കോട്ടയം: ഇംഗ്ലണ്ടില്‍ നഴ്‌സായി ജോലിചെയ്യുകയായിരുന്ന ചിറക്കടവ് ഓലിക്കല്‍ ഷീജ (43) ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് ഇംഗ്ലണ്ടില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഷീജയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭര്‍ത്താവ് ബൈജു ശാരീരികമായി ഉപദ്രവിക്കുന്നതായും ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഷീജ കൂട്ടുകാരികളോട് പറയുകയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ശബ്ദസന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു.
ഇത്തരത്തില്‍ ഷീജയുടെ ഇംഗ്ലണ്ടിലുള്ള കൂട്ടുകാരി ലീനക്ക് ലഭിച്ച ശബ്ദസന്ദേശം മേയര്‍ക്ക് അയച്ചുകൊടുക്കുകയും അവര്‍ അത് ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. അതേസമയം, സംഭവത്തോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ബൈജുവിന്റെ കുടുംബം.
“പനിയാണ്, കുഴപ്പമില്ല.എനിക്ക് ആരുമില്ല സഹായത്തിന്, വെള്ളം പോലും തരാനാളില്ല.. ഞാന്‍ ആരോടും ദ്‌റോഹം ചെയ്തിട്ടില്ല. എല്ലാവര്‍ക്കും സഹായം മാത്രമാണ് നല്‍കിയത്. ഇനി ജീവിച്ചിരിക്കില്ല. മടുത്തു” എന്ന് അവസാനം ഫോണ്‍ വിളിച്ചപ്പോള്‍ ലീന പറഞ്ഞിരുന്നതായി ഷീജയുടെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ലക്ഷങ്ങളുടെ വരുമാനമുണ്ടായിരുന്നെങ്കിലും ഷീജയുടെ കൈവശം ഒരു രൂപ പോലും ബാക്കിയുണ്ടായിരുന്നില്ലെന്ന് അമ്മാവന്‍ പി.എന്‍. ജയകുമാര്‍ പറഞ്ഞു.
സ്വന്തമായി ഒരു പൈസ പോലും ചെലവിടാന്‍ കഴിഞ്ഞിരുന്നില്ലെന്നും പലതവണ വിവാഹ മോചനത്തിന് ഷീജ ശ്രമിച്ചിരുന്നതായും സഹോദരന്‍ ഷൈജു പറയുന്നു. നാട്ടില്‍ വന്നാലും കൂടുതല്‍ ദിവസം നില്‍ക്കാറില്ല. നാട്ടിലേക്ക് തിരികെയെത്താന്‍ പലതവണ ആഗ്രഹിച്ചിരുന്നു. ഒരിക്കല്‍ ഇംഗ്ലണ്ടിലെ വീട്ടില്‍ വച്ച് ഭര്‍ത്താവ് മര്‍ദ്ദിക്കുന്നത് കണ്ടതായി സഹോദരി ഷീബയും പറയുന്നു.
ഷീജയുടെ രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ പരിചരണത്തിനായി അമ്മ ശ്യാമള ഇംഗ്ലണ്ടില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. അന്ന് ഷീജയോട് ഭര്‍ത്താവ് പരുഷമായി പെരുമാറുന്നതില്‍ അമ്മ ദൃക്‌സാക്ഷിയാണെന്ന് കുടുംബാംഗങ്ങള്‍ സൂചിപ്പിച്ചു.
എന്നാല്‍, പരമാവധി പൊരുത്തപ്പെട്ടു പോകാന്‍ ഷീജ ശ്രമിച്ചതായാണ് ബന്ധുക്കള്‍ പറയുന്നത്. ശമ്പളം ഭര്‍ത്താവുമായി ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടിലാണ് നിക്ഷേപിക്കുന്നതെന്നും ഷീജയുടെ ആവശ്യത്തിന് പണമെടുക്കാന്‍ അനുവദിക്കാറില്ലായിരുന്നുവെന്നും ഇവര്‍ പറയുന്നു. റെഡിച്ച് പട്ടണത്തില്‍ വീട് വാങ്ങിയതും ഷീജയുടെ ശമ്പളമുപയോഗിച്ചാണ്.
അതേസമയം, ഷീജയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമം കുടുംബം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ രണ്ട് കുട്ടികളെ തിരികെത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഇതിമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി.മുരളീധരന്‍, മുഖ്യമന്ത്രി, ഡി.ജി.പി തുടങ്ങിയവര്‍ക്ക് ഷീജയുടെ ബന്ധുക്കള്‍ നിവേദനം നല്‍കിയിട്ടുണ്ട്. ഇംഗ്‌ളണ്ടിലെ നിയമപ്രകാരം ഭര്‍ത്താവ് ബൈജുവിനാണ് മൃതദേഹത്തിന്റെ അവകാശം. ബ്രിട്ടീഷ് പൗരന്മാരായ കുട്ടികളെ തിരികെയെത്തിക്കുന്നതും അവരുടെ അഭിപ്രായം അനുസരിച്ചായിരിക്കും.
റാന്നി സെന്റ് തോമസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പാസായ ഷീജ ഡല്‍ഹിയിലെ ഹോളിഫാമിലി നഴ്‌സിംഗ് കോളേജില്‍ പഠനം നടത്തുകയും അവിടെ തന്നെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. ഡല്‍ഹിയിലെ എസ്‌കോര്‍ട്ട് ആശുപത്രിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇംഗ്‌ളണ്ടില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചത്.