Sunday, March 26, 2023

HomeMain Storyഇന്ന് ലോക മാതൃഭാഷാ ദിനം: ചില മലയാള ഭാഷാ കൗതുകങ്ങളറിയാം

ഇന്ന് ലോക മാതൃഭാഷാ ദിനം: ചില മലയാള ഭാഷാ കൗതുകങ്ങളറിയാം

spot_img
spot_img

ലോക ജനത അവരവരുടെ മാതൃഭഷയ്ക്കായി നീക്കി വച്ചിരിക്കുന്ന ഒരു ദിനമാണ് ഫെബ്രുവരി 21. ഓരോ ഭാഷയ്ക്കും വ്യത്യസ്തങ്ങളായ നിരവധി സവിശേഷതകളുണ്ടാകും. ഇത്തരം സവിശേഷതകളെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനമായി ആഘോഷിക്കുവാന്‍ തീരുമാനിച്ചത്. ബഹുഭാഷാ പഠന വെല്ലുവളികള്‍ക്കും അവസരങ്ങള്‍ക്കുമായി സാങ്കേതിക വിദ്യയെ ഉപയോഗിക്കുക എന്നുള്ളതാണ് 2022ലെ ലോക മാതൃഭാഷാദിനത്തിന്റെ തീം.

ലോകം മാതൃഭാഷാ ദിനം ആഘോഷിക്കുമ്പോള്‍ മലയാളവും ലോകോത്തരമാകുന്നു. ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് മലയാളം. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തോടൊപ്പം ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലും സംസാര ഭാഷയാണ് മലയാളം. ലോകത്ത് മൂന്നര കോടിയിലധികമാളുകള്‍ മലയാളം സംസാരിക്കുന്നവരായുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്.

അതേസമയം, ഒരു വാക്ക് പലരും പല രീതിയിലാണ് ഉച്ചരിക്കുന്നതും ഉപയോഗിക്കുന്നതുമെന്നറിയാമോ..? ഇതാ ചില മലയാള ഭാഷാ കൗതുകങ്ങള്‍.

ഒരുമുഖം പലമുഖം

മുഖം ഒരു സംസ്‌കൃതപദമാണ്. ‘മൂഞ്ചി’ എന്നാണിതിന്റെ ദ്രാവിഡ രൂപം. കേരളത്തിന്റെ വടക്കേയറ്റത്തെത്തിയാല്‍ മുഖത്തിന് മുഞ്ഞി, മൂഞ്ഞി, മൂഞ്ചി എന്നെല്ലാം പറയുന്നതു കേള്‍ക്കാം. കേരളത്തിന്റെ ഓരോ ഭാഗത്തും പല പേരുകളില്‍ മുഖം ‘തിളങ്ങി’ നില്‍ക്കുന്നതു കാണാം. മോട്, മൂട്, മുഖറ്, മോറ് എന്നിങ്ങനെ. ‘മോറ് കഴുകുക’ എന്നത് മലബാറിലെ ചില ഭാഗങ്ങളില്‍ പറയുന്നതു കേള്‍ക്കാം. പല്ലുതേച്ച് മുഖം കഴുകുന്നതിനാണ് ഇങ്ങനെയൊരു പ്രയോഗം.

മുഖത്തുള്ള പ്രധാനഭാഗമായ കവിളിനും ധാരാളം പ്രയോഗങ്ങളുണ്ട്. ചെപ്പ, ചെള്ള, മൊത്തി,മോന്ത എന്നിങ്ങനെ. ശരീരത്തിന്റെ പ്രധാന ഭാഗമായതിനാല്‍ മുഖം ഉള്‍പ്പെടുത്തി ധാരാളം പ്രയോഗങ്ങളുണ്ട്. മുഖം മനസിന്റെ കണ്ണാടി, മുഖത്തുനോക്കി പറയുക, മുഖം നോക്കാതെ, മുഖം തിരിക്കുക, മുഖത്തടിക്കുക, മുഖം കാട്ടുക, മുഖം കോട്ടുക, മുഖാമുഖം, മുഖത്തോടു മുഖം, മുഖം മിനുക്കുക, മുഖച്ഛായ നന്നാക്കുക തുടങ്ങി നേരിട്ടു മുഖവുമായി ബന്ധമില്ലാത്ത ധാരാളം ശൈലികളും നമുക്കിടയില്‍ പ്രചാരത്തിലുണ്ട്.

വീടിനും ജാതിഭേദം

പണ്ടുകാലത്ത് കേരളത്തില്‍ ഓരോ ഇടങ്ങളിലും ജാതി തിരിച്ചുള്ള വിവേചനം ശക്തമായിരുന്നു. വേഷത്തിലും ഭാഷയിലും പെരുമാറ്റത്തിലും ജീവിതചുറ്റുപാടുകളിലും ഇതു നന്നായി പ്രതിഫലിക്കുമായിരുന്നു. മനുഷ്യര്‍ താമസിക്കുന്ന സ്ഥലമായ വീടിനും ഈ വിവേചനമുണ്ടായിരുന്നു. ഓരോ ജാതിക്കാരനും തങ്ങളുടെ വീടിനെ വേറെവേറെ പേരുകളിലാണ് പരിചയപ്പെടുത്തിയിരുന്നത്.

 • രാജാക്കന്മാരും നാടുവാഴികളും വാണിരുന്ന വീട്: കൊട്ടാരം, കോവിലകം
 • ആഢ്യന്‍ നമ്പൂതിരിമാരുടെ വീട്: സാധാരണ നമ്പൂതിരിമാരുടെ വീട് ഇല്ലം
 • പരദേശി ബ്രാഹ്‌മണരും ‘അഡിഗര്‍’ എന്നൊരു വിഭാഗം നമ്പൂതിരി വിഭാഗവും താമസിച്ചിരുന്ന വീട്: മഠം
 • പുഷ്‌കോത്ത് നമ്പീശന്മാര്‍ വീടിനു പറഞ്ഞിരുന്ന പേര്: പുഷ്പകം
 • പിഷാരടിമാര്‍ താമസിച്ചിരുന്നത്: പിഷാരം
 • വാരിയന്മാരും വാരസ്യാരത്തികളും കഴിഞ്ഞിരുന്നത്: വാരിയം
 • ചെണ്ടകൊട്ടു മാരാന്മാരുടെ വീട്: മാരാത്ത്
 • നായന്മാര്‍ താമസിച്ചിരുന്നത് വീട്: ഭവനം
 • ഈഴവരും തീയന്മാരും പാര്‍ത്തിരുന്നത്: പുര
 • പുലയര്‍, പറയര്‍, കുറവര്‍, നായാടികള്‍ തുടങ്ങിയവര്‍ പാര്‍ത്തത്: ചാള, ചെറ്റ, പാടി
 • പറയന്മാര്‍ പ്രത്യേകമായി പാര്‍ത്തിരുന്നത്: ചേരി
 • കൊല്ലനും തട്ടാനും ആശാരിയും മൂശാരിയും കഴിഞ്ഞുകൂടിയത്: കുടി
 • കീഴാളര്‍, കീഴ്ജാതിക്കാര്‍ തങ്ങളുടെ ഭവനത്തെ വിളിച്ചിരുന്നത് ചാണക്കുണ്ട്, ചാണകക്കുഴി, ചാള എന്നൊക്കെയായിരുന്നു. ഇങ്ങനെ പറയാനേ കീഴ്ജാതിക്കാര്‍ക്ക് അന്നത്തെ കാലത്ത് അര്‍ഹതയുണ്ടായിരുന്നുള്ളു.

മാര്‍ത്താണ്ഡവര്‍മയില്‍

മലയാളാക്ഷരങ്ങള്‍ മാറ്റി, ഓരോ അക്ഷരത്തിനും പകരം മറ്റൊരക്ഷരംവച്ച് മറിച്ചുണ്ടാക്കുന്ന ഒരു രഹസ്യ സംഭാഷണരീതിയുണ്ട്. തിരുവിതാംകൂറിലെ മാര്‍ത്താണ്ഡവര്‍മയും സഹചാരികളായ നമ്പൂതിരിമാരും പൗരപ്രമാണിമാരും കൂടി വികസിപ്പിച്ചെടുത്തതാണിത്. ശത്രുക്കളെ കബളിപ്പിച്ച് യുദ്ധതന്ത്രങ്ങളും സൈനികനീക്കങ്ങളും കൈമാറാന്‍ അവര്‍ ഈ കോഡ് ഭാഷയാണുപയോഗിച്ചിരുന്നത്. ഇന്നും ഈ ഭാഷ കൈകാര്യം ചെയ്യാനറിയാവുന്നവര്‍ ഉണ്ടത്രെ. അവരുടെ എണ്ണം പക്ഷേ വിരളമാണ്. പത്തില്‍ താഴെ മാത്രം.

സി.വി.രാമന്‍പിള്ള രചിച്ച മാര്‍ത്താണ്ഡവര്‍മയിലെ അഞ്ചാം അധ്യായത്തില്‍ ഇങ്ങനെയൊരു സംഭാഷണം വായിക്കാം.

ബ്രാഹ്‌മണന്‍: ”ടപിഉ്ഉനോ?”
പരമേശ്വരന്‍പിള്ള: ”ലൂളി അ്അഞം”
ബ്രാഹ്‌മണന്‍: ”തപ്നമാധതുഷപ്പ് കിപ്ര ഭൃപിശന്‍ കാക്ഷശട്ടപ് കെമ്പിന്?”

ഇതെന്തൊരു ഭാഷ..? എന്തോ കാര്യമായി സംസാരിച്ചതാണ്. ഇതാണ് ആ മൂലഭദ്രി (മൂലഭദ്രം) എന്ന കോഡു ഭാഷ. ഇനി ഇതിന്റെ ശരിയായ മലയാളം എന്താണെന്നു നോക്കാം.

ബ്രാഹ്‌മണന്‍: ”ചതിക്കുമോ?”
പരമേശ്വരന്‍പിള്ള: ”സൂക്ഷിക്കണം”
ബ്രാഹ്‌മണന്‍: ”പത്മനാഭപുരത്ത് ഇത്ര ധൃതിയില്‍ ആളയച്ചത് എന്തിന്?”

ഗവേഷണം

ഗവേഷണം എന്നാല്‍ എന്താണ് അര്‍ഥമെന്ന് നമുക്കെല്ലാമറിയാം. അന്വേഷണം, മനം എന്നൊക്കെയാണ്. പക്ഷേ മുമ്പുകാലത്ത് ‘ഗോവിനെ അന്വേഷിക്കല്‍’ എന്നായിരുന്നുവത്രെ ‘ഗവേഷണ’ത്തിന്നര്‍ഥം! അതായത് പശുവിനെ അന്വേഷിക്കല്‍. കാലം മാറിയതോടെ അര്‍ഥവും മാറി.

പ്രവീണവും കുശലനും

‘നന്നായി വീണ മീട്ടുന്നവന്‍’ എന്നായിരുന്നു പ്രവീണന്‍ എന്ന വാക്കിന് മുമ്പ് മലയാളികള്‍ അര്‍ഥം കല്‍പിച്ചിരുന്നത്. ഇന്ന് അതിന്റെ അര്‍ഥം മാറി, സമര്‍ഥന്‍, ബുദ്ധിമാന്‍ എന്നൊക്കെയായി മാറി.

‘കുശലന്‍’ എന്നൊരു കൗശലക്കാരന്‍ കുരങ്ങനെ കൂട്ടുകാര്‍ക്കറിയാം. ഇതിനര്‍ഥം സമര്‍ഥന്‍, കൗശലമറിയുന്നവന്‍ എന്നൊക്കെയാണ്. എന്നാല്‍ പണ്ട് ‘കുശപ്പുല്ല് തിരഞ്ഞു കണ്ടുപിടിച്ച് കൊണ്ടുവരുന്നവന്‍’ എന്നായിരുന്നു അര്‍ഥം.

