ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഐ.ടി നിയമങ്ങള്‍ മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണെന്ന യു.എന്‍ വിമര്‍ശനത്തിന് മറുപടിയുമായി ഇന്ത്യ.
ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കപ്പെട്ടതാണെന്നും അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും യു എന്നിലെ ഇന്ത്യന്‍ മിഷന്‍ മറുപടി നല്‍കി. എല്ലാ കൂടിയാലോചനകള്‍ക്കും ശേഷമാണ് പുതിയ ഐ.ടി ചട്ടങ്ങള്‍ നടപ്പാക്കിയത്.
അഭിപ്രായസ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഐ.ടി ചട്ടങ്ങളില്‍ ഇന്ത്യ മാറ്റം വരുത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധിസമിതി അഭ്യര്‍ത്ഥിച്ചിരുന്നു. ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ കേന്ദ്രം നിയന്ത്രണം ശക്തമാക്കുമ്പോഴാണ് ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍.
ഇന്ത്യ നടപ്പാക്കുന്ന ഐടി ചട്ടങ്ങളിലെ പല നിര്‍ദ്ദേശങ്ങളും മനുഷ്യാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിമര്‍ശനം. ഇതില്‍ ആശങ്കയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് കൈമാറിയ ഏഴുപേജുള്ള കത്തില്‍ ഐക്യരാഷ്ട്ര സഭാ പ്രതിനിധികള്‍ വ്യക്തമാക്കുന്നു.
അതേസമയം പൊതുജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ ശേഷമാണ് പുതിയ ചട്ടങ്ങള്‍ ഉണ്ടാക്കിയതെന്ന മറുപടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഐക്യരാഷ്ട്രസഭക്ക് നല്‍കിയത്. ഐ.ടി ചട്ടം നടപ്പാക്കിയില്ലെങ്കില്‍ ട്വിറ്ററിന് രാജ്യത്ത് സംരക്ഷണമുണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍.