കൊളംബോ; സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രതിഷേധം ഇരമ്ബുന്നതിനിടെ ശ്രീലങ്കയില്‍ മന്ത്രിമാരുടെ കൂട്ടരാജി.
രാജപക്സെയുടെ മകന്‍ ഉള്‍പ്പെടെ സഭയിലെ 26 മന്ത്രിമാരും രാജിവെച്ചു. അതേസമയം മഹിന്ദ രാജപക്സെ പ്രധാനമന്ത്രിയായി തുടരും. ഞായറാഴ്ച രാത്രിയോടെ രാജപക്സെ രാജിവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മന്ത്രിമാരെല്ലാം രാജിവെച്ചിരിക്കുന്നത്.
രാജിക്കത്ത് പ്രധാനമന്ത്രി മഹിന്ദ രജപക്സെയ്ക്ക് കൈമാറിയതായി വിദ്യാഭ്യാസ മന്ത്രിയും സഭാ നേതാവുമായ ദിനേശ് ഗുണവര്‍ധന മാധ്യമങ്ങളോട് വ്യക്തമാക്കി. രജപക്സെയുടെ മകനും ശ്രീലങ്കന്‍ കായിക യുവജനകാര്യ മന്ത്രിമായുമായ നമല്‍ രജപക്സെയും രാജിക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്.
കടുത്ത സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയിലെമ്ബാടും രാജപക്‌സെ സര്‍ക്കാരിനെതിരേ വന്‍പ്രതിഷേധമാണ് നടക്കുന്നത്. ഭക്ഷണത്തിന്റേയും ആവശ്യസാധനങ്ങളുടേയും വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. സര്‍ക്കാരിന്റെ തെറ്റായ സാമ്ബത്തിക നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധിയില്‍ കൊണ്ടെത്തിച്ചതെന്ന വിമര്‍ശനമാണ് ഉയരുന്നത്. 2019 ലാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹിന്ദ രജപക്സെ അധികാരമേല്‍ക്കുന്നത്.
അതേസമയം പ്രതിഷേധം കനത്തത്തോടെ രാജ്യത്ത് വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച രാത്രി പ്രസിഡന്റ് ഗോട്ടബയ രജപാക്സെയുടെ വീടിന് മുന്നിലെ പ്രതിഷേധം കലാപത്തിന്റെ വക്കിലെത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നായിരുന്നു വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. എന്നാല്‍ കര്‍ഫ്യൂ ലംഘിച്ച് നൂറുകണക്കിന് ആളുകളാണ് പ്രതിഷേധിച്ചത്.