ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ചോദ്യത്തിന് ‘കന്നഡ’ എന്ന് ഗൂഗിള്‍ സെര്‍ച്ച് എന്‍ജിന്‍. സംഭവത്തില്‍ വന്‍ പ്രതിഷേധമുയര്‍ന്നതോടെ തെറ്റിദ്ധാരണയ്ക്കിടയാക്കിയതിനും ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയതിനും ക്ഷമ ചോദിക്കുന്നതായി ഗൂഗിള്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ചില പ്രത്യേക ചോദ്യങ്ങള്‍ക്ക് ചില അസാധാരണ ഫലമാണ് ലഭിക്കാറുള്ളത്. അത് ശരിയല്ലെന്ന് അറിയാം. ഇത്തരം പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന ഉടനെ തിരുത്താറുണ്ടെന്നും ഗൂഗിള്‍ അറിയിച്ചു.
സംഭവത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ കര്‍ണാടക സര്‍ക്കാര്‍ നിയമനടപടിയിലേക്ക് കടന്നു. ഇത്തരമൊരു ഉത്തരം നല്‍കിയതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഗൂഗിളിന്റെ അധികൃതര്‍ക്ക് നോട്ടീസയയ്ക്കുമെന്ന് കന്നഡ സാംസ്കാരികമന്ത്രി അരവിന്ദ് ലിംബാവലി പറഞ്ഞു. സാമൂഹികമാധ്യമങ്ങളില്‍ വ്യാപകവിമര്‍ശനമുയര്‍ന്നതോടെ വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ ഗൂഗിള്‍ ഉത്തരം നീക്കംചെയ്തു. ഉത്തരത്തിന്റെ സ്ക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചുകൊണ്ടായിരുന്നു കന്നഡിഗര്‍ രംഗത്തെത്തിയത്.
കന്നഡഭാഷയ്ക്ക് അതിന്റേതായ ചരിത്രമുണ്ടെന്നും 2500ലധികം വര്‍ഷം പഴക്കമുള്ള ഭാഷ കന്നഡിഗരുടെ അഭിമാനമാണെന്നും മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു. കന്നഡിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിളെന്നും അദ്ദേഹം പറഞ്ഞു.
ഭാഷകള്‍ക്കെതിരായ ഇത്തരം വിദ്വേഷം നിയന്ത്രിക്കാന്‍ ഗൂഗിളിന് കഴിയില്ലേയെന്നും ഇത്തരം തെറ്റുകള്‍ ഒരിക്കലും സ്വീകാര്യമല്ലെന്നും മുന്‍ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ട്വീറ്റ് ചെയ്തു. സംഭവത്തില്‍ ഗൂഗിള്‍ മാപ്പുപറയണമെന്ന് ബി.ജെ.പി. എം.പി. പി.സി. മോഹന്‍ ആവശ്യപ്പെട്ടു. കന്നഡ സാംസ്കാരികരംഗത്തുള്ള ഒട്ടേറെപ്പേരും ഗൂഗിളിനെതിരേ രംഗത്തെത്തി.