എള്ളിന്റെ സത്താണല്ലോ എള്ളെണ്ണ. അതുപോലെ എണ്ണില്‍ നിന്നെടുക്കുന്ന എണ്ണയായിരുന്നു തിലം അഥവാ തൈലം. ഇന്നു പക്ഷേ എല്ലാവിധ എണ്ണയും തൈലം എന്ന പേരിലറിയപ്പെടുന്നു.

‘മാടം’ എന്നതിന് കുടില്‍ എന്നാണ് ഇന്നു പറയുക. എന്നാല്‍ പണ്ട് വലിയ മാളികയ്ക്കായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതത്രെ!

കപ്പല്‍

സമുദ്രത്തില്‍നിന്നുണ്ടായതാണ് കേരളം എന്നാണല്ലോ ഐതിഹ്യം. കേരളത്തിന്റെ പടിഞ്ഞാറേ അതിരു മുഴുവന്‍ സമുദ്രമാണ്. കൂടാതെ പുഴകളും തോടുകളും കായലും കൊച്ചരുവികളും കൊണ്ടു സമൃദ്ധമാണ് നമ്മുടെ സുന്ദരകേരളം. അതിനാല്‍തന്നെ ജലവാഹനങ്ങളും നിരവധിയാണ് കേരളത്തില്‍.

കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജലസഞ്ചാരത്തിനുപയോഗിച്ചിരുന്ന പേരുകള്‍ ഒന്നിനൊന്നു വ്യത്യസ്തമാണ്. ഓട്ടത്തിന്റെ വേഗത, വാഹനത്തിന്റെ രൂപം, ജലാശയത്തിന്റെ സ്വഭാവം എന്നിവയനുസരിച്ച് ഓരോ നാമവും ഓരോ തരം ജലയാനത്തെ സൂചിപ്പിക്കുന്നു. അവ ഏതൊക്കെയാണെന്നൊന്നു നോക്കാം.

 • വലിയതരം കപ്പലുകള്‍: ആറുമാസ്, ആനയോടി
 • കടല്‍ മുറിച്ചു കടക്കുന്നയിനം: ഓടിക്കപ്പല്‍
 • ചരക്കു കപ്പലുകള്‍: കെട്ടുമരം, കെട്ടുവള്ളം, കേവുവള്ളം, ചരക്കുമേനി
 • ആളുകളെ കടത്തുന്നവ: കേവുതോണി
 • വളരെ നീളമുള്ളതരം: കോടിക്കപ്പല്‍
 • ശ്രീലങ്കയിലേക്കുള്ള കപ്പല്‍: കൊടിയന്‍
 • സഹായക്കപ്പല്‍: ചങ്ങാടം
 • കണ്ണൂരില്‍ മാത്രമുണ്ടായിരുന്ന വലിയകപ്പലുകള്‍: തരിണി, തോണി, നൗരി
 • കൊള്ളക്കാരുടെ കപ്പല്‍: പടക്
 • പായക്കപ്പലുകള്‍: പത്തേമ്മാരി, പറൂവാ, പാറു
 • മീന്‍പിടുത്തത്തിനുപയോഗിക്കുന്നത്: തോണി, മച്ചുവ

നമ്മുടെ നാട്ടിന്‍പുറങ്ങളിലും മറ്റും ഇനിയും ഗ്രാമ്യനാമങ്ങള്‍ ധാരാളമുണ്ടാകാം.

കഴുവേറി

പലരും പലപ്പോഴും പറയുകയും കേള്‍ക്കുകയും ചെയ്യുന്നൊരു ആക്ഷേപവാക്കാണിത്. പണ്ടുകാലത്തെ കേരളരാജാക്കന്മാരും നാടുവാഴികളും താഴ്ന്ന ജാതിക്കാര്‍ക്ക് മോഷണക്കുറ്റത്തിനു നല്‍കിയിരുന്ന ക്രൂരമായ ഒരുതരം ശിക്ഷാവിധിയായിരുന്നു ‘കഴുവേറ്റല്‍’. തിരുവിതാംകൂറിലെ കാര്‍ത്തികതിരുനാള്‍ മഹാരാജാവിന്റെ കാലത്തുവരെ ഈ ശിക്ഷാരീതി നടപ്പുണ്ടായിരുന്നുവത്രെ….

