Saturday, April 20, 2024

HomeMain Storyനമുക്കേവര്‍ക്കും അഭിമാനിക്കാം, ഇന്ത്യയില്‍ പിറക്കാനിടയായതില്‍...

നമുക്കേവര്‍ക്കും അഭിമാനിക്കാം, ഇന്ത്യയില്‍ പിറക്കാനിടയായതില്‍…

spot_img
spot_img

അനില്‍ സിന്ദൂരം

”പോരാ പോരോ നാളില്‍ നാളില്‍
ദൂരദൂരമുയരട്ടെ
ഭാരതാക്ഷ്മാ ദേവിയുടെ
തൃപ്പതാകകള്‍…”

1947 ആഗസ്റ്റ് 15-ലെ സ്വാതന്ത്ര്യ സമര വിജയദിനമാണ് ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമെന്ന് ഏവര്‍ക്കും അറിയാം. അതിനു തൊട്ടുപിന്നാലെ തന്നെയാണ് 1950 ജനുവരി 26-ലെ റിപ്പബ്ലിക് ദിനവും. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനകീയ ഭരണ സമ്പ്രദായം അച്ചടി മഷി പുരണ്ട് ഇന്ത്യയില്‍ അവതരിച്ച ദിനം. എഴുതിയുണ്ടാക്കപ്പെട്ടതില്‍ വച്ച് ഏറ്റവും ബൃഹത്തായ ഭരണഘടന നമ്മുടെ രാജ്യത്തിന് അങ്ങനെ സ്വന്തമാകുകയായിരുന്നു.

1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. നാം എല്ലാ വര്‍ഷവും ജനുവരി 26-ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തിന്റെ നിയമസംഹിതയാണ് ഭരണഘടന. 395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടനയാണ് ഇന്ത്യന്‍ അസംബ്ലി 1950ല്‍ അംഗീകരിച്ചത്.

1946 ല്‍ ഇന്ത്യ സന്ദര്‍ശിച്ച ക്യാബിനറ്റ് മിഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഭരണഘടനയ്ക്ക് അന്തിമരൂപമായത്. ക്യാബിനറ്റ് ഭരണസമ്പ്രദായമാണ് ഇന്ത്യന്‍ ഭരണഘടനയുടെ മറ്റൊരു സവിശേഷതയായുള്ളത്. രാഷ്ട്രത്തലവന്‍ പ്രസിഡന്റാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയ്ക്കാണ് പക്ഷേ യഥാര്‍ത്ഥ അധികാരമുള്ളത്.

ഇന്ത്യന്‍ ഭരണഘടനയുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായ ആമുഖത്തില്‍ പറഞ്ഞിരിക്കുന്ന ആശയങ്ങള്‍ നെഹ്‌റു അവതരിപ്പിച്ചതാണ്. അതിലാണ് ഇന്ത്യയെ പരമാധികാര, സോഷ്യലിസ്റ്റ്, മതേതരത്വ, ജനാധിപത്യ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചത്. ഇന്തോനേഷ്യല്‍ പ്രസിഡന്റ് സുകര്‍ണോ ആയിരുന്നു 1950-ലെ ഇന്ത്യയുടെ ആദ്യ റിപ്പബ്ലിക് ദിനത്തിലെ മുഖ്യാതിഥി.

റിപ്പബ്ളിക് ദിനം രാജ്യമൊട്ടാകെ ആഘോഷങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നു. സ്‌കൂളുകളിലും, സര്‍ക്കാര്‍ ഓഫീസുകളിലും, മറ്റു സ്വകാര്യ സ്ഥാപനങ്ങളിലും ഭാരതത്തിന്റെ ദേശീയപതാക ഉയര്‍ത്താന്‍ അനുവാദമുള്ള ദിനമാണത്. വ്യത്യസ്ത ജാതികളും, മതങ്ങളും, പശ്ചാത്തലങ്ങളും നിറങ്ങളുമുള്ള ആളുകള്‍ അന്ന് ദേശീയത എന്ന ഒറ്റനൂലില്‍ ഒന്നിച്ചു കോര്‍ത്തെടുക്കുന്ന മുത്തുകള്‍ പോലെ ചേരുന്നു. വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും നമ്മുടെ പൂര്‍വ്വികരുടെ ത്യാഗത്തേയും സമര്‍പ്പണത്തേയും സ്വാതന്ത്ര്യ വാഞ്ഛയേയും ഓര്‍മ്മിക്കാനും ആഘോഷിക്കാനും ഈ ദിവസം നമ്മെ ഒരുമിച്ച് ചേര്‍ക്കുന്നു.

പക്ഷേ റിപ്പബ്ലിക് ദിനം ജനുവരി 26 എന്ന ദിനം ആകസ്മികമായി വന്നു ചേര്‍ന്നതല്ല. അതിനൊരു ചരിത്രമുണ്ട് . സ്വരാജ് അല്ലെങ്കില്‍ സ്വയംഭരണത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ജനുവരി 26 ന് വലിയ പ്രാധാന്യമാണുള്ളത്. 1929 ഡിസംബര്‍ 29-ന് ലാഹോറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനമാണ് പൂര്‍ണ സ്വരാജ് അഥവാ സമ്പൂര്‍ണ്ണ സ്വയംഭരണം ഇന്ത്യയുടെ ലക്ഷ്യമായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്.

ജനുവരി 26 ഇന്ത്യയൊട്ടാകെ പൂര്‍ണ സ്വരാജ് ദിനമായി ആചരിക്കണമെന്നും തീരുമാനിച്ചു. അങ്ങനെ 1930 ജനുവരി 26-നാണ് ആദ്യമായി സമ്പൂര്‍ണ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്. 1947 വരെ ഇത് ആചരിച്ചു. പിന്നീട് ബ്രിട്ടീഷുകാര്‍ അധികാരം വച്ചൊഴിഞ്ഞ ഓഗസ്റ്റ് 15 നമ്മുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാന്‍ തുടങ്ങി.

1947 ഓഗസ്റ്റ് 15 ന് ബ്രിട്ടനില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. കോളനി ഭരണം ഒഴിഞ്ഞു. ഭരണ നേതൃത്വം ഇന്ത്യാക്കാര്‍ക്കു തന്നെ ലഭിച്ചെങ്കിലും അത് സമ്പൂര്‍ണ്ണമായിരുന്നില്ല. കാരണം സ്വതന്ത്ര ഇന്ത്യയുടെ ഭരണനിര്‍വ്വഹണത്തിനായി ഒരു ഭരണഘടന ഉണ്ടായിരുന്നില്ല. 1947 മുതല്‍ 1950 വരെയുള്ള കൈമാറ്റ കാലയളവില്‍ ജോര്‍ജ്ജ് നാലാമനായിരുന്നു ഇന്ത്യയുടെ ഭരണ തലവന്‍. സ്വതന്ത്ര ഇന്ത്യയ്ക്ക് ഭരണഘടന എഴുതിയുണ്ടാക്കുന്ന ബൃഹദ് ദൗത്യം ഡോ. ബി.ആര്‍ അംബദ്കര്‍ അദ്ധ്യക്ഷനായ കമ്മിറ്റിയെ ഏല്‍പ്പിച്ചു.

അങ്ങനെ ഭരണഘടനയുടെ ആദ്യ രൂപം 1947 നവംബര്‍ 4-ന് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ളിയില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഭരണഘടനാ ചര്‍ച്ചകള്‍ക്ക് അസംബ്ലി തുടര്‍ച്ചയായ ദിവസങ്ങളില്‍ സമ്മേളിച്ചു. ഒടുവില്‍ ഒട്ടേറെ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും അവസാനം 395 ആര്‍ട്ടിക്കിളുകളും, 8 ഷെഡ്യൂളുകളുമുള്ള ഭരണഘടന അസംബ്ലി അംഗീകരിച്ചു. 1950 ജനുവരി 24-നാണ് ഭരണഘടനയുടെ ലിഖിത രൂപത്തിന് അസംബ്ളി അംഗീകാരം നല്‍കുന്നത്. അതനുസരിച്ച് ആദ്യ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. രാജേന്ദ്രപ്രസാദ് ഭരണഘടന അംഗീകരിച്ചുകൊണ്ട് 1950 ജനുവരി 26-ന് ഒപ്പിട്ടു.

അങ്ങനെ ഇന്ത്യ ജനാധിപത്യ സ്വതന്ത്ര പരമാധികാര രാഷ്ട്രപദവിയിലേക്ക് ഉയര്‍ന്നു. ഈ ദിവസത്തിന്റെ ഓര്‍മയും പ്രാധാന്യവും നിലനിര്‍ത്താന്‍ എല്ലാ വര്‍ഷവും രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ സൈനിക പരേഡുകളും സാംസ്‌കാരിക പരിപാടികളും അരങ്ങേറുന്നു.

ദേശീയ പതാക ഉയര്‍ത്തി, രാജ്യത്തെ സേവിക്കുന്നതിനിടെ വീരമൃത്യു വരിച്ച രക്തസാക്ഷികള്‍ക്ക് രാഷ്ട്രപതി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം ആരംഭിക്കുന്ന പരേഡില്‍ രാജ്യത്തിന്റെ അഭിമാനവും സമ്പന്നവും വൈവിധ്യവുമായ സാംസ്‌ക്കാരിക തനിമകള്‍ പ്രദര്‍ശിക്കപ്പെടും. രാഷ്ട്രപതിഭവനു സമീപമുള്ള റൈസിന ഹില്ലില്‍ നിന്ന് ഇന്ത്യാ ഗേറ്റ് വഴി ചുവപ്പ് കോട്ടയിലേക്കാണ് ഘോഷയാത്ര.

