തിരുവനന്തപുരം: നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ ദിവസം വടകര എം.എല്‍.എ കെ.കെ രമ ഭര്‍ത്താവും ആര്‍.എം.പി നേതാവുമായ ടി.പി ചന്ദ്രശേഖന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് ഗുരുതര ചട്ടലംഘനമല്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് കണ്ടെത്തി.
സമരദിവസങ്ങളില്‍ അംഗങ്ങള്‍ ബാഡ്ജുകളും പ്ലക്കാര്‍ഡുകളും സഭയില്‍ കൊണ്ടുവരാറുണ്ടെന്നാണ് സഭാ സെക്രട്ടറിയേറ്റിന്റെ വിശദീകരണം. എന്നാല്‍ ബാഡ്ജ് ധരിച്ചെത്തിയത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാല്‍ സ്പീക്കര്‍ എം.എല്‍.എക്ക് താക്കീത് ചെയ്യും.
നിയമസഭയുടെ കോഡ് ഓഫ് കണ്ടക്ടില്‍ ഇത്തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കിയതാണെന്നും അത് പൊതുവില്‍ എല്ലാ അംഗങ്ങളും പാലിക്കേണ്ടതാണെന്നുമായിരുന്നു ചട്ടലംഘനാരോപണ ഘട്ടത്തില്‍ സ്പീക്കര്‍ വ്യക്തമാക്കിയത്.
എന്നാല്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ടി.പിയുടെ ബാഡ്ജ് ധരിച്ചെത്തിയതെന്നാണ് രമയുടെ പ്രതികരണം. ആരോപണം ആസൂത്രിതമാണെന്നും കെ.കെ രമ പറഞ്ഞിരുന്നു. ടി.പി ചന്ദ്രശേഖരന്റെ വധം വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത് സിപിഐഎം നേതൃത്വത്തെ പ്രകോപിപ്പിച്ചു എന്നും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എകെജി സെന്ററില്‍ നിന്നുള്ള കൃത്യമായ ഇടപെടലുണ്ടെന്നും രമ പറഞ്ഞു.
വിഷയത്തില്‍ കെ.കെ രമ പ്രതികരിച്ചത് ഇങ്ങനെ…
24-ാം തിയതി സത്യപ്രതിജ്ഞാദിവസമാണ് സംഭവം നടക്കുന്നത്. 25ന് സ്പീക്കര്‍ തെരഞ്ഞെടുപ്പിന് ഞാന്‍ സഭയിലെത്തുകയും 26ന് രാവിലെ സ്പീക്കറെ നേരിട്ട് കണ്ടു സംസാരിക്കുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും ചട്ടലംഘനത്തെക്കുറിച്ചുള്ള ചര്‍ച്ചകളുണ്ടായിരുന്നില്ല.
എല്ലാത്തിനും ശേഷം 27-ാം തിയതിയാണ് ഇതിനെപ്പറ്റി സ്പീക്കര്‍ സംസാരിക്കുന്നത്. ചട്ടലംഘനമായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് സംഭവം നടന്ന അന്നുതന്നെ സ്പീക്കര്‍ക്ക് അത് ബോധ്യപ്പെടാതെയിരുന്നത്?, സഭയിലെ മറ്റുള്ളവര്‍ അതിനെക്കുറിച്ച് പ്രതികരണം നടത്താതെയിരുന്നത്..?
സഖാവ് ടി.പിയുടെ വധവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത് സി.പി.എം നേതൃത്വത്തെ പ്രകോപിപ്പിച്ചതിനാലാണ് ചട്ടലംഘനത്തിലേക്ക് ഇത് എത്തുന്നത്. എ.കെ.ജി സെന്ററില്‍ നിന്ന് വളരെ കൃത്യമായി ആലോചിച്ച് തന്നെയാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് ഇറങ്ങിയിരിക്കുന്നത്.
അല്ലെങ്കില്‍ ഇത്രയും ദിവസം ഇത് വൈകിപ്പിക്കില്ല. ഇത് ചട്ടലംഘനത്തിന്റെ വിഷയമല്ല ആസൂത്രിതമായ രാഷ്ട്രീയ നീക്കമാണെന്നും പകപോക്കല്‍ രാഷ്ട്രീയം എന്നുപോലും അതിനെ വിശേഷിപ്പിക്കേണ്ടിവരും.
ഇന്ന് സഭയിലെ ചട്ടലംഘനത്തെക്കുറിച്ച് സംസാരിക്കുന്ന ആളുകള്‍ മുന്‍പ് നിയമസഭയില്‍ നടത്തിയ കാര്യങ്ങള്‍ ലോകം മുഴുവന്‍ കണ്ടതാണ്. സ്പീക്കറുടെ കസേര കാലുകൊണ്ട് ചവിട്ടിത്തെറിപ്പിച്ചും സ്പീക്കറുടെ കമ്പ്യൂട്ടര്‍ വലിച്ചെറിഞ്ഞും എന്തൊക്കെ കോപ്രായങ്ങളാണ് അന്ന് നിയമസഭയില്‍ നടന്നത്.
എന്തൊക്കെ നഷ്ടങ്ങളാണ് അതുമായി ബന്ധപ്പെട്ട് ഉണ്ടായത്. അന്ന് വ്യക്തമായ ചട്ടലംഘനം നടത്തിയ അതേ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ മറുഭാഗത്ത് പ്രചാരണം നടത്തുന്നതെന്നതാണ് ശ്രദ്ധേയം.
ഇനി ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. വളരെ കൃത്യമായ രാഷ്ട്രീയമാണ് ഞാന്‍ പറഞ്ഞത്. ഇനിയും പറഞ്ഞുകൊണ്ടിരിക്കുക തന്നെ ചെയ്യും. ഇതിന്റെ ഭാഗമായി എന്തുവന്നാലും വിഷയവുമല്ല. വളരെ സൗഹാദപരമായുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തനത്തിനാണ് ഞാന്‍ ലക്ഷ്യം വെയ്ക്കുന്നത്.
ഭരണപക്ഷ ബഹുമാനത്തോടെ സഭ കൊണ്ടുപോകണമെന്നും, നിയമനിര്‍മ്മാണസഭയെ ജനാധിപത്യപരമായ സമീപിക്കണമെന്നുമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള അതിന് വിപരീതമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനത്തോട് യോജിക്കാന്‍ കഴിയില്ല.