Friday, July 26, 2024

HomeMain Storyചരിത്ര നിയോഗം പൂര്‍ത്തിയാക്കി നെടുമ്പാശേരിയുടെ ശില്‍പി വി.ജെ കുര്യന്‍

ചരിത്ര നിയോഗം പൂര്‍ത്തിയാക്കി നെടുമ്പാശേരിയുടെ ശില്‍പി വി.ജെ കുര്യന്‍

spot_img
spot_img

കൊച്ചി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് വി.ജെ കുര്യന്‍ പടിയിറങ്ങി. സിയാലിന്റെ 27 വര്‍ഷത്തെ ചരിത്രത്തില്‍ മൂന്ന് ഘട്ടങ്ങളിലായി 20 വര്‍ഷം എം.ഡിയായി സേവനമനുഷ്ഠിച്ചെന്ന റെക്കോര്‍ഡോടെയാണ് വി.ജെ കുര്യന്‍ ജൂണ്‍ 9ന് വിരമിച്ചത്.

അസാധ്യമായ കാര്യങ്ങള്‍ക്കുള്ള സൂത്രവാക്യമാണ് വി.ജെ കുര്യന്‍. പിന്‍വിളികള്‍ കേള്‍ക്കാത്ത കരുണാകരനെ പോലും അമ്പരിപ്പിച്ച ഈ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്റെ ഉറച്ച തീരുമാനമാണ് നെടുമ്പാശ്ശേരിയെ കേരളത്തിന്റെ പ്രവേശനകവാടമാക്കിയത്.

വികസന വിഷയങ്ങളില്‍ പതിറ്റാണ്ടുകള്‍ പിന്നിലോടിയിരുന്ന കേരളത്തിലിരുന്ന് അര നൂറ്റാണ്ട് മുന്നില്‍ ചിന്തിച്ച വി.ജെ കുര്യന്‍ അന്നേറ്റുവാങ്ങിയ കൂരമ്പുകള്‍ ഇന്ന് പൊന്‍ തൂവലുകളാണ്. 1999 ലാണ് അന്നോളം രാജ്യം ചിന്തിച്ചിട്ടു പോലുമില്ലാത്ത പൊതുസ്വകാര്യപങ്കാളിത്തമെന്ന ആശയം യാഥാര്‍ത്ഥ്യമാക്കി നെടുമ്പാശേശ്ശരി വിമാനത്താവളം വി.ജെ കുര്യന്റെ നേതൃത്വത്തില്‍ യാഥാര്‍ഥ്യമായത്.

വി.ജെ കുര്യന്‍ കുര്യന്‍ സെന്റ് ഓഫ് സമ്മേളനത്തിനുശേഷം സഹപ്രവര്‍ത്തകരോട് യാത്രപറയുന്നു

അടിസ്ഥാന സൗകര്യവികസനത്തില്‍ പൊതുജനപങ്കാളിത്തം, സൗരോര്‍ജ പദ്ധതി, വീടുനഷ്ടപ്പെട്ടവര്‍ക്കായി നടപ്പിലാക്കിയ പുനരധിവാസ പാക്കേജ്, കോര്‍പറേറ്റ് സാമൂഹ്യ പ്രതിബദ്ധത എന്നീമേഖലകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സിയാല്‍ മുന്നോട്ടുവച്ച മാതൃകകളാണ് കുര്യനെ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനാക്കിയത്.

അഡീഷണല്‍ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് 2016ല്‍ വിരമിച്ച അദ്ദേഹത്തോട് അഞ്ചുവര്‍ഷം സിയാല്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കാലാവധി ഇന്ന് അവസാനിച്ചു. 1983 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് കുര്യന്‍. പൊതുജന പങ്കാളിത്തത്തോടെ ഒരു വിമാനത്താവളം പണികഴിപ്പിക എന്ന ആശയം അവതരിപ്പിക്കുകയും തീവ്രമായ പരിശ്രമത്തോടെ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്തതാണ് കുര്യന്റെ ഏറ്റവും വലിയ സംഭാവന.

കുര്യന്റെ ആശയം അന്നത്തെ മുഖ്യമന്ത്രി കെ കരുണാകരന്‍ അംഗീകരിച്ചത് നിര്‍ണായകമായി. 1994ലാണ് വിമാനത്താവള നിര്‍മാണത്തിനായി സിയാല്‍ എന്ന കമ്പനി രൂപ വത്കരിച്ചത്. തുടര്‍ന്നുള്ള എല്‍.ഡി.എഎഫ് സര്‍ക്കാരും കുര്യന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. 1999ല്‍ രാജ്യത്തെ ആദ്യത്തെ പി.പി.പി. വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങി.

