ന്യൂഡല്‍ഹി : ഒരാള്‍ക്ക് ഒരു പദവി, ഒരു കുടുംബത്തില്‍നിന്ന് ഒരു സ്ഥാനാര്‍ഥി എന്നിവയടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് സംഘടനാകാര്യ കരട് പ്രമേയം. രാജസ്ഥാനിലെ ഉദയ്പുരില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ചിന്തന്‍ ശിബിരത്തില്‍ അവതരിപ്പിക്കുന്ന പ്രമേയം ഇന്നലെ ചേര്‍ന്ന പ്രവര്‍ത്തക സമിതി വിശദമായി ചര്‍ച്ച ചെയ്തു.
തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ ജനറല്‍ സെക്രട്ടറി പദവിയില്‍ എഐസിസിയില്‍ പുതിയ തസ്തിക സൃഷ്ടിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വഴികള്‍ തേടി ഹൈക്കമാന്‍ഡുമായി അടുത്തിടെ ചര്‍ച്ച നടത്തിയ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ സമാന ആശയം മുന്നോട്ടുവച്ചിരുന്നു.
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ മാന്ത്രിക വടികളില്ലെന്നും ചിന്തന്‍ ശിബിരത്തെ വഴിപാടായി കാണരുതെന്നും പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി. രാജസ്ഥാനിലെ ഉദയ്പുരില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ശിബിരത്തിനു മുന്നോടിയായി എഐസിസി ആസ്ഥാനത്തു ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ്, പാര്‍ട്ടിയുടെ തിരിച്ചുവരവിനു കുറുക്കുവഴികളില്ലെന്നു സോണിയ അടിവരയിട്ട് വ്യക്തമാക്കിയത്.
‘നമുക്ക് നല്ലതു മാത്രം നല്‍കിയ പാര്‍ട്ടി ഇപ്പോള്‍ പ്രതിസന്ധി നേരിടുകയാണ്. പാര്‍ട്ടിയോടുള്ള കടം വീട്ടേണ്ട സമയമാണിത്. അതിനായി ഓരോരുത്തരും മുന്നോട്ടു വരണം. കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പിന്റെ വിളംബരമായി ശിബിരം മാറണം. അക്ഷീണ പ്രയത്‌നവും അച്ചടക്കവും കൂട്ടായ പ്രവര്‍ത്തനവും പാര്‍ട്ടി പുറത്തെടുക്കേണ്ട സമയമാണിത്.
പാര്‍ട്ടിയുടെ ഐക്യത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സന്ദേശം ശിബിരത്തില്‍ മുഴങ്ങണം. നാം നേരിടുന്ന വെല്ലുവിളികള്‍ ഒറ്റക്കെട്ടായി മറികടക്കാനുള്ള വഴികള്‍ കണ്ടെത്തണം. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വെല്ലുവിളികള്‍ നേരിടാന്‍ സംഘടനാതലത്തില്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനു ശിബിരം വഴി തെളിക്കണമെന്നും സോണിയ ചൂണ്ടിക്കാട്ടി.