ചിത്രവധം, ഉഴച്ചുകൊല്ലല്‍ എന്നെല്ലാം ഇതിനുപേരുണ്ട്. നാലാള്‍ കാണ്‍കെ പരസ്യമായാണ് വിധി നടപ്പാക്കിയിരുന്നത്. മോഷ്ടാവിന്റെ കഴുത്തില്‍ ഇരുമ്പുകമ്പി തറച്ച് മരപ്പലകയില്‍ കയറ്റി നടുമധ്യത്തില്‍ നിര്‍ത്തും. ആരും പച്ചവെള്ളം നല്‍കാന്‍ പാടില്ല ഈ ശിക്ഷാരീതി, ഒരു നായര്‍ പ്രമാണിയുടെ പറമ്പില്‍നിന്നു മൂന്നു തേങ്ങ മോഷ്ടിച്ചതിന് പുലയനായ ഒരാള്‍ക്ക് നല്‍കുന്നതാണ്. ‘ബര്‍ത്തല്യോമ’ എന്ന പോര്‍ച്ചുഗീസ് സഞ്ചാരി തന്റെ കേരളയാത്രാവിവരണത്തിലാണ് ഇങ്ങനെ കുറിച്ചുവച്ചിട്ടുള്ളത്.

പപ്പായയ്ക്ക് പല പേരുകള്‍

വിദേശിയായ പപ്പായയ്ക്കാണത്രെ മലയാളത്തില്‍ ഏറ്റവുമധികം പേരുകളുള്ളത്. ഓരോ പ്രദേശത്തും പപ്പായയ്ക്ക് ഓരോ പേരുകളാണ്. അവ വായിച്ചോളൂ.

കപ്പ, കപ്പളം, കപ്പക്ക, കപ്പുക്ക, കപ്പക്കുങ്കായ, കൊപ്പക്കായ, കപ്പളിങ്ങ, കപ്പങ്ങ, കപ്പളങ്ങ, പപ്പ, പപ്പായ, പപ്പയ്ക്ക, പപ്പങ്ങ, പപ്പാളി, പപ്പളിക്കായ്, പപ്പാവയ്ക്ക, പപ്പഉണ്ട, പപ്പരങ്ങ, ഓമക്കായ, ഓമരിക്ക, കര്‍മൂസ, കറൂത്ത, കര്‍മമ്മ, കറ്വത്ത്, കര്‍മത്തി, കറുവത്തി, കറുവത്തുങ്കായി, കര്‍മിച്ചി, ദര്‍മത്തുകങ്കായ, ദര്‍മസുങ്കായ, മരമത്തങ്ങ,ആണുച്ചെണ്ണുങ്കായ്…

തലയണയും
നാട്ടുമൊഴികളും

ഉറങ്ങുമ്പോള്‍ തല ചായ്ക്കാനുള്ള തലയണ. ഇതിന് കേരളത്തില്‍ ഓരോ രീതിയിലാണു പറയുക. ‘തലക്കിണി’ എന്ന് തെക്കന്‍ മലബാറില്‍ പറയാറുണ്ട്. തലക്കാണി, തലേണി, തലേണ എന്നെല്ലാം പലഭാഗങ്ങളിലായി പറയുന്നതു കേള്‍ക്കാം.

‘നാറ്റം’ എന്നാല്‍ വല്ലാത്ത ദുര്‍ഗന്ധം എന്ന നിലയ്ക്കാണല്ലോ നമ്മള്‍ ഉച്ചരിക്കുന്നത്. മധ്യമലബാറില്‍ ‘നാറ്റുക’ എന്നാല്‍ ഉമ്മവയ്ക്കുക എന്നാണ് അര്‍ഥം കാണുന്നത്!

