കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകിട്ട് 5 നാണ് പ്രധാനമന്ത്രിയെത്തുക. ഇവിടെ നിന്നും 5.30നു തേവര ജംക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. ഇതിന് ശേഷം ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും.
7.45 ന് താമസിക്കുന്ന താജ് മലബാർ ഹോട്ടലിലേക്ക് മടങ്ങും. ഇവിടെ വെച്ച് ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും.
വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടർ മെട്രോയും ചൊവ്വാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിക്കും. ചൊവ്വാഴ്ച രാവിലെ 10.15ന തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി 10.55ന് വന്ദേഭാരതിന്റെ ഫ്ലാഗ്‌ഓഫ് നിർവ്വഹിക്കും. ശേഷം 11ന് സെൻട്രൽ സ്റ്റേഡിയത്തിൽ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ശിലാസ്ഥാപനവും നിർവഹിക്കും.