കൊച്ചി: രാജ്യത്തെ ജനങ്ങള്‍ കൊവിഡ് ദുരിതത്തിനിടെയില്‍ പ്രതിസന്ധി അനുഭവിക്കുമ്പോഴും പെട്രോള്‍ വില കുതിക്കുകയാണ്. ഇന്നും പെട്രോളിന് ലിറ്ററിന് 35 പൈസ വര്‍ദ്ധിപ്പിച്ചു.
ഇതോടെ തിരുവനന്തപുരത്ത് 101.14 രൂപയായി. കൊച്ചിയില്‍ 99.38 രൂപയുമായി. കോഴിക്കോട് ജില്ലയില്‍ 99.65 രൂപയുമായി. കഴിഞ്ഞ ആറ് മാസത്തിനിടെ 59-ാം തവണയാണ് രാജ്യത്ത് ഇന്ധനവില വര്‍ദ്ധിക്കുന്നത്.
ഇന്ത്യയിലെ 12ഓളം സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 മുകളിലായിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് വിലക്കയറ്റം തടഞ്ഞുവയ്ക്കാന്‍ കേന്ദ്രത്തിന് സാധിച്ചിരുന്നു.
കഴിഞ്ഞ മേയ് നാല് മുതല്‍ 33 തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചത്. ജനങ്ങളെ പൊറുതിമുട്ടിച്ച് ഇന്ധന വില കുതിച്ചുയരുകയാണ്.
കൊവിഡ് കാലത്തും ജനങ്ങളെ പ്രതിസന്ധിയിലാക്കി ഇന്ധനവില വര്‍ദ്ധിക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് വില പിടിച്ചുനിര്‍ത്താനാവുമെങ്കില്‍ പിന്നെ എന്തുകൊണ്ട് മറ്റ് ദിവസങ്ങളില്‍ ആയിക്കൂടാ എന്ന ചോദ്യമാണ് പ്രധാനമായി ഉയരുന്നത്.
ഇന്ധനവില വര്‍ദ്ധനവിനെതിരെ കേരളത്തില്‍ ജൂണ്‍ 30ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നു.