Monday, January 20, 2025

HomeMain Storyപിന്‍മാറാന്‍ പണം; കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി

പിന്‍മാറാന്‍ പണം; കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി

spot_img
spot_img

കാസര്‍കോട്: സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ പണം നല്‍കിയെന്ന പരാതിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതി അനുമതി. രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസെടുക്കാനും അനുമതി നല്‍കിയിട്ടുണ്ട്.

കാസര്‍കോട് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐ.പി.സി) 171 ബി വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് കോടതി വ്യക്തമാക്കി. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ഥി വി.വി രമേശന്റെ പരാതിയിലാണ് കേസെടുക്കാന്‍ അനുമതി നല്‍കിയത്. മഞ്ചേശ്വരം മണ്ഡലത്തില്‍ ബി.എസ്.പി ലേബലില്‍ പത്രികനല്‍കിയ കെ സുന്ദരക്ക് 2.5 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് പരാതി.

അതേസമയം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ പുതിയ വഴിത്തിരിവ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായി മൂന്ന് ജില്ലകളില്‍ വിതരണം ചെയ്ത ശേഷം കൈവശമുണ്ടായിരുന്ന 3.5 കോടിരൂപയാണ് കൊടകരയില്‍ വച്ച് കവര്‍ച്ച ചെയ്തതെന്ന നിര്‍ണായക വിവരം അന്വേഷണ സംഘത്തിനു ലഭിച്ചു.

ആകെ 9.5 കോടി രൂപയാണ് സംഘത്തിന്റെ കൈവശം ഉണ്ടായിരുന്നത്. തട്ടിയെടുത്ത മൂന്നരക്കോടി രൂപയുടെ മുക്കാല്‍ ഭാഗവും കെ സുരേന്ദ്രന്‍ മത്സരിച്ച കോന്നി മണ്ഡലത്തിലേക്കു വേണ്ടിയായിരുന്നെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. പണം കൊണ്ടു വന്നത് കര്‍ണാടകയില്‍ നിന്നാണെന്നും ഇതിനു പിന്നില്‍ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക് ആണെന്നുമുള്ള വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു.

സംഭവത്തില്‍ ഇതുവരെ 13 പേരെ അറസ്റ്റ് ചെയ്തു. 1.25 കോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങളൊന്നും കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. ഉറവിടം കണ്ടെത്തേണ്ടത് കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ആയതിനാല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന പൊലീസ് ഉടന്‍ ഇ.ഡിക്കു കൈമാറും.

പണം കൊണ്ടു വന്ന സംഭവത്തില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ധര്‍മ്മരാജനെ കൊള്ള നടന്ന ദിവസവും തലേന്നും തുടര്‍ച്ചയായി വിളിച്ചതിനാലാണ് ബി.ജെ.പി സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശിനെയും ഓഫീസ് സെക്രട്ടറി ഗിരീഷിനെയും പൊലീസ് സംഘം ചോദ്യം ചെയ്തത്. കൊടകര കുഴല്‍പ്പണക്കേസ് കേന്ദ്ര ഏജന്‍സിയായ ഇ.ഡിക്ക് കൈമാറുന്നതു സംബന്ധിച്ച വിവിധ വശങ്ങള്‍ പരിശോധിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

ഇക്കാര്യം അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസ് ഇ.ഡിക്കു കൈമാറാന്‍ കഴിയുമോ എന്നാണ് അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരോട് ചോദിച്ചത്. പണം തട്ടിയെടുക്കല്‍ കേസ് മാത്രമാണ് കൊടകര പൊലീസ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അത്തരം ഒരു കേസ് ഇ.ഡിക്ക് കൈമാറാന്‍ കഴിയില്ലെന്നും അത്തരം കേസുകള്‍ ഇ.ഡി ഏറ്റെടുക്കാറില്ലെന്നുമാണ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച ഉപദേശം. എന്നാല്‍ ഹവാല പണം എന്നതു സംബന്ധിച്ച കൂടുതല്‍ തെളിവു ലഭിച്ചാല്‍ മാത്രമേ പൊലീസിന് അത്തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments