കൊച്ചി: സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റെടുത്തിട്ട് പത്തുവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മാര്‍ ജോര്‍ജ് ആലഞ്ചേരി.
ആഘോഷങ്ങളില്ലാതെയാണ് ഇന്നും കടന്നുപോയത്. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ ചാപ്പലില്‍ അദ്ദേഹം ഇന്നു രാവിലെ ദിവ്യബലി അര്‍പ്പിച്ചു
കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്‍റെ ദേഹവിയോഗത്തെ തുടര്‍ന്നു സമ്മേളിച്ച മെത്രാന്‍ സിനഡ് 2011 മേയ് 14ന് അന്നു തക്കല രൂപതയുടെ മെത്രാനായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയെ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി തെരഞ്ഞെടുത്തു.
2011 മേയ് 29ന് സിനഡിലെ മെത്രാന്മാരുടെയും ഭാരതത്തിലെ വത്തിക്കാന്‍ പ്രതിനിധിയുടെയും മേലധ്യക്ഷന്മാരുടെയും സാന്നിധ്യത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കിടയില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭയുടെ മൂന്നാമത്തെ മേജര്‍ ആര്‍ച്ച്ബിഷപ്പായി സ്ഥാനമേറ്റെടുത്തു.
ഷംഷാബാദ്, ഹോസൂര്‍ രൂപതകളുടെ സ്ഥാപനത്തോടെ ഭാരതം മുഴുവനിലും അജപാലനശുശ്രൂഷ ചെയ്യുവാനുള്ള സാധ്യത സീറോ മലബാര്‍ സഭയ്ക്ക് മാര്‍പാപ്പ നല്‍കി. സഭയുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതോടെ അനുവദിക്കപ്പെട്ടത് പൊന്‍തൂവലായി.
ഫരീദാബാദ്, മെല്‍ബണ്‍, മിസിസാഗ, ഗ്രേറ്റ് ബ്രിട്ടന്‍ എന്നീ രൂപതകളുടെ സ്ഥാപനവും യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ നിയമനവും സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങളെ വിപുലപ്പെടുത്തി. ആഗോളസഭയുടെ കേന്ദ്രമായ റോമില്‍ സീറോ മലബാര്‍ സഭയ്ക്ക് സ്വന്തമായി ഒരു ഭവനത്തിന്‍റെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിലും പിതാവിന്‍റെ നേതൃത്വം നിര്‍ണായകമായിരുന്നു.
ഓസ്‌ട്രേലിയയില്‍ മാത്രമൊതുങ്ങിനിന്നിരുന്ന മെല്‍ബണ്‍ രൂപതയുടെ അധികാരപരിധി ഓഷ്യാനിയ ഭൂഖണ്ഡം മുഴുവനും വ്യാപിപ്പിച്ചുകൊണ്ടു കഴിഞ്ഞ മാര്‍ച്ച് 21ന് ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവായതും സീറോമലബാര്‍ സഭയുടെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്.
പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ പ്രീഫെക്ട് കര്‍ദിനാള്‍ ലെയണാര്‍ഡോ സാന്ദ്രിയും സെക്രട്ടറി ആര്‍ച്ച്ബിഷപ് ജോര്‍ജോ ഗല്ലാറോയും ഇന്ത്യയുടെ നിയുക്ത വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറേല്ലിയും സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പിന് ആശംസകള്‍ നേര്‍ന്നു.