മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21 കാരിയെ യുവാവ് വീട്ടില്‍ കയറി കുത്തിക്കൊന്നു.ആക്രമണം തടുക്കാന്‍ ശ്രമിച്ച സഹോദരിക്ക് പരുക്കേറ്റു. പെരിന്തല്‍മണ്ണ എളാട് കൂഴംതുറ ചെമ്മാട്ടില്‍ ദൃശ്യയാണ് കൊല്ലപ്പെട്ടത്.
യുവാവിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ (13)യെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെന്ന് സംശയിക്കുന്ന വിനീഷ് വിനോദിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ അതിക്രമിച്ചുകയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്.
ദൃശ്യക്കൊപ്പം മുറിയിലുണ്ടായിരുന്ന ദേവശ്രീയെയും ഇയാള്‍ കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. ദൃശ്യ പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് വിനീഷിനെ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് നല്‍കുന്ന സൂചന.
കഴിഞ്ഞദിവസം ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ സി.കെ സ്‌റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. വിനീഷ് തന്നെയാണ് സ്ഥാപനത്തിന് തീയിട്ടതെന്നാണ് പോലീസ് സംശയിക്കുന്നത്.