിട്ടീഷ് പ്രഭുവിന്റേതായിരുന്നു. ഒ. ഡബഌയു. ഗ്രേ എന്നായിരുന്നു പേര്. ആ പ്രഭുവിന്റെ കയ്യില്‍ നിന്ന് ബെന്‍സിഗര്‍ പിതാവ് ലെമൂറിയ വാങ്ങിച്ചു. അതു നടക്കുമ്പോള്‍ ബെന്‍സിഗര്‍ പിതാവ് മെത്രാനായിട്ടില്ല. സഹായമെത്രാനായിരുന്നു. ഒന്നു കാണേണ്ട ആള്‍ തന്നെ. തവിട്ടുളോഹ. കഴുത്തില്‍ കുരിശുകൊന്ത.
നര കയറി തുടങ്ങിയ നീണ്ട താടി. കഷണ്ടി കയറിയ തല. വലതു കൈവിരലില്‍ മോതിരം. വിശ്വാസികള്‍ മുട്ടുകുത്തി മോതിരത്തില്‍ മുത്തുക പതിവാണ്. ബെന്‍സിഗര്‍ മെത്രാന്റെ കാലത്ത് കൊല്ലം രൂപത വലുതായിരുന്നു. വടക്ക് പമ്പ മുതല്‍ തെക്ക് കന്യാകുമാരി വരെ. ഇത്രയും വലിയ രൂപത ഭരിക്കാന്‍ മാര്‍പ്പാപ്പയാണ് ബെന്‍സിഗര്‍ പിതാവിനെ നിയമിച്ചതെന്നും കേട്ടിട്ടുണ്ട്.
അലോഷ്യസ് മരിയ ബെന്‍സിഗര്‍. അതാണ് മുഴുവന്‍ പേര്. സ്വിറ്റ്‌സര്‍ലണ്ടിലെ വലിയ കുടുംബത്തില്‍ നിന്നുള്ള ആളാണ്. അവിടത്തെ ഗവര്‍ണറുടെ മകന്‍. ഒരുപാട് രാജ്യങ്ങളില്‍ പഠിച്ചിട്ടുണ്ട്. കുറെ ഭാഷകള്‍ അറിയാം. മലയാളവും കുറച്ചൊക്കെ അറിയാം. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. ഒരു യഥാര്‍ത്ഥ ദൈവിക മനുഷ്യന്‍. നിഷ്പാദുക കര്‍െമ്മലീത്താ സന്യാസി.
ബെന്‍സിഗര്‍ മെത്രാന്‍ ലെമൂറിയായ്ക്കു നടുക്കുള്ള പാറമുനമ്പിനു മുകളില്‍ പരന്നു കിടന്ന സ്ഥലത്ത് ഒരു ഓലപ്പുര കെട്ടി. അതാണ് പ്രാര്‍ത്ഥനാലയം. കൂടെ സഹായികളും കാണും. അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടുള്ള സഞ്ചാരത്തിനിടയിലെ വിശ്രമകേന്ദ്രം.
അവിടെ നിന്നാല്‍ ലെമൂറിയായിലെ നാലു ദിക്കും കാണാം. തെക്ക് വടക്ക് തീരങ്ങളില്‍ പച്ചച്ച തെങ്ങിന്‍ തലപ്പുകള്‍. പാറയിടുക്കുകള്‍. ലൈറ്റ്ഹൗസ്. പാറ. വെള്ളമണല്‍ തീരങ്ങളില്‍ അലയടിച്ചു പതഞ്ഞുയരുന്ന തിരകള്‍. നീലക്കടല്‍. തണുത്ത കാറ്റ്.
ഒരു ദിവസം അലോഷ്യസ് മരിയ ബെന്‍സിഗര്‍ തിരുമേനി തന്നെ വിളിപ്പിച്ചത് ഗിവര്‍ഗ്ഗീസ് ഓര്‍ത്തു. ഉള്ളില്‍ തീ കത്തി. കടലില്‍ ചൂണ്ടയിട്ടുകൊണ്ടിരിക്കുകയായിരുന്നു. ലെമൂറിയായുടെ ഉടമസ്ഥനാണ് വിളിക്കുന്നത്. കൂടാതെ മെത്രാനും. നല്ല വെയില്‍. ചൂടറിയുന്നതേയില്ല. കുളിര്‍ കാറ്റിന്റെ ഈര്‍പ്പം ചൂടിനെ തടുക്കുന്നുണ്ടായിരുന്നു.
മെത്രാന്‍ ഒന്നുരണ്ടു തവണ പ്രാര്‍ത്ഥനാലയത്തില്‍ എത്തിയപ്പോള്‍ താന്‍ പോയിക്കണ്ടിരുന്നില്ല. പ്രാര്‍ത്ഥനയില്‍ പങ്കെടുത്തില്ല. പ്രാര്‍ത്ഥന മുടങ്ങിയാല്‍ മെത്രാന്റെ മുഖം ആപ്പിളുപോലെയാവും. ഒന്നും മിണ്ടില്ല. പച്ചക്കണ്ണുകള്‍ തുറിച്ചിരിക്കും.
മെത്രാന്‍ അവിടെയെത്തുമ്പോഴൊക്ക ക്രിസ്ത്യാനികളും മറ്റു നാട്ടുകാരും അവിടെ കൂടണം. ഒരു കച്ചേരി പോലെ. പ്രാര്‍ത്ഥനാലയത്തില്‍ അള്‍ത്താര പോലെയൊന്ന് ഒരുക്കിയിട്ടുണ്ട്. ഒരു ചെറിയ ചാപ്പല്‍. പ്രശ്‌നങ്ങള്‍, രോഗങ്ങള്‍, വിഭ്രാന്തി, മാടന്‍, മറുത, ചാത്തന്‍ എന്നിങ്ങനെ എന്തു കാര്യവും മെത്രാനോട് പറയാം.
മെത്രാന്‍ ജാതിയോ മതമോ നോക്കാതെ ആവശ്യക്കാരുടെ കുടിലിലെത്തും. പ്രാര്‍ത്ഥിക്കും. കൈമണി മുഴക്കും. വെഞ്ചരിയ്ക്കും. പിന്നെ വസൂരി പോലും വരില്ല. കുടികിടപ്പുകാരായ ഈലന്‍ ജാതിക്കാര്‍ക്കും അതിനു താഴെയുള്ള പുനവര്‍ ജാതിക്കാര്‍ക്കും മുസ്ലീമുകള്‍ക്കും കുടിലു കെട്ടാന്‍ ഓല അനുവദിക്കും.
സ്ത്രീകള്‍ക്ക് മെടയാന്‍ ഓല വേറെയും. മെടഞ്ഞ ഓല വിറ്റും തൊണ്ടില്‍ നിന്ന് കയറുപിരിച്ചും സ്ത്രീകള്‍ക്ക് വരുമാനമുണ്ടാക്കാം. കുടുംബത്തില്‍ പട്ടിണിയുണ്ടാകരുതെന്ന് മെത്രാന് നിര്‍ബന്ധമായിരുന്നു. ലെമൂറിയായില്‍ എല്ലാ ദിവസവും തേങ്ങയിടലുണ്ട്. ഒരറ്റം മുതല്‍ മറ്റേയറ്റം വരെയെത്തുമ്പോള്‍ വീണ്ടും തേങ്ങയിടാറാവും. കിട്ടുന്ന തേങ്ങയുടെ പകുതി നാട്ടുകാര്‍ക്കാണ്. അതായിരുന്നു ബെന്‍സിഗര്‍ പിതാവിന്റെ മനസ്സ്.
പ്രാര്‍ത്ഥന കഴിഞ്ഞാല്‍ റൊട്ടിയും മീനും പഴവും ചുക്കുകാപ്പിയും എല്ലാവര്‍ക്കും ഉണ്ടാകും. മതമോ ജാതിയോ നോക്കാതെ എല്ലാവരെയും കാണുന്നത് ബെന്‍സിഗര്‍ പിതാവിനു സന്തോഷമായിരുന്നു. എല്ലാവരുടെയും പിതാവായിരുന്നു.
ഗിവര്‍ഗ്ഗീസ് നെറ്റിയില്‍ കുരിശു വരച്ചു.
”പിതാവേ, പൊറുക്കേണമേ”.
(തുടരും)