കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജിയെ വിജിലന്‍സ് സംഘം വീണ്ടും ചോദ്യം ചെയ്യും.
നേരത്തെ പണം കണ്ടെത്തിയ വിഷയത്തില്‍ അന്വേഷണ സംഘത്തിന് ഷാജി സമര്‍പ്പിച്ച രേഖകള്‍ പലതും വ്യാജമാണോ എന്ന സംശയത്തിന്‍മേലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പോകുന്നത്. ഷാജിയുടെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി 50 ലക്ഷത്തോളം രൂപ കണ്ടെടുത്തിരുന്നു.
ഇത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പിരിച്ചതാണ് എന്നാണ് ഷാജി പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ മിനുട്‌സും പിരിച്ച രസീറ്റിന്റെ കൗണ്ടര്‍ഫോയിലും സമര്‍പ്പിക്കുകയും ചെയ്തു.
ഈ രേഖകള്‍ തെളിവിന് വേണ്ടി പിന്നീട് സൃഷ്ടിച്ചതാണോ എന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
പണം, സ്വര്‍ണം, വിദേശ കറന്‍സി എന്നിവയാണ് അന്വേഷണ സംഘം റെയ്ഡിനിടെ ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. വിദേശ കറന്‍സി മക്കളുടെ ശേഖരമാണ് എന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണ സംഘം തിരിച്ചു നല്‍കി. എന്നാല്‍ പണത്തിന്റെ സോഴ്‌സ് കാണിക്കാന്‍ ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റിയാണ് പണം പിരിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ഷാജിയുടെ മൊഴി. കമ്മിറ്റിയുടെ യോഗ മിനുട്‌സ് ഇതിന് തെളിവായി നല്‍കി.
പണം പിരിച്ച ശേഷം തയ്യാറാക്കിയ കൗണ്ടര്‍ ഫോയിലാണോ സമര്‍പ്പിച്ചത് എന്ന് വിജിലന്‍സ് സംശയിക്കുന്നു. ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ചതിനാല്‍ അന്വേഷണം നിലച്ചിരുന്നു. അതാണ് വീണ്ടും ചോദ്യം ചെയ്യല്‍ വൈകിയത്. ഇപ്പോള്‍ വീണ്ടും നടപടികള്‍ വേഗത്തിലാക്കുകയാണ്.