ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജി.ബി പന്ത് (ഗോവിന്ദ് ബല്ലഭ് പന്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച്) ആശുപത്രിയില്‍ മലയാളി നേഴ്‌സുമാര്‍ക്ക് ഭാഷാ വിലക്ക് ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് കനത്ത പ്രതിഷേധമാണ് വിളിച്ചുവരുത്തിയിരിക്കുന്നത്.
കോവിഡ് 19 പോലെ ഒരു മഹാമാരിയെ നേരിടുന്ന കാലത്ത് നമ്മുടെ മുന്നണി പോരാളികളായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും തുല്ല്യമായിരുന്നു ഈ നടപടി.
ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് നേഴ്‌സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ആശുപത്രിയാണ് ഇത്. തൊഴിലിടങ്ങളില്‍ മലയാളം സംസാരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് സൂപ്രണ്ടിന്റെ ഉത്തരവില്‍ പറയുന്നു.
രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇതിലൂടെ ബുദ്ധിമുട്ടുണ്ടാവുന്നുവെന്ന് സൂപ്രണ്ട് പറയുന്നത്. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചെങ്കിലും അതുകൊണ്ടായില്ല എന്ന നിലപാടിലാണ് ആശുപത്രിയിലെ നൂറുകണക്കിന് മലയാളി നേഴ്‌സുമാര്‍.
ഭാഷാ വിലക്കിനെതിരെ വലിയ തരത്തിലൊരു പ്രതിഷേധം സംഘടിപ്പിക്കാനും അത് അധികൃതരുടെയും പൊതുസമൂഹത്തിന്റെയും മുന്നിലെത്തിക്കാനും നേഴ്‌സുമാരുടെ കൂട്ടായ്മയ്ക്ക് സാധിച്ചു. ഡല്‍ഹിയിലെ മലയാളി നേഴ്‌സുമാരെ ഉള്‍പ്പെടുത്തി ഉടനടി ഒരു ആക്ഷന്‍ കൗണ്‍സിലടക്കം രൂപീകരിച്ചായിരുന്നു ഇവരുടെ പോരാട്ടം. ഇതിന്റെ പിന്തുടര്‍ച്ചയെന്ന പോലെയാണ് സമൂഹമാധ്യമങ്ങളിലടക്കം രാഷ്ട്രീയ രംഗത്തെ പലരും നേഴ്‌സുമാരെ അനുകൂലിച്ച് രംഗത്തെത്തിയത്.
ആ പ്രതിഷേധം ഫലം കൂണുകയും ഉത്തരവ് പിന്‍വലിക്കുകയും ചെയ്‌തെങ്കിലും അതുകൊണ്ട് മാത്രമാകില്ലെന്നാണ് നേഴ്‌സുമാര്‍ പറയുന്നത്. ഉത്തരവ് പിന്‍വലിച്ചത് നല്ല കാര്യമാണെന്നും സന്തോഷമുണ്ടെന്നും എന്നാല്‍ വിവാദ ഉത്തരവിറക്കിയ നഴ്‌സിങ് സൂപ്രണ്ടന്റ് ക്ഷമാപണം നടത്തണമെന്ന് യു.എന്‍.എ ഡല്‍ഹി മേഖല ജനറല്‍ സെക്രട്ടറി ജോള്‍ഡിന്‍ പറഞ്ഞു.
”ഇത് മനപൂര്‍വ്വം ചെയ്‌തൊരു തെറ്റാണ്. ഇനി ഭാഷയുടെയോ ദേശത്തിന്റെയോ ഒന്നും അടിസ്ഥാനത്തില്‍ ആരെയും, പ്രത്യേകിച്ച് ആരോഗ്യ പ്രവര്‍ത്തകരെ വേര്‍തിരിക്കാന്‍ പറ്റില്ല. കാരണം കൊറോണ സമയത്ത് അതുപോലെ കഷ്ടപെട്ടിട്ടുണ്ട്. ഈ ഒരു സമയത്ത് ഭാഷയുടെകൂടെ ഉള്‍പ്പെടുത്തി നമ്മള്‍ അവഗണിക്കുന്നതില്‍ ശക്തമായ പ്രതിഷേധമാണുള്ളത്. ആ തെറ്റിന് അവര്‍ മാപ്പ് പറയുക തന്നെ വേണം…” ജോള്‍ഡിന്‍ വ്യക്തമാക്കി.
അഡ്മിനിസ്‌ട്രേഷന്‍ അറിയാതെ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയ നിലയ്ക്ക് എന്തെങ്കിലുമൊരു ആക്ഷന്‍ എടുക്കുമെന്നാണ് കരുതുന്നതെന്ന് ആക്ഷന്‍ കൗന്‍സിലിലെ മറ്റൊരു കണ്‍വീനര്‍ ജീമോള്‍ പറഞ്ഞു.
”ഭാഷയുടെ കാര്യത്തില്‍ ഡല്‍ഹിയിലെ നേഴ്‌സുമാര്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ജി.ബി പന്ത് ആശുപത്രിയില്‍ മാത്രം മുന്നൂറിലധികം മലയാളി നേഴ്‌സുമാരുണ്ട്. ഇവരെല്ലാം നല്ലപോലെ ജോലി ചെയ്യുന്നവരാണ്. ഡല്‍ഹിയില്‍ എല്ലായിടത്തും മറ്റാരേക്കാളും നന്നായി ജോലി ചെയ്യുന്നത് മലയാളികളാണെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്…” സീനിയര്‍ നഴ്‌സിങ് ഓഫീസറും ഡല്‍ഹി സ്‌റ്റേറ്റ് ഹോസ്പിറ്റല്‍ നഴ്‌സിങ് യൂണിയന്‍ എല്‍.എല്‍.ജെ.പി ആശുപത്രി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറി കൂടിയായ ജീമോള്‍ പറഞ്ഞു.