അടുക്കള വിശേഷങ്ങള്‍

ഓരോ വീടിനും ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഇടമാണല്ലോ അടുക്കള. ‘അടുകുക’ എന്ന പഴയൊരു വാക്കില്‍ നിന്നാണത്രെ ‘അടുക്കള’ ഉണ്ടാകുന്നത്. വേവിക്കുക. പാകപ്പെടുത്തുക എന്നൊക്കെയാണീ വാക്കിനര്‍ഥം. അടുക്കളയില്‍ നടക്കുന്നതും ഇതൊക്കെത്തന്നെയാണല്ലോ. അടുക്കളയുമായി ബന്ധപ്പെട്ട ചില രസകരമായ പ്രയോഗങ്ങളും കേട്ടോളൂ…

അടുക്കളക്കലഹം

സ്ത്രീകള്‍ തമ്മിലുള്ള വഴക്കിനാണ് മുമ്പൊക്കെ അടുക്കള കലഹമെന്നു പറഞ്ഞിരുന്നത്. അന്നൊന്നും സ്ത്രീകള്‍ പുറത്തു പണിക്കൊന്നും പോയിരുന്നില്ല. ഒരടുക്കളയില്‍ ഒന്നിലേറെ സ്ത്രീകളുണ്ടാകുമ്പോള്‍ ഒന്നും രണ്ടും പറഞ്ഞ് കലഹം സര്‍വസാധാരണയായിരുന്നുവത്രെ! ഇങ്ങനെ ‘അടുക്കള രഹസ്യം അങ്ങാടിപ്പാട്ട്’ എന്നൊരു പ്രയോഗം കൂടിയുണ്ടായി.

അടുക്കള കാണല്‍

നമ്മുടെ നാട്ടില്‍ പൊതുവേ ഈ പ്രയോഗം കൊണ്ടുദ്ദേശിക്കുന്നത് ഏതെങ്കിലുമൊരു കാര്യത്തിന്റെ ഉള്ളറകള്‍ പുറത്താക്കുക എന്നാണ്. മറ്റൊന്നാണ് ഏറെ പ്രസിദ്ധമായത്. മകളെ കല്യാണം ചെയ്തയച്ചാല്‍ പിറ്റേന്ന് പെണ്‍വീട്ടുകാരൊന്നടങ്കം ചെക്കന്റെ വീടുകാണാന്‍ ഒരുങ്ങിപ്പോകുന്നതിനുമിങ്ങനെ പറയാറുണ്ട്.

അടുക്കളപ്പൂച്ച

വീടിനുള്ളില്‍ മാത്രം വീമ്പും വീരവാദവും പറയുന്നവരെ ‘അടുക്കളച്ചെക്കന്മാര്‍’ എന്നു വിളിക്കാറുണ്ടായിരുന്നു. ഇത്തരക്കാര്‍ പുറത്തെത്തിയാലോ, തനിപൂച്ചപോലെയായിരിക്കുമത്രെ നടപ്പ്!. ‘അടുക്കളപ്പൂച്ച’ എന്നും വിളിക്കുന്ന ഇക്കൂട്ടര്‍ പുറത്തുപോകാതെ അധികമാരോടും മിണ്ടാതെയുമിരിക്കുന്നവരാണ്.

അടുക്കളമാടന്‍

എപ്പോഴും അടുക്കളയിലിരുന്ന് തിന്നു തടിച്ചുകൊഴുക്കുന്നവനാണിത്. ഇവര്‍ പക്ഷേ, വിരുതന്മാരാണ്. വീടിനകത്തു മാത്രം മിടുക്കും കഴിവും കാണിക്കുന്നവരെ ‘അടുക്കള മിടുക്കന്മാര്‍’ എന്നു പറയുന്നു. ഇവരുടെ പ്രവൃത്തിയെ ‘തിണ്ണമിടുക്ക്’ എന്നും പറയും.

അക്ഷരലക്ഷം

അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, ആശാന്‍ പ്രൈസ് എന്നിങ്ങനെയുള്ള ഇന്നത്തെ അവാര്‍ഡുകളുടെ പഴയ പേരായിരുന്നു ‘അക്ഷരലക്ഷം.’ ഒരു കവിയുടെ കൃതി മികച്ചതായി അന്നത്തെ രാജാവിനു ബോധ്യപ്പെട്ടാല്‍ ആ രചനയിലെ ഓരോ ശ്ലോകത്തിനും ഓരോ സ്വര്‍ണനാണയം വീതം സമ്മാനം കിട്ടിയിരുന്നു. ഇതാണ് അക്ഷരലക്ഷം പുരസ്‌കാരം. ‘ഭോജചരിത്രം’ തുടങ്ങിയ ഗ്രന്ഥങ്ങളില്‍ അക്ഷരലക്ഷത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.

