ലണ്ടന്‍: ചൈനയുടെ ആഗോള സംരംഭങ്ങള്‍ക്കെതിരെ മത്സരിക്കാന്‍ വികസ്വര രാജ്യങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനു പ്രത്യേക പദ്ധതിയുമായി ജി7 ഉച്ചകോടിയില്‍ രാഷ്ട്ര തലവന്‍മാര്‍. ചൈനയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയുള്ള അഭിപ്രായ രൂപീകരണവും ഉച്ചകോടിയില്‍ നടന്നു.
ചൈനയില്‍ നിലവിലുള്ള നിര്‍ബന്ധിത സേവനം അടക്കമുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ജനാധിപത്യ രാഷ്ട്രങ്ങളിലെ നേതാക്കള്‍ കൂടുതല്‍ വിപുലമായ തരത്തില്‍ ഒത്തുചേരണമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ചൈനയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്ന അഭിപ്രായം ഉയരുമ്പോഴും ഇതിന്റെ തീവ്രത സംബന്ധിച്ചും രാഷ്ട്രങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായം നിലനില്‍ക്കുകയാണ്.
ശനിയാഴ്ചത്തെ ജി7 ഉച്ചകോടിയുടെ ആദ്യ സെഷനില്‍ കാനഡ, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ബൈഡനു പൂര്‍ണ പിന്തുണ നല്‍കിയപ്പോള്‍ ജര്‍മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ വിമുഖത കാട്ടിയെന്നാണു റിപ്പോര്‍ട്ട്. ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രങ്ങള്‍ സ്വീകരിക്കേണ്ട നിലപാടുകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ഉച്ചകോടി അവസാനിച്ചതിനു ശേഷമേ വ്യക്തമാകൂ.
ആദ്യമായി പങ്കെടുക്കുന്ന ജി7 ഉച്ചകോടിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദ്രാഗി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ എന്നിവരുമായി ജോ ബൈഡന്‍ പ്രത്യേക സംവാദങ്ങള്‍ നടത്തിയിരുന്നു.
വംശീയ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ചൈനയില്‍ നിലനില്‍ക്കുന്ന നിര്‍ബന്ധിത സേവന വ്യവസ്ഥകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്കെതിരെ ജി7 രാഷ്ട്രങ്ങള്‍ ശബ്ദം ഉയര്‍ത്തണമെന്നാണു ബൈഡന്റെ ആവശ്യം എന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.