കര-നാവിക-വ്യോമ സേനകള്‍ ഔദ്യോഗിക വേഷത്തില്‍ ഈ ദിവസം പരേഡ് നടത്തും. ഇന്ത്യന്‍ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി ഈ സമയം ഇതിന്റെ സല്യൂട് സ്വീകരിക്കും. ഒപ്പം അര്‍ദ്ധ സൈനിക വിഭാഗവും എന്‍.സി.സി, ഗൈഡ്സും പരേഡില്‍ അണിനിരക്കും.

ഇന്ത്യയുടെ വൈവിദ്ധ്യം വിളിച്ചോതുന്ന ഒട്ടേറെ ഫ്ലോട്ടുകളും നൃത്തരൂപങ്ങളും അരങ്ങേറും. ധീരരായ സൈനികര്‍ക്ക് പരമവീര ചക്ര, അശോക് ചക്ര, വീര്‍ ചക്ര എന്നിവ ചടങ്ങില്‍ സമ്മാനിക്കും അതിപ്രയാസകരമായ സാഹചര്യങ്ങളില്‍ ധൈര്യം കാണിച്ച കുട്ടികളെയും പൗരന്മാരെയും പുരസ്‌കാരങ്ങള്‍ നല്‍കി അംഗീകരിക്കുന്നു.

രാജ്യത്തുടനീളം, എല്ലാ സംസ്ഥാനങ്ങളിലും ജിലാതലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വലിയ ആഘോഷങ്ങള്‍ നടക്കുന്നു. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും അതത് സംസ്ഥാനത്തെ ഗവര്‍ണര്‍മാര്‍ പതാക ഉയര്‍ത്തുന്നു. എല്ലാ റിപ്പബ്ലിക് ദിവസത്തിലും മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഓരോ പ്രധാന വ്യക്തികള്‍ ഡല്‍ഹിയില്‍ നടക്കുന്ന പരേഡില്‍ അതിഥികള്‍ ആകാറുണ്ട്. കോവിഡ് ഭീഷണിയിലായതിനാല്‍ രണ്ടു വര്‍ഷമായി ഈ ചടങ്ങുകള്‍ വെട്ടിച്ചുരുക്കിയാണ് നടത്തുന്നത്.

നമ്മള്‍ ആഘോഷിക്കുന്ന ഓരോ റിപ്പബ്ലിക് ദിനവും രാജ്യത്തിന്റെ മതനിരപേക്ഷതയെ കൂടുതല്‍ കൂടുതല്‍ ശക്തമാക്കാനും പരിപോഷിപ്പിക്കുവാനുമുതകുന്ന പ്രതിജ്ഞയും പുനസമര്‍പ്പണവും പുതുക്കുന്നതിന് വേണ്ടിയുള്ളതാണെന്ന് മറക്കരുത്. റിപ്പബ്ലിക് ദിനത്തില്‍ ഏവരും ഊന്നിപ്പറയുന്ന നമ്മുടെ മഹാത്മാഗാന്ധിയുടെ ഒരു ഉദ്ധരണിയുണ്ട്. അതിതാണ്…

”ഒരു ജനാധിപത്യവാദി തികച്ചും നിസ്വാര്‍ത്ഥനായിരിക്കണം. തന്റെയോ തന്റെ കക്ഷിയുടെയോ പേരിലല്ല, ജനാധിപത്യത്തിന്റെ വഴിയിലൂടെ മാത്രമേ അയാള്‍ ചിന്തിക്കാനോ പ്രവര്‍ത്തിക്കാനോ സ്വപ്നം കാണുവാന്‍ പോലുമോ പാടുള്ളൂ…”

രാജ്യത്തിന്റെ പരമാധികാരത്തിന്റെയും സ്വയംഭരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമാണ് നമ്മുടെ സ്വാതന്ത്ര്യ ദിനവും റിപ്പബ്ളിക് ദിനവും. അഭിമാനിക്കാം, ഈ രാജ്യത്തു പിറക്കാനിടയായതില്‍…പിന്തുടരാം, പൗരാണികമായ ചരിത്രപാരമ്പര്യം…രാജ്യത്തിന്റെ അമൂല്യത അവിടെ കാത്തുസൂക്ഷിക്കപ്പെടട്ടെ…

‘നേര്‍കാഴ്ച’യുടെ മാന്യ വായനക്കാര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഇന്ത്യന്‍ റിപ്പബ്ലിക് ദിനാശംസകള്‍…

”ജയ് ഹിന്ദ്…”

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments