അനില്‍ ആറന്‍മുള
ഹൂസ്റ്റണ്‍: സാന്‍ അന്റോണിയയിലെ കാന്യന്‍ തടാകത്തിന്റെ അഗാധതയില്‍ ആണ്ടുപോയി അകാലത്തില്‍ വിടചൊല്ലിയ ജോയല്‍ പുത്തന്‍പുരയുടെ കുടുംബത്തിന് ആശ്വാസമേകി ഹൂസ്റ്റണ്‍ സമൂഹം. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ജോയലിന് നിശബ്ദം ശ്രദ്ധാഞ്ജലിയര്‍പ്പിക്കുകയാണ്.
ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരി ഫാ. സുനില്‍ തോമസ് പടിഞ്ഞാറേക്കര, മുന്‍ വികാരി ഫാ. സജി പിണര്‍കയില്‍ തുടങ്ങിയവര്‍ ജോയലിനെ കാണാതായതുമുതല്‍ പ്രാര്‍ത്ഥനയും ആസ്വാസ വാക്കുകളുമായി ജോയലിന്റെ പിതാവ് ജിജോ, മാതാവ് ലൈല, സഹോദരങ്ങളായ ജെറിന്‍, ജോഷ്വ എന്നിവര്‍ക്കൊപ്പമുണ്ടായിരുന്നു.
”വിശുദ്ധനായ ഒരു മകന്റെ മാതാപിതാക്കളാണ് നിങ്ങള്‍. കരഞ്ഞ് തീര്‍ക്കാനുള്ളതല്ല നിങ്ങളുടെ ജീവിതം. മരിച്ചവര്‍ ഒരിക്കലും മടങ്ങി വരില്ല. പക്ഷേ, നിങ്ങള്‍ തന്റേടത്തോടെ പറയണം, ദൈവം തന്നു, ദൈവം എടുത്തു, അവന്റെ നാമം വാഴ്ത്തപ്പെടട്ടേ എന്ന്. അസാധാരണ വ്യക്തിത്വമുള്ള ആളായിരുന്നു ജോയല്‍. ഇത്രമേല്‍ നല്ല ഒരു മകനെ തന്നതില്‍ ജോയലിന്റെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും സഭയ്ക്കും അഭിമാനിക്കാം…” ഫാ. സജി പിണര്‍കയില്‍ പറഞ്ഞു.
അതേസമയം, ജോയലിന്റെ മൃതദേഹം എത്രയും പെട്ടന്ന് ഹൂസ്റ്റനില്‍ എത്തിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. 34 അടി ആഴത്തില്‍ നിന്നാണു മൃതദേഹം കിട്ടിയത്. ഒട്ടോപ്‌സി നടത്താന്‍ പ്രീസിംക്ട് 4 ജസ്റ്റീസ് ഓഫ് ദി പീസ് ജന്നിഫര്‍ സോണ്ടെഴ്‌സ് ഉത്തരവിട്ടുണ്ട്. മരണകാരണം കൃത്യമായി ഓട്ടോപ്‌സിയില്‍ വ്യക്തമാകും.
ഹൂസ്റ്റനില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍, ടെക്‌സാസ് പാര്‍ക്ക് ആന്‍ഡ് വൈല്‍ഡ് ലൈഫിന്റെ ഹെലികോപ്റ്റര്‍, രണ്ടു ഡ്രോണ്‍ എന്നീ സന്നാഹങ്ങളോടെ നടത്തിയ ശ്രമകരമായ തിരച്ചിലിനൊടുവിലാണ് നാലാം ദിവസം ജോയലിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മൃതദേഹം തിരിച്ചറിഞ്ഞു.
മെയ് 29-3ം തീയതി ശനിയാഴ്ച രാവിലെ 9:55നാണു ബോട്ടില്‍ നിന്ന് 9/11 ല്‍ വിളിക്കുന്നത്. ബോട്ടില്‍ നിന്നു കാണാതായ രണ്ടു പേര്‍ക്കു വേണ്ടി കയര്‍ താഴേയ്ക്ക് ഇട്ടുവെങ്കിലും ജോയലിന് എത്തിപ്പിടിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രക്ഷപെട്ടു. ഇരുപത്തിരണ്ടുകാരനായ ജോയല്‍ ചെയ്‌സ് ബാങ്കില്‍ ഉദ്യോഗസ്ഥനാണ്.
ഹൂസ്റ്റണ്‍ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളി ഇടവകാംഗമാണ് ജോയല്‍. ഹൂസ്റ്റണ്‍ ക്‌നാനായ യൂത്തു മിനിസ്ട്രി സജീവ പ്രവര്‍ത്തകനായിരുന്ന ജോയലിന്റെ അകാല വിയോഗം സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരെ തളര്‍ത്തിയിരിക്കുകയാണ്.