ചങ്ങനാശേരി: വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് ചങ്ങനാശ്ശേരി എസ്ബി കോളജ് നൂറാം വയസിലേക്ക് കടന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ശതാബ്ദി ആഘോഷം ലളിതമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നിരവധി പദ്ധതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ജൂണ്‍ 19 ശനിയാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു സ്ഥാപന ദിനം ഉത്ഘാടനം ചെയ്തു
ഇപ്പോള്‍ മഹാത്മഗാന്ധി സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള എസ്.ബി കോളജിന് നാഷണല്‍ അസസ്‌മെന്‍റ് ആന്‍റ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്‍റെ (എന്‍.എ.എ.സി) എ പ്ലസ് പദവിയും മികവിനുള്ള യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ (യു.ജി.സി) അംഗീകാരവും ലഭിച്ചിട്ടുണ്ട്. 1995-96ലും 1996-97ലും മികച്ച കോളജിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ആര്‍. ശങ്കര്‍ അവാര്‍ഡും നേടിയിട്ടുണ്ട്.
കാലത്തിന്റെ കൈവഴിയില്‍ അറിവിന്റെ അമൃത് ചൊരിഞ്ഞ ഈ കലാലയം കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ അനേകായിരങ്ങള്‍ക്കാണ് വിജ്ഞാനത്തിന്റെ വെളിച്ചം പകര്‍ന്ന് നല്‍കിയിട്ടുള്ളത്.
പ്രഗത്ഭരായ അധ്യാപകരും പ്രമുഖരായ ശിഷ്യനിരയും എസ്ബി കോളജിന് എന്നും അഭിമാനം പകര്‍ന്നവരും മഹത്വത്തിന് മാറ്റുകൂട്ടിയവരുമാണ്. കോളജിലെ വിദ്യാര്‍ഥിയും അധ്യാപകനും രക്ഷാധികാരിയുമാരുന്നുവെന്ന സവിശേഷത ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിനും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിനുമുണ്ട്.
പ്രഫ.കെ.പി. കുളന്തസ്വാമി പിള്ള, പ്രഫ. എം.പി.പോള്‍, പ്രഫ.ടി.കെ. ശങ്കരമേനോന്‍, പ്രഫ.കെ. ശങ്കരപ്പിള്ള, പ്രഫ.പി. ശങ്കരന്‍ നന്പ്യാര്‍, പ്രഫ.സി.എ. ഷെപ്പേര്‍ഡ്, പ്രഫ.പി.ആര്‍. കൃഷ്ണയ്യര്‍, പ്രഫ.പി.വി. ഉലഹന്നന്‍ മാപ്പിള, പ്രഫ.കെ.വി. രാമചന്ദ്ര പൈ, പ്രഫ.ജോസഫ് അഞ്ചനാട്ട്, പ്രഫ.സി.സെഡ്.സ്കറിയ, പ്രഫ.എസ്.എല്‍. തോമസ്, പ്രഫ.ഒ.ജെ. കുരുവിള പ്രമുഖ പൂര്‍വാധ്യാപകരില്‍ ചിലര്‍ മാത്രമാണ്. പ്രഫ.ഐ. ഇസ്താക്ക്, ഡോ. സ്കറിയാ സക്കറിയ എന്നിവര്‍ പില്‍ക്കാല പ്രതിഭാധനരില്‍ ചിലരാണ്.
സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോമലങ്കര സഭയുടെ മേജര്‍ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവാ, ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, വത്തിക്കാന്‍ ന്യൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, ചിങ്ങവനം ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ്, ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, മുന്‍മുഖ്യമന്ത്രിമാരായ പി.കെ. വാസുദേവന്‍നായര്‍, ഉമ്മന്‍ ചാണ്ടി, മുന്‍മന്ത്രിമാരായ പി.ജെ. ജോസഫ്, എന്‍.എം. ജോസഫ്, എം.എന്‍.ഗോവിന്ദന്‍നായര്‍, ഹേമചന്ദ്രന്‍, എം.എ.കുട്ടപ്പന്‍, അടൂര്‍ പ്രകാശ് എംപി, ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി, സുപ്രീകോടതി റിട്ട. ജഡ്ജി സിറിയക് ജോസഫ്, റിട്ട. ഡിജിപി സിബി മാത്യൂസ്, രാജു നാരായണ സ്വാമി ഐപിഎസ്, വയലാര്‍ അവാര്‍ഡ് ജേതാവ് വി.ജെ. ജയിംസ്, മുന്‍ വൈസ് ചാന്‍സലര്‍മാരായ ഡോ. ജാന്‍സി ജയിംസ്, എ.വി. വര്‍ഗീസ്, വി.വി.ജോണ്‍, ചങ്ങനാശേരി മുന്‍എംഎല്‍എ സി.എഫ്.തോമസ്, ഇപ്പോഴത്തെ എംഎല്‍എ ജോബ് മൈക്കിള്‍ എന്നിവരും പ്രശസ്ത സിനിമാ സംവിധായകന്‍ സിബി മലയില്‍, മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിത്തു ജോസഫ്, ചലച്ചിത്രതാരം കുഞ്ചാക്കോ ബോബന്‍, യശശരീരരായ പ്രേംനസീര്‍, എം.ജി.സോമന്‍ എന്നിവരെല്ലാം ഈ കലാലയത്തിന്‍റെ ശിഷ്യനിരയില്‍പ്പെട്ടവരാണ്.