പിന്നീട്, ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ വിമാനത്താവളങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഈ മാതൃകയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. നെടുമ്പാശേരി വിമാനത്താവളം ഇന്ന്, നേരിട്ട് 12,000ല്‍ അധികം പേര്‍ക്കും പരോക്ഷമായി കാല്‍ലക്ഷം പേര്‍ക്കും തൊഴിലവസരം നല്‍കുന്നു.

19,000 ഓഹരിയുടമകളുണ്ട്. 2002-03 മുതല്‍ സിയാല്‍ ലാഭവിഹിതം നല്‍കിവരുന്നു. നാളിതുവരെ 282 ശതമാനം ലാഭവിഹിതം മടക്കിനല്‍ക്കിക്കഴിഞ്ഞു. 2019-20 ല്‍ ആദ്യമായി ലാഭം 200 കോടി രൂപ പിന്നിട്ടു. വിമാനത്താവളത്തിന്റെ ആസ്തി 382 കോടി രൂപയില്‍ നിന്ന് 2455 കോടി രൂപയായി വര്‍ധിച്ചു. പ്രതിവര്‍ഷം ഒരുകോടി യാത്രക്കാരാണ് സിയാലിലൂടെ കടന്നുപോകുന്നത്.

അടിസ്ഥാന സൗകര്യവികസനത്തില്‍ നിരന്തരം പരീക്ഷണങ്ങള്‍ നടത്താന്‍ വി.ജെ കുര്യന്‍ ശ്രദ്ധിച്ചിരുന്നു. 2015ല്‍ സിയാല്‍, ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായി മാറി. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി സംരക്ഷണ ബഹുമതിയായ ചാമ്പ്യന്‍സ് ഓഫ് ദ എര്‍ത്ത് പുരസ്‌ക്കാരം സിയാലിനെ തേടിയെത്തി. നിലവില്‍ 40 മെഗാവാട്ടാണ് സിയാലിന്റെ സൗരോര്‍ജ സ്ഥാപിതശേഷി.

2016-21 കാലഘട്ടത്തില്‍ മാത്രം 2016 കോടിരൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ സിയാലില്‍ നടന്നു. പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ പ്രവര്‍ത്തനാരംഭം, ആഭ്യന്തര ടെര്‍മിനല്‍ നവീകരണം, റണ്‍വെ റീസര്‍ഫസിങ്, വെള്ളപ്പൊക്ക നിവാരണപദ്ധതി എന്നിവ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മാത്രം നടപ്പിലാക്കി. കൊച്ചിന്‍ ഡ്യൂട്ടിഫ്രീ, സിയാല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡ്, സിയാല്‍ ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് എന്നിവ സിയാലിന്റെ ഉപകമ്പനികളാണ്.

മുവാറ്റുപുഴ സബ് കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച വി.ജെ കുര്യന്‍, ആലപ്പുഴ, എറണാകുളം ജില്ലാകളക്ടര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. ഔഷധി എം.ഡി ആയിരിക്കെ പ്ലാന്റുകളില്‍ ആധുനികവത്ക്കരണം നടപ്പിലാക്കി.

റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (ആര്‍.ബി.ഡി.സി.കെ) മാനേജിങ് ഡയറക്ടറായിരിക്കെ 65 റെയില്‍ ഓവര്‍ബ്രിഡ്ജുകളുടേയും 23 മേല്‍പ്പാലങ്ങളുടെയും പദ്ധതി ഏറ്റെടുത്തു. കൊച്ചിയിലെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ് നിര്‍മിച്ചു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ ഇലക്ട്രോണിക് ലേല പരിപാടി, സ്‌പൈസസ് പാര്‍ക്ക് എന്നിവ ആരംഭിച്ചു.

ഏറ്റെടുത്ത പദ്ധതികളിലെല്ലാം പ്രഫഷണല്‍ മികവും സാമൂഹ്യ പ്രതിബദ്ധതയും പ്രകടിപ്പിച്ച ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് കുര്യന്‍ വിലയിരുത്തപ്പെടുന്നത്. തൃശ്ശൂര്‍ ആലപ്പാട്ട് കുടുംബാംഗം മറിയാമ്മയാണ് ഭാര്യ. ഡോ. ജോസഫ് കുര്യന്‍, ഡോ. എലിസബത്ത് കുര്യന്‍ എന്നിവര്‍ മക്കളാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments