Thursday, April 18, 2024

HomeMain Storyപ്രധാനമന്ത്രിയുടേത് തുറന്ന സമീപനം, ക്രൈസ്തവരെ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കി: മാര്‍ ആലഞ്ചേരി

പ്രധാനമന്ത്രിയുടേത് തുറന്ന സമീപനം, ക്രൈസ്തവരെ സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കി: മാര്‍ ആലഞ്ചേരി

spot_img
spot_img

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് തുറന്ന സമീപനമാണെന്നും കൂടിക്കാഴ്ച വിജയകരമെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ക്രൈസ്തവ സമൂഹത്തെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി അദ്ദേഹം അറിയിച്ചു. ദലിത് ക്രൈസ്തവരുടെ സംവരണ വിഷയവും പ്രധാനമന്ത്രിയുമായി സംസാരിച്ചെന്ന് ചൂണ്ടിക്കാട്ടിയ മാര്‍ ആലഞ്ചേരി, ചര്‍ച്ചയിലുടനീളം പ്രധാനമന്ത്രി തുറന്ന സമീപനമാണ് സ്വീകരിച്ചതെന്നും വിശദീകരിച്ചു. നരേന്ദ്ര മോദി മികച്ച നേതാവാണെന്നും ബിജെപി ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്നുമുള്ള മാര്‍ ആലഞ്ചേരി മുന്‍പും അഭിപ്രായപ്പെട്ടിരുന്നു.

ക്രൈസ്തവരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്കിടെ, ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അന്ന് കര്‍ദിനാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ ബിജെപിക്കും സാധ്യതയുണ്ടെന്നും ജനപിന്തുണ നേടുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ടെന്നും കര്‍ദിനാള്‍ പറഞ്ഞിരുന്നു. എന്നാല്‍ അഭിമുഖത്തിലെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും സഭയ്ക്ക് ഈ രീതിയില്‍ നിലപാട് ഇല്ലെന്നും സഭാവക്താവ് പിന്നീട് മനോരമ ന്യൂസിനോട് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ക്രൈസ്തവ സഭാധ്യക്ഷര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കാണുന്നില്ലെന്ന് യാക്കോബായ സഭ അസിസ്റ്റന്റ് കാതോലിക്ക ജോസഫ് മാര്‍ ഗ്രിഗോറിയോസും വ്യക്തമാക്കിയിരുന്നു. സഭാധ്യക്ഷന്‍മാര്‍ പറയുന്നതു കേട്ടല്ല ജനം വോട്ടു ചെയ്യുന്നത്. ഭരിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തികള്‍ അനുസരിച്ചാണ് ജനം വോട്ടു ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേദനകളും ആശങ്കകളും പ്രധാനമന്ത്രിയുമായി പങ്കുവയ്ക്കാന്‍ സാധിച്ചത് വലിയ കാര്യമായിട്ടാണ് കാണുന്നതെന്നും, അല്ലാതെ അതില്‍ രാഷ്ട്രീയമൊന്നും കാണുന്നില്ലെന്നും ജോസഫ് മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു.

ഇന്നലെ രാത്രിയാണ് ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി (സിറോ മലബാര്‍ സഭ), പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ (മലങ്കര ഓര്‍ത്തഡോക്‌സ് സഭ), മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ (മലങ്കര കത്തോലിക്കാ സഭ), ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ (ലത്തീന്‍ സഭ), ജോസഫ് മാര്‍ ഗ്രിഗോറിയോസ് (യാക്കോബായ സഭ), മാര്‍ മാത്യു മൂലക്കാട്ട് (ക്‌നാനായ കത്തോലിക്കാ സഭ), മാര്‍ ഔഗിന്‍ കുര്യാക്കോസ് (കല്‍ദായ സുറിയാനി സഭ), കുര്യാക്കോസ് മാര്‍ സേവേറിയോസ് (ക്‌നാനായ സുറിയാനി സഭ) എന്നിവരുമായാണ് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments