മുംബൈ: ‘വോയിസ് ഓഫ് വോയ്‌സ്‌ലെസ്’ എന്ന ഗാനത്തിലൂടെ വന്‍ ശ്രദ്ധ നേടിയ മലയാളി റാപ്പര്‍ വേടന്‍ തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്തുവന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടന്‍ മാപ്പ് പറഞ്ഞത്.
വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ‘ഫ്രം എ നേറ്റീവ് ഡോട്ടര്‍’ എന്ന സംഗീത ആല്‍ബം നിര്‍ത്തിവയ്ക്കുന്നതായി സംവിധായകന്‍ മുഹ്‌സിന്‍ പരാരി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളില്‍ ഖേദം പ്രകടിപ്പിച്ച് വേടന്‍ രംഗത്തെത്തിയത്.
തെറ്റ് തിരുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് പോസ്‌റ്റെന്ന് ‘വേടന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി പറഞ്ഞു. തന്നെ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള തന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴകള്‍ വേദനിപ്പിക്കുകയാണ്.
ആഴത്തില്‍ കാര്യങ്ങള്‍ മനസിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചതും സ്ത്രീകളെ വേദനിപ്പിച്ചു. ഇക്കാര്യങ്ങളില്‍ താന്‍ ഖേദിക്കുന്നുവെന്ന് വേടന്‍ പറയുന്നു. തന്റെ നേരെയുള്ള വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു. നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും മാപ്പ് പറയുന്നുവെന്നും വേടന്‍ കൂട്ടിച്ചേര്‍ത്തു.
ദി റൈറ്റിംഗ് കമ്പനിയുടെ ബാനറില്‍ നിര്‍മിക്കുന്ന മലയാളം ഹിപ്പ് ഹോപ്പ് ആല്‍ബമാണ് ഫ്രം എ നേറ്റീവ് ഡോട്ടര്‍. ഇതില്‍ പ്രധാന ഗായകനായി നിശ്ചയിച്ചിരുന്നത് വേടനെയായിരുന്നു.
വിഷയത്തില്‍ നീതിയുക്തമായ പരിഹാരം കാണുന്നതുവരെ മ്യൂസിക് വിഡിയോയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതായി മുഹ്‌സിന്‍ പരാരി ഇന്നലെ വ്യക്തമാക്കിയിരുന്നു.
വേടനെതിരായ ആരോപണം ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും സംഭവത്തില്‍ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണെന്നും മുഹ്‌സിന്‍ പറഞ്ഞിരുന്നു.
വേടനെതിരെ മീ ടൂ വിവാദവുമായി നിരവധി സ്ത്രീകളാണ് രംഗത്ത് വന്നത് ‘വിമന്‍ എഗൈന്‍സ്റ്റ് സെക്‌സ്ഷ്വല്‍ ഹരാസ്‌മെന്റ്’ എന്ന ഫേസ്ബുക് പേജിലൂടെയാണ് ഇരകളുടെ തുറന്നു പറച്ചില്‍. ജൂണ്‍ രണ്ടാം തിയതിയാണ് വിവാദം ആരംഭിച്ചതെങ്കിലും ആ പോസ്റ്റിനെ തുടര്‍ന്ന് പല പെണ്‍കുട്ടികളും ഇയാള്‍ക്കെതിരെ പിന്നീട് രംഗത്തു വന്നിരുന്നു.
താല്പര്യമില്ലെങ്കിലും സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും, സ്‌ക്വര്‍ട്ട് ചെയ്ത് തരട്ടെ എന്ന് പരിചയപ്പെട്ട ഉടനെ ചോദിക്കുമെന്നുമൊക്കെയാണ് വിവാദത്തില്‍ പറയുന്നത്.
വോയ്‌സ് ഓഫ് വോയിസ്‌ലെസ് എന്ന റാപ്പിലൂടെ സമൂഹത്തിലെ അസമത്വങ്ങളെ അവതരിപ്പിച്ച വേടന് പുരോഗമന ഇടങ്ങളില്‍ വലിയ ആരാധകരാണ് കുറഞ്ഞ കാലയളവില്‍ രൂപപ്പെട്ടത്. മലയാളത്തിലെ ദളിത് മുന്നേറ്റ നിരയുടെ ശബ്ദമായിട്ടാണ് ഇയാളെ പലരും വിലയിരുത്തിയിരുന്നത്.
വിവാദങ്ങള്‍ എല്ലാം സത്യമാണെന്നും അതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടെന്നുമൊക്കെ പറഞ്ഞ് വേടന്‍ തന്നെ ഇതിനെതിരെ പ്രതികരിച്ചിരുന്നെങ്കിലും അതിനു ശേഷവും പലരും തങ്ങളുടെ അനുഭവം തുറന്നു പറഞ്ഞുകൊണ്ട് രംഗത്തു വരികയായിരുന്നു. മാപ്പപേക്ഷിച്ചത് കൊണ്ട് ചെയ്ത തെറ്റുകള്‍ തെറ്റല്ലാതാവില്ലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
വേടന്‍ എന്ന റാപ്പറെപ്പറ്റി ഒന്നില്‍ കൂടുതല്‍ സ്ത്രീകള്‍ മോശം അനുഭവം പങ്ക് വെച്ചിരിക്കുന്നു. ഇദ്ദേഹം പ്രസിദ്ധനായ ഒരു കലാകാരനായതുകൊണ്ടും കുറെ ആരാധകരുള്ളതുകൊണ്ടുമാണ് ഇത്തരം ഒരു പ്ലാറ്റ്‌ഫോമിലൂടെ കാര്യം പറയുന്നത്. വേടനുമായി ഇടപെട്ടിട്ടുള്ള സ്ത്രീകള്‍ താഴെ പറയുന്ന മോശം അനുഭവങ്ങള്‍ പങ്ക് വയ്ക്കാന്‍ ആഗ്രഹിക്കുന്നു.
- ”സ്‌ക്വര്‍ട്ട് ചെയ്ത് തരട്ടെ..?” എന്നുള്ള ചോദ്യങ്ങള്‍ സാധാരണ സംസാരത്തിനിടയില്‍ അല്ലെങ്കില്‍ പരിചയപ്പെട്ട് കഴിഞ്ഞാലുടന്‍ ചോദിക്കുക.
- മദ്യപിച്ചിരിക്കുന്നതായ സമയത്ത് സെക്‌സിന് വേണ്ടി സമീപിക്കുക (ഉമ്മ വയ്ക്കാന്‍ പോലും താല്‍പര്യമില്ല എന്ന് പല തവണ വ്യക്തമാക്കിയതിന് ശേഷവും)
- സെക്ഷ്വല്‍ ആയ ബന്ധത്തിന് താല്‍പര്യമില്ല എന്ന് പറഞ്ഞ് കഴിഞ്ഞാലും അതിന് പിന്നെയും സമീപിക്കുക.
- സെക്‌സ് ചെയ്യുമ്പോള്‍ വേദന ഉണ്ട് എന്ന് പറഞ്ഞാലും അത് നിര്‍ത്താതെ കൂടുതല്‍ വേദന ഉണ്ടാകുന്ന തരത്തില്‍ തുടരുക.
- തങ്ങള്‍ തമ്മില്‍ സെക്‌സ് നടന്നിരുന്നു എന്ന് കൂട്ടുകാരോട് കള്ളം പറയുക.
- സെക്ഷ്വല്‍ റിലേഷന്‍ഷിപ്പില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തെറ്റായ കഥകള്‍ സുഹൃദ്‌വലയങ്ങളില്‍ പ്രചരിപ്പിക്കുക.