ഒരരാധനാസമ്പ്രദായത്തിനും ‘അക്ഷരലക്ഷം’ എന്നു പറയാറുണ്ട്. ഒരു മന്ത്രത്തിലെ അക്ഷരങ്ങളുടെ എണ്ണമനുസരിച്ച് ആ മന്ത്രം അന്ത്യമില്ലാതെ ചെയ്യുന്നതിനാണിങ്ങനെ വിളിക്കാറ്.

ഉപയോഗിക്കാത്ത
വാക്കുകള്‍

നമ്മുടെ മലയാളത്തില്‍ മുമ്പു പ്രചാരത്തിലുണ്ടായിരുന്ന പല വാക്കുകളും ഇന്നുള്ളവര്‍ക്കു കേള്‍ക്കുമ്പോള്‍ അതിശയവും കൗതുകവും ജനിപ്പിക്കുന്നവയാണ്. പലതിന്റെയും അര്‍ഥം കേട്ടാല്‍ ചിരിയും വരും.പഴയകാലത്തെ ചില വാക്കുകളും അര്‍ത്ഥവുമിതാ…

ചന്ദ്രക്കാരന്‍ (സി.വി.രാമന്‍ പിള്ളയുടെ നോവലുകളില്‍ ഇങ്ങനെയൊരു കഥാപാത്രമുണ്ട്) = വില്ലേജ് ഓഫീസര്‍

അമ്മവിളയാട്ടം: വസൂരിരോഗം
കോട്ടപ്പെട്ടി: ശവപ്പെട്ടി
കോള്‍നിലം: ചതുപ്പുനിലം
ഠാണാവ്: കാരാഗൃഹം
തുക്ക്ടി (തുക്ടിസായ്വ് എന്ന പ്രയോഗം ഓര്‍ക്കുക): കലക്ടര്‍
ചെട്ട്: വ്യാപാരം
തൈക്കാവ്: ചെറിയ രീതിയിലുള്ള മുസ്ലീം ദേവാലയം

വരച്ച വര

‘വരച്ച വരയില്‍ നിര്‍ത്തുക’ എന്നത് പണ്ടുകാലത്ത് പ്രയോഗത്തിലുണ്ടായിരുന്ന ഒരു ആചാരത്തില്‍നിന്നുണ്ടായതാണ്. വായ്പവാങ്ങി, പറഞ്ഞ തീയതിക്കകം മടക്കിക്കൊടുക്കാത്തയാളെ വഴിയില്‍വച്ചു കണ്ടുമുട്ടിയാല്‍ അയാള്‍ക്കു ചുറ്റും കടം കൊടുത്തയാള്‍ ഒരു വര വരയ്ക്കും.

പ്രശ്നം തീര്‍പ്പാക്കാതെ ‘പ്രതി’ വരമുറിച്ചു കടന്നാല്‍ പരാതി രാജസദസിലെത്തും. വലിയ ശിക്ഷയായിരിക്കും ലഭിക്കുന്നത്. വരച്ചവരയില്‍ നിര്‍ത്തി കാര്യം സാധിച്ചെടുക്കുന്ന ഈ രീതിയാണ് പില്‍ക്കാലത്ത് രാഷ്ട്രീയക്കാര്‍ ‘ഘരാവോ’ എന്ന പേരില്‍ ചെയ്തുകൊണ്ടിരക്കുന്നത്.

കീയലും
കുത്തിരിക്കലും

വടക്കന്‍ കേരളത്തിലെ ഒരു പ്രയോഗം കേള്‍ക്കൂ: ‘കീയാച്ചാ കീയ്, ല്ലാച്ചാ കേറിക്കുത്തിരി’ ഇതു മനസിലാക്കാന്‍ വടക്കുള്ളവരോട് സാന്ദര്‍ഭികമായി താളാത്മകമായി പറഞ്ഞാല്‍ പെട്ടെന്നുതന്നെ അറിയാം.

‘ഇറങ്ങുകയാണെങ്കില്‍ ഇറങ്ങ്, അല്ലെങ്കില്‍ കയറിയിരിക്ക്’ എന്നാണ് ഉദ്ദേശ്യം. ‘കീയുക’ എന്നാല്‍ ഇറങ്ങുക എന്നാണ്. കീഞ്ഞു കീഞ്ഞി എന്നുമായിരുന്നു പണ്ടത്തെ വാമൊഴി. ‘കിഴിയുക’ എന്ന പദം ലോപിച്ചാണ് ‘കീയുക’ ഉണ്ടായത്. ഇങ്ങനെ ധാരാളം പ്രയോഗങ്ങള്‍ വടക്കന്‍ കേരളത്തില്‍ പണ്ട് പ്രചാരത്തിലുണ്ടായിരുന്നു.

ഹിപ്പി അഥവാ
ബുദ്ധിജീവി

ഒരുകാലത്ത് കേരളത്തിലെ ചെറുപ്പക്കാരുടെ ഫാഷനായിരുന്നു പാരമ്പര്യങ്ങളെ എതിര്‍ക്കുക എന്നത്. നഖം വെട്ടുക, മുടിമുറിക്കുക, വൃത്തിയായി നടക്കുക, സല്‍സ്വഭാവിയായി ജീവിക്കുക തുടങ്ങിയ നല്ലനടപ്പുകളെ ധിക്കരിച്ച്, കൈയിലൊരു ഗിറ്റാറും പിടിച്ച്, ചുണ്ടില്‍ കഞ്ചാവു ബീഡിയും പുകച്ച്, മുടിയും താടിയും നഖവും നീട്ടിവളര്‍ത്തി, തോളിലൊരു മുഷിഞ്ഞ തുണിസഞ്ചിയും തൂക്കി, കുളിക്കാതെ നടന്നാല്‍ ബുദ്ധിജീവീയായി എന്നായിരുന്നു അന്നത്തെ യുവാക്കളുടെ ധാരണ.

അസ്തിത്വവാദികളായ എഴുത്തുകാരും ഹിപ്പിസംസ്‌കാരത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. റാപ്പ്, പോപ്പ് തുടങ്ങിയ പാശ്ചാത്യസംഗീതത്തോടും ഈ ഹിപ്പിബുദ്ധിജീവികള്‍ക്ക് ഭ്രമമുണ്ടായിരുന്നു. ഗിറ്റാര്‍ ആയിരുന്നു കൈയിലെ പ്രധാന സംഗീതോപകരണം. അക്കാലത്ത് പ്രചരിച്ച ‘ബുദ്ധിജീവി’ എന്ന പദം ഇന്നും ഏറെ പ്രചാരമുള്ളതായി മാറിയിരിക്കുന്നു.

ലോക സാഹിത്യത്തോടെ തന്നെ മത്സരിക്കാന്‍ കഴിയുന്ന സാഹിത്യ സൃഷ്ടികളും സാഹിത്യകാരന്മാരും മലയാളത്തിനുണ്ട്. മലയാള ഭാഷയും ശൈലിയും ഒട്ടനവധി മാറ്റങ്ങള്‍ക്ക് വിധേയമായി ആധുനിക തലമുറയില്‍ എത്തി നില്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് തീര്‍ച്ചായും അഭിമാനിക്കാം.

വര്‍ഷങ്ങളായി സമരം നടത്തി നേടിയെടുത്ത ശ്രേഷ്ഠ പദവിയും ഭരണ ഭാഷ മലയാളമാക്കാനുള്ള തീരുമാനവുമൊക്കെ വാനോളം മലയാളം വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന സൂചനകളാണ് തരുന്നതെന്നുകൂടി നമുക്ക് ഓര്‍മ്മയില്‍ വയ്ക്കാം.

മഹാകവി വള്ളത്തോള്‍ ചൊല്ലിയതു പോലെ

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍…

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments