തിരുവനന്തപുരം:കോവിഡ് മരണം സംബന്ധിച്ച് സര്‍ക്കാരിനു മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നു മന്ത്രി വീണാ ജോര്‍ജ്. കോവിഡ് മൂലമുള്ള മരണം നിര്‍ണയിക്കാന്‍ ലോകാരോഗ്യ സംഘടന നിശ്ചയിച്ച പ്രോട്ടാക്കോളുണ്ട്. ഒരാള്‍ ആശുപത്രിയില്‍ മരിച്ചാല്‍ ചികിത്സിച്ച ഡോക്ടറോ, മെഡിക്കല്‍ ബോര്‍ഡോ മരണം കോവിഡ് മൂലമാണെന്നു സാക്ഷ്യപ്പെടുത്തണം.
കോവിഡ് മരണം സംബന്ധിച്ചു കൃത്യമായ രേഖപ്പെടുത്തലാണു നടക്കുന്നത്. മറിച്ചുള്ള ആരോപണത്തില്‍ നിന്നു പ്രതിപക്ഷം പിന്തിരിയണമെന്നും നിയമസഭയില്‍ മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. 1,98,827 കിടക്കകളുണ്ട്. 18,363 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സേവനം ലഭ്യമാക്കി – മന്ത്രി പറഞ്ഞു.
അതേസമയം, ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് കേരളത്തില്‍ മരണകാരണം നിര്‍ണയിക്കുന്നതെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. കോവിഡ് നെഗറ്റീവായ ശേഷമാണു പലരും മരിക്കുന്നത്. അതൊന്നും കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുന്നില്ല. മരണം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിച്ചാല്‍ തെളിവ് ഹാജരാക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ കോവിഷീല്‍ഡ് വാക്‌സീന്‍ 7.46 ലക്ഷം ഡോസും കേന്ദ്രം 86.84 ലക്ഷം ഡോസും ലഭ്യമാക്കി. കോവാക്‌സിന്‍ സംസ്ഥാനം 1.37 ലക്ഷം ഡോസും കേന്ദ്രം 8.44 ലക്ഷം ഡോസും ലഭ്യമാക്കിയതായി നിയമസഭയില്‍ കേരള സാംക്രമിക രോഗങ്ങള്‍ ബില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി അറിയിച്ചു.