തിരുവനന്തപുരം: കോവിഡ് മരണപ്പട്ടികയിലെ അപാകത പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ജനങ്ങള്‍ക്ക് പരമാവധി സഹായം കിട്ടാന്‍ ആവശ്യമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. മരണകാരണം നിശ്ചയിക്കുന്നത് ഡോക്ടര്‍മാര്‍ തന്നെയാണ്. സര്‍ക്കാറിന് മറച്ചുവെക്കാന്‍ ഒന്നുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കെ കേരളത്തില്‍ കോവിഡ് മരണങ്ങള്‍ പൂര്‍ണമായി ഉള്‍പ്പെടുത്തിയിട്ടില്ലെന്ന ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന ഒന്നിനും സര്‍ക്കാര്‍ തടസ്സം നില്‍ക്കില്ല. ഡബ്ല്യു.എച്ച്.ഒയുടെയും ഐ.സി.എം.ആറിന്‍െറയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നത്. ഏത് ആശുപത്രിയിലാണോ മരണം സംഭവിക്കുന്നത് അവിടെനിന്ന് ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ മുഖേനയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് ജില്ലതലത്തില്‍ പരിശോധിച്ച് 24 മണിക്കൂറിനകം സ്ഥിരീകരിക്കും.
നിലവില്‍ കോവിഡ് മരണങ്ങളെക്കുറിച്ച് സര്‍ക്കാറിന് പരാതി കിട്ടിയിട്ടില്ല. നേരത്തേ ഏതെങ്കിലും ഒറ്റപ്പെട്ട മരണം വിട്ടുപോയിട്ടുണ്ടെങ്കില്‍ അന്വേഷിക്കും. നഷ്ടപരിഹാരം കിട്ടേണ്ട വ്യക്തിഗത കേസുകളുണ്ടെങ്കില്‍ അത് പരിഗണിക്കും. മരണപ്പെട്ടവരുടെ പേര് പ്രസിദ്ധീകരിക്കുന്നതും ആലോചിക്കും.
പ്രതിപക്ഷ നേതാവ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും പരിഗണിക്കും. മുന്‍കാലങ്ങളിലെ മരണവും കോവിഡ് വന്ന കാലയളവിലെ മരണവും തമ്മില്‍ താരതമ്യപ്പെടുത്തുന്നതും പരിശോധിക്കുമെന്നും മന്ത്രിയുടെ പറഞ